അയലാ പൊരിച്ചതുണ്ട്
കരിമീൻ വറുത്തതുണ്ട്
കുടംപുളിയിട്ടു വച്ച നല്ല-
ചെമ്മീൻ കറിയുണ്ട്....
എന്ന് എൽ.ആർ ഈശ്വരി പാടുമ്പോൾ അറിയാതെ നമ്മുടെ നാവിൻ തുമ്പിലൂറുന്നത് രുചിയുടെ കൊതിപ്പിക്കുന്നൊരു ത്രസിപ്പാണ്. മീൻ കൊണ്ടു ള്ള വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളുടെ മോഹിപ്പിക്കുന്ന കലവറയിലേക്കുള്ള ഓർമകളുടെ ചെപ്പ് തുറക്കുകയാണിവിടെ. അത് നമ്മെ ആഹ്ലാദിപ്പിക്കുകയും ഉത്സാഹഭരിതരാക്കുകയും ചെയ്യും.
ഭക്ഷണം മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പലപ്പോഴും രുചിയുള്ള ഭക്ഷണത്തിന്റെ ഉപാസകരാണ് നമ്മൾ. ഈ സത്യം ഏറ്റവും അധികം തിരിച്ചറിഞ്ഞവർ ഒരുപക്ഷെ, നമ്മുടെ സാഹിത്യകാരൻമാരായിരിക്കും. മലയാളത്തിലെ എഴുത്തുകാരുടെ പല കഥകളിലൂടെയും നോവലുകളിലൂടെയും സൂക്ഷ്തയോടെ കടന്നു പോകുമ്പോൾ ഭക്ഷണവുമായി ബന്ധപ്പെടുന്ന വ്യത്യ സ്ത വൈകാരിക മുഹൂർത്തങ്ങളെ ഏറ്റവും തൻമയത്വത്തോടെ അവർ വായനക്കാർക്കായി കരുതി വെച്ചതു കാണാം. ഭക്ഷണത്തിലൂടെ, അതു കഴിക്കുന്ന സന്ദർഭത്തിലൂടെ ജീവിതത്തിന്റെ വിവിധ ഭാവങ്ങളെയാണ് അവർ നമുക്കു മു മ്പിൽ അനാവരണം ചെയ്യുന്നത്. ഭക്ഷണവുമായി ബന്ധപ്പെടുത്തിയുള്ള അടയാളപ്പെടുത്തലാവും മലയാളിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുക എന്ന വ്യക്തമായ തിരിച്ചറിവായിരിക്കണം അവരെ തങ്ങളുടെ കൃതികളിൽ അത്ത രം രംഗങ്ങൾ കൂടുതലായി കൊണ്ടു വരാൻ പ്രേരിപ്പിക്കുന്നത്.
മലയാള സാഹിത്യത്തിലെ എക്കാലത്തേയും വലിയ സുൽത്താൻ, വൈക്കം മുഹമ്മദ് ബഷീർ ഉള്ള ഭക്ഷണം എല്ലാവർക്കും പങ്കിട്ടു നൽകി കഴിക്കണമെന്ന വലിയ പാഠമാണ് മുന്നോട്ടു വച്ചത്. ഭക്ഷണ കാര്യത്തിൽ ഉള്ളവ നും ഇല്ലാത്തവനും എന്ന വിവേചനത്തെ അദ്ദേഹം ചോദ്യം ചെയ്തു. മനുഷ്യരിൽ വിശക്കുന്നവനും വിശക്കാത്തവനും എന്ന രണ്ടു വർഗം മാത്രമെയു ള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. വിശപ്പിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന അനുഭവമാണ് താൻ കഴിക്കുമ്പോൾ തനിക്കൊപ്പമുള്ളവരെയും കൂടെ ഭക്ഷണം കഴിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ജീവിച്ചിരുന്നപ്പോൾ, തന്നെ സന്ദർശിച്ച ഒരാളെപോലും അദ്ദേഹം സൽക്കരിക്കാതെ വിട്ടിട്ടി ല്ല എന്നത് ഒരു സത്യമാണല്ലോ! കുറഞ്ഞ പക്ഷം അവർക്കൊക്കെ ഒരു സു ലൈമാനിയെങ്കിലും അദ്ദേഹം നൽകിയിരുന്നു. ഇതാ ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു ധന്യനിമിഷം അദ്ദേഹത്തിന്റെ പാത്തുമ്മായുടെ ആട് എന്ന നോവലിൽ നിന്ന്-
...ഞാൻ ഒരു കൈതച്ചക്കയുടെ പകുതി മുറിച്ചു തൊലി ചെത്തിക്കൊണ്ടിരിക്കുമ്പോൾ പാത്തുമ്മായുടെ ആട് ജനലിനടുത്തും പിള്ളേര് വാതിൽ ക്കലും ഹാജരായി. ഏത്തപ്പഴവും ചുണ്ടില്ലാക്കണ്ണനും നെയ്യും എല്ലാം പുട്ടിൽ ചേർത്ത് കുഴച്ച് പിള്ളേർക്ക് ഓരോ ഉരുള കൊടുക്കും. കൈതച്ചക്കയുടെ ഓരോ കഷണവും...പലഹാരം തിന്നിട്ട് പഴത്തൊലിയും മറ്റും പാത്തുമ്മായുടെ ആടിനു കൊടുക്കും.
മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായിരുന്ന മലയാറ്റൂർ രാമകൃഷ്ണന്റെ വേരുകൾ എന്ന നോവലിലെ ഒരു ഭാഗം ഇങ്ങനെയാണ്-
രഘു ഊണു കഴിച്ചു തീർത്തു. ടവ്വലിൽ കൈ തുടക്കുമ്പോൾ അയാൾ ചോദിച്ചു:
-ഇന്നയ്ക്ക് സാമ്പാർ വച്ചത് അമ്മ താനേ?
-ആമാം. ഉനക്കെപ്പിടി തെരിഞ്ചിത്?
-അമ്മ കൈയാലെ വയ്ക്കറ സാമ്പാറും കറിയും എനക്ക് തെരിയാതാ. രാമയ്യർ വച്ച സാമ്പാർ ഇവ്വളവു നന്നായിരിക്കുമാ?
അമ്മയുടെ മുഖം നിർവൃതിയുടെ ചിത്രമായി മാറി.
വെറുതെ അമ്മയെ സുഖിപ്പിക്കുന്ന ഒരു മകനെയല്ല നാമിവിടെ കാണുന്നത്. വളരെ കാലമായി അവന് വേണ്ടി ജീവിച്ച ഒരമ്മയുടെയും ആ അമ്മ യെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു മകന്റെയും ചിത്രമാണിത്. ഒപ്പം ആ മകന് വേണ്ടി വച്ചു വിളമ്പാൻ നിൽക്കാതെ ക്ലബ്ബിലും മറ്റും കറങ്ങി നടക്കുന്ന പരിഷ്‌കാരിയും പണക്കാരിയുമായ മരുമകളെ ഓർത്ത് വിമ്മിട്ടപ്പെടുന്ന ഒരമ്മയുടെ മനസും നമുക്കിവിടെ വായിച്ചെടുക്കാം. ഭാര്യ-ഭർതൃ ബന്ധത്തിലെ പൊരുത്തക്കേടുകളുടെ സൂചനയും ഭക്ഷണത്തെ കുറിച്ചുള്ള ഈ ഹ്രസ്വസംഭാഷണത്തിലൂടെ മലയാറ്റൂർ വരച്ചിടുന്നുണ്ട്.
ഭക്ഷണം ആധാരമാക്കി ബാല്യത്തിന്റെ നിഷ്‌കളങ്കതയും ദാരിദ്ര്യത്തി ന്റെ കാഠിന്യവും വ്യക്തമാക്കാൻ ഒരു കഥ 'സദ്യ' എന്ന പേരിൽ പി.കെ. പാറ ക്കടവ് എഴുതിയിട്ടുണ്ട്. വീട്ടിൽ ഒരു മരണം നടക്കുമ്പോഴാണ് തനിക്ക് ന ല്ലൊരു ഭക്ഷണം കിട്ടുന്നതെന്ന തിരിച്ചറിവാണ് കഥയിലെ ബാലനുള്ളത്. അല്ലാത്തപ്പൊഴൊക്കെ അവനെ പൊതിയുന്നത് പട്ടിണിയും പരിവട്ടവുമാണ്. ഈ കഥയിൽ ഭക്ഷണം, നമ്മേ വല്ലാതെ പിടിച്ചു കുലുക്കുന്ന ഒരു മാനസിക ഭാവത്തിലേക്ക് എടുത്തെറിയുകയാണ് ചെയ്യുന്നത്. സദ്യ എന്ന കഥയിൽ നിന്ന് ഒരു ഭാഗമിതാ-
...കുട്ടി കണ്ണു തിരുമ്മി നോക്കുമ്പോൾ ഉപ്പ പൊതിഞ്ഞ ഒരു വെള്ളത്തുണിയായി കൂട്ടിക്കെട്ടിയ രണ്ടു ബഞ്ചിൻമേൽ നീണ്ടുനിവർന്നു കിടക്കുകയാണ്.
കത്തിച്ചു വച്ച ചന്ദനത്തിരി അവനോട് പറഞ്ഞു-ഇത് മരണത്തിന്റെ ഗന്ധമാണ്.
.....മൂന്നാം നാൾ-
മുറ്റത്ത് അങ്ങാടിയിൽനിന്ന് കൊണ്ടു വന്ന മേശപ്പുറത്ത് നെയ്‌ച്ചോറും ഇറച്ചിയും. ആളുകൾ ഉറക്കെ വർത്തമാനം പറഞ്ഞ് ഭക്ഷണം കഴിക്കുന്നു.
കുട്ടിയെ ആരോ കൈ പിടിച്ച് മേശക്ക് മുന്നിലിരുത്തുന്നു. ചൂടുള്ള നെയ്‌ച്ചോറും ഇറച്ചിയും കൊതി തീരും വരെ തിന്നതിനുശേഷം കൈകഴുകി കുട്ടി നേരെ അകത്തേക്ക്.
അകത്ത്, ഇരുട്ടിന് തനിയെ കൂട്ടിരിക്കുന്ന അവന്റെ ഉമ്മയുടെ മടിയിലേക്കു കയറി അവൻ ചോദിക്കുന്നു-
ഉമ്മാ, ഉമ്മ എപ്പാ മരിക്ക്വാ?
കേളൻ മേസ്ത്രി കാപ്പിക്കടക്കാരൻ കേളുവിന്റെ പീടികയിൽ ഇരിക്കുകയായിരുന്നു. ഒരണ കൊടുത്താൽ ഒന്നാന്തരം വെല്ലച്ചായയും മഞ്ഞളിട്ട് വേവിച്ച് വെളിച്ചെണ്ണയിൽ കായ് മുളകും കടുകും വറുത്തിട്ട കിഴങ്ങ് പുഴുക്കും അവിടെ കിട്ടും - എം.മുകുന്ദന്റെ പ്രസിദ്ധമായ കുട നന്നാക്കുന്ന ചോയി എന്ന നോവലിൽ നിന്നുള്ള ഒരു ഭാഗമാണിത്.
ഒരു കാലത്ത് നമ്മുടെയൊക്കെ നാട്ടുമ്പുറങ്ങളുടെ നാഡി സ്പന്ദമായിരുന്നു ഇത്തരം ചായപ്പീടികകൾ. അവിടുത്തെ ചായയും കാപ്പിയും കുടിച്ചും രുചിയേറിയ നാടൻ വിഭവങ്ങൾ കഴിച്ചും കൊണ്ടാണ് ആളുകൾ സൗഹൃദ കൂട്ടായ്മകൾ ഉണ്ടാക്കിയതും നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളും പങ്കുവച്ചതും. രുചികൊണ്ട് കൊതിപ്പിക്കുന്ന ഭക്ഷണം തന്നെയായിരുന്നു ആളുകളെ അങ്ങോട്ടാകർഷിച്ച പ്രധാന ഘടകം. അത്തരം ഒരു ഭക്ഷണ കാലം നിലനിന്നിരുന്ന ഹൃദ്യമായ ഓർമകളിലൂടെ, അപ്രത്യക്ഷമാകുന്ന ഒരു നാട്ടു സംസ്‌കൃതിയിലേക്ക് ഗൃഹാതുരതയോടെ നമ്മേ കൂട്ടികൊണ്ടു പോകുകയാണ് ഇ വിടെ മുകുന്ദൻ. ഒപ്പം പുതിയ കാലത്ത് അത്തരം ഭക്ഷണവും അതു കിട്ടുന്ന ഇടങ്ങളും അതുവഴി ഉണ്ടായ സ്‌നേഹസൗഹൃദങ്ങളുടെ ഊഷ്മളതയും ന ഷ്ടപ്പെട്ടു പോകുന്നതിന്റെ വേവലാതിയും മുകുന്ദൻ പങ്കുവെയ്ക്കുന്നു.
ഭക്ഷണം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നിറവായി മാറുന്ന അനുഭവമാണ് പലപ്പോഴും പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ എഴുത്തിൽ പ്രകടമാകുന്നത്. തീറ്റ, തൃപ്തിയും ആഹ്‌ളാദവും ആവേശവും പകരുന്ന രുചി കാഴ്ചയായി തന്റെ കൃതികളിൽ കൊണ്ടു വരാനാണ് അദ്ദേഹത്തിന് ഇഷ്ടം എന്നു കാണാൻ പ്രയാസമില്ല. പിശുക്കില്ലാത്ത, ദൗർലഭ്യമില്ലാത്ത ഒന്നായി ഭ ക്ഷണത്തെ കാണാനാണ് പുനത്തിലിന്റെ ശ്രമം. ഭക്ഷണം കഴിക്കൽ അദ്ദേഹത്തിന് ആനന്ദപൂർണമായ ഒരു ആഘോഷം പോലെയാണ്. ഇതാ പ്രസിദ്ധമായ സ്മാരകശിലകൾ എന്ന നോവലിൽ നിന്നും ഒരു ഭാഗം-
-മൂസ മുസലിയാർ കാലും മുഖവും കഴുകി ഒരിരുപ്പാണ്. സാനിൽ നിറച്ച നാഴിയരിയുടെ വടക്കനരിച്ചോറും തേങ്ങയരച്ചു കുറുക്കി വറ്റിച്ച മീൻകറിയും ഉപ്പിലിട്ട മാങ്ങയും കൂട്ടി ഒരു തീറ്റയുണ്ട്. അപ്പൊഴേക്കും മുസലിയാർ വിയർക്കും.
കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും വറുതിയിൽ അസ്വസ്ഥമാകുന്ന മനസുകളുടെ ദയനീയമായ നേർ ചിത്രങ്ങളാണ് ഭക്ഷണവുമായി ബന്ധപ്പെട്ട് എം.ടി.വാസുദേവൻ നായർ ഏറെയും അവതരിപ്പിച്ചിട്ടുള്ളത്; പ്രത്യേകിച്ചും ആദ്യകാല കഥകളിലും നോവലുകളിലും. നിറസദ്യ എന്നത് ഒരു സ്വപ്നം പോലെ മനസിൽ കൊണ്ടു നടക്കുന്നവരാണ് എം.ടി ഇക്കാലത്തെഴുതിയ കൃതികളിലെ മിക്കവാറും കഥാപാത്രങ്ങൾ. ഭക്ഷണം അവർക്ക് വേദന ഊറുന്ന അനുഭവമാണ്. ഒരു പിറന്നാളിന്റെ ഓർമ എന്ന കഥ അതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ ആദ്യകാല നോവലുകളിലൊന്നായ അസുരവിത്തിൽ നിന്നും ഇതാ ഏതാനും വരികൾ-
...കിണ്ണം നിറയെ കുമ്മട്ടിക്കായ വെച്ച എരുവില്ലാത്ത കൂട്ടാനും ഒരരുകിൽ പേരിനു മാത്രം ചോറും കുഞ്ഞ്യോപ്പോള് മുന്നിൽ കൊണ്ടുവന്നു വെയ് ക്കുമ്പോൾ ഗോവിന്ദൻകുട്ടിയുടെ മനസിൽ പുത്തരി സദ്യ ഒരു സ്വപ്നമായി തങ്ങി നിൽക്കും......ഒരിക്കൽ ഗോവിന്ദൻകുട്ടി ഉണ്ണാൻ തുടങ്ങുന്നതിന് മുമ്പ് ചോറ് അമർത്തി കുത്തി കിണ്ണത്തിന്റെ വക്കത്തേക്കു മാറ്റിവെച്ചു. നാലുരളയ്ക്കില്ല. വാതിലിനടുത്ത് താഴെ പലകയിട്ടിരുന്ന അമ്മ തന്റെ മനസു വായിച്ചു കൊണ്ടു പറഞ്ഞു- ഇത്തിരിയെ ചോറുള്ളു, അല്ലേടാ? മിഥുനം കർക്കടകം കാലല്ലേ? കൊയ്ത്ത് തുടങ്ങുന്നതുവരെ ഇത്തിരി ബുദ്ധിമുട്ടാതാവ്വോ?
എല്ലാ തകർച്ചയിൽ നിന്നും ദുരന്തത്തിൽ നിന്നും ഉയിർത്തെഴുന്നേൽപിനായുള്ള പ്രത്യാശയും പ്രചോദനവുമായാണ് ടി. പത്മനാഭന്റെ കഥകളിൽ പ ലപ്പോഴും ഭക്ഷണമെത്തുന്നത്. നിരാശപൂർണമായ അനുഭവങ്ങളിൽ മനസ് നൊന്ത് ആത്മഹത്യയുടെ വക്കിലെത്തിയ ആളെ ജീവിതത്തെ കുറിച്ച് ഒരു പുനർചിന്തനത്തിന് പ്രേരിപ്പിക്കും വിധം പ്രാപ്തനാക്കുന്നുണ്ട് പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന കഥ. പ്രത്യേകിച്ചും കഥയിലെ പെൺകുട്ടി ക ഥാനായകനെ നിർബന്ധിച്ചു ചോക്കലേറ്റു കഴിപ്പിക്കുന്ന സാഹചര്യം. ഇട്ടേച്ചു പോകാൻ തുനിഞ്ഞ ജീവിതത്തിലേക്കു പ്രകാശം പരത്തി തിരിച്ചു വരാനുള്ള പ്രേരണയാണ് അതുവഴി അവൾ അയാളിൽ സൃഷ്ടിച്ചെടുക്കുന്നത് എന്നു കാണാം. കഥയിൽ നിന്നും-
......അനുജന്റെ കീശയിൽ നിന്നും ഒരു ചോക്കലേറ്റ് പാക്കറ്റെടുത്ത് അവൾ പൊളിച്ചു. എനിക്കും തന്നു.
മരിക്കാൻ പോകുന്ന എനിക്കാണ് അവൾ ചോക്കലേറ്റു സൽക്കരിക്കുന്നത് എന്നോർത്തപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഞാൻ പറഞ്ഞു : വേണ്ട കുട്ടി....എനിക്കു വേണ്ട.
എങ്കിലും അവൾ വിട്ടില്ല :
അതെന്താ നിങ്ങൾ ചോക്കലേറ്റു തിന്നില്ലേ? നിങ്ങൾക്കിഷ്ടമല്ലേ?
അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ ചോക്കലേറ്റു തിന്നു.
ഒ.വി. വിജയന്റെ പ്രസിദ്ധമായ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിൽ നായകനായ രവിക്ക് ഖസാക്കിലെ ഏകാധ്യാപക വിദ്യാലയത്തിൽ ആദ്യമായി ഒരുക്കിയ ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു ഭാഗം ഇങ്ങനെയാണ്-
രണ്ടു ഗോമാങ്ങ, നനഞ്ഞു പരന്ന നാലിഡ്‌ലി, മുളകുപൊടി, എരുമപ്പാലൊഴിച്ചു കൊഴുപ്പിച്ച കാപ്പി ഒരു കൂജ നിറയെ. ഇത്രയും വച്ചാണ് ശിവരാമൻ നായർ തിരിച്ചു പോയത്. വിശക്കുന്നുണ്ടായിരുന്നു. അതു കൊണ്ട് നല്ല രുചി തോന്നി-
വിശക്കുന്നതു കൊണ്ടു മാത്രമാണ് അയാളാ ഭക്ഷണം കഴിക്കുന്നത്. അല്ലാതെ അയാൾക്കിഷ്ടപ്പെട്ടിട്ടല്ല. ഒന്നിനേയും ഇഷ്ടപ്പെടാത്ത ഒരു തരം ചത്ത മനസായിരുന്നു അയാൾക്കപ്പോൾ. അതു നിറയെ അനിശ്ചിതത്ത്വവും വിരക്തിയുമായിരുന്നു. ജീവിതത്തെ തന്നെ രവി മനസിൽ വെറുത്തു പോയിരുന്നു. എല്ലാറ്റിൽ നിന്നും ഒളിച്ചോടാനായിരുന്നു അയാൾ ശ്രമിച്ചത്. പക്ഷെ, എന്നിട്ടും അവിടെ ഒട്ടും ആകർഷകമല്ലാത്ത വിധം ഒരുക്കിയ ഭക്ഷണം അയാൾക്ക് കഴിക്കേണ്ടി വന്നു. ഖസാക്കിൽ എത്തിയ രവി എല്ലാത്തിനോടും പൊരുത്തപ്പെടാനും സമരസപ്പെടാനും തുടങ്ങുന്നത് തനിക്കിഷ്ടപ്പെടാത്ത ഭക്ഷണം കഴിച്ചു കൊണ്ടാണ്. അതിലൂടെ ജീവിതത്തോടു തന്നെ താൻ സന്ധി ചെയ്തു തുടങ്ങുന്നു എന്ന സൂചനയും രവി നൽകുന്നു.
കിടക്കയുടെ അടിയിൽനിന്നും പഴന്തുണിയിൽ നിന്നുമെല്ലാം അമ്മ ലോട്ടറി ടിക്കറ്റുകളുടെ വലിയ കെട്ടുകളെടുത്ത് കോലായിലേക്കെറിഞ്ഞു. അവരറിയാതെ അച്ഛൻ കൊണ്ടു വച്ചതായിരുന്നു അതെല്ലാം.
തിന്ന്...എല്ലാവരും തിന്ന്....നീയും തിന്നെടി-അമ്മ മകളോട് കയർത്തു.
അർഷാദ് ബത്തേരിയുടെ വിരൽതുമ്പിലെ നക്ഷത്രങ്ങൾ എന്ന കഥയിൽ നിന്നുള്ള ഒരു ഭാഗമാണ് മേലുദ്ധരിച്ചത്.
ഭാഗ്യം പരീക്ഷിക്കാൻ ലോട്ടറി ടിക്കറ്റുകൾ എടുക്കുന്നത് ലഹരി പോ ലെ ആവേശിച്ച് കുടുംബം മുച്ചൂടും മുടിച്ച ഒരച്ഛൻ...വീട്ടിലേക്ക് ഭക്ഷണ സാധനങ്ങളൊന്നും വാങ്ങാതെ അയാൾ എന്നും കൊണ്ടു വരുന്നത് ലോട്ടറി ടി ക്കറ്റുകൾ മാത്രം. കുടുംബത്തിന് ഒരു നേരത്തെ ആഹാരം സ്വപ്നം പോലും കാണാൻ കഴിയാത്ത അവസ്ഥ. ലോട്ടറി ടിക്കറ്റുകൾ മാത്രമാണ് വീട് നിറയെ ഉള്ളത്. അത്തരം ഒരു സാഹചര്യത്തിലാണ് അമ്മ മകളോട് ലോട്ടറി ടിക്കറ്റുകൾ തിന്നാൻ പറയുന്നത്. അതല്ലാതെ ഭക്ഷണത്തിന് മറ്റൊന്നുമില്ലാത്തവിധം ദാരിദ്ര്യത്തിന്റെ നടുക്കടലിലായിരുന്നു അവർ.
സി.വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവലിൽ ഭക്ഷണവുമായി ബന്ധപ്പെടുന്ന ഒരു ഭാഗം ഇങ്ങനെയാണ്-
അവൾ(ആനി) അവന്(യോഹന്നാൻ) ചോറു വിളമ്പി; ഉച്ചയ്ക്കുണ്ടാക്കിയ ഉണക്കമീൻ കറിയും...അവനു തീരെ വിശപ്പു തോന്നിയില്ല.
നീയെന്താ ചോറും മുമ്പിലു വച്ച് ആലോചിക്കുന്നേ? - ആനി ചോദിച്ചു
ചേച്ചിക്കോർമയില്ലേ, അമ്മച്ചി മരിച്ച ദിവസം സന്ധ്യയ്ക്ക്...-അവന്റെ ശ ബ്ദം വളരെ നേർത്തിരുന്നു.
അതുമിതും ആലോചിക്കാതെ നീ ചോറു തിന്ന് - അവനെ ആ ഓർമയിൽ നിന്നും പിന്തിരിപ്പിക്കാനായി ആനി പറഞ്ഞു.
യോഹന്നാന് ഭക്ഷണം മനസിന്റെ പിടിവിട്ടു പോകും വിധം ദുഃഖ സ്മ രണകൾ ആർത്തിയിരമ്പിയെത്തുന്ന അശുഭ മുഹൂർത്തമായി മാറുകയാണിവി ടെ. ഭക്ഷണം അവന് സന്തോഷകരമായ ഒരു സന്ദർഭമല്ല നൽകുന്നത്. വിശപ്പിന്റെ വിളിയെ അവൻ വെറുക്കുന്നു. അതു ശമിപ്പിക്കാനായി സമാധാനത്തോടെ ഭക്ഷണത്തിനിരിക്കാൻ അവനു കഴിയുന്നില്ല. കാരണം ഭക്ഷണം അവനെ വേദനിപ്പിക്കുന്ന, മുറിപ്പെടുത്തുന്ന ഓർമകളിലേക്കാണ് വലിച്ചിഴയ്ക്കുന്നത്. പ്രാഥമിക ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്തത് എന്നതിനപ്പുറം ഭ ക്ഷണത്തിന് മനുഷ്യ ജീവിതത്തിൽ സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. അത് മനുഷ്യരെ സദാ സക്രിയരാക്കുന്ന ചാലക ശക്തിയാണ്. ഭക്ഷണത്തിന്റെ രു ചിയോർമകൾ അവനെ ഉദ്ദീപിപ്പിക്കുകയും ഉൻമേഷഭരിതരാക്കുകയും ചെയ്യു ന്നു. അക്കാരണത്താൽ തന്നെ ജീവന്റെ ആധാരമായ ഭക്ഷണം, ജീവിതപരാവർത്തനമായ സാഹിത്യ കൃതികളിൽ നിറസാന്നിധ്യമായി എക്കാലവും നിലകൊള്ളും.