2010 ൽ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവം ചർച്ചയായത് കലാ പ്രകടനങ്ങളുടെ മേന്മ കൊണ്ട് മാത്രമായിരുന്നില്ല. മലയാളത്തിൽ കൂടുതൽ ന്യൂസ് ചാനലുകൾ രംഗത്തെത്തിയ ശേഷമുള്ള കലോത്സവമായിരുന്നു അത്. ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് തുടർച്ചയായി സ്‌ക്രോൾ നൽകി പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി വരികയായിരുന്നു. അപ്പോഴാണ് സ്വർണ കപ്പ് വിതരണം നടക്കുന്നത്. ആവേശത്തിന്റെ കൊടുമുടി കയറിയ ചാനൽ പുംഗവന്മാർ കപ്പിനായി പിടിയും വലിയും നടത്തി, സ്വർണ കപ്പ് രണ്ടായി മുറിഞ്ഞു. കോഴിക്കോട്ടെ കലോത്സവം ചരിത്രത്തിൽ രേഖപ്പെടുത്തുകയുമായി. ചാനലുകൾ മാത്രമല്ല കുഴപ്പക്കാർ. പത്രങ്ങളുടെ സുവർണ കാലമായിരുന്ന 90കളുടെ മധ്യം. ടിവിയും ഇന്റർനെറ്റും വന്ന് നമ്മുടെ സാമൂഹ്യ ജീവിതം നശിപ്പിച്ചിട്ടില്ലാത്ത നാളുകൾ. 1994ൽ കോഴിക്കോട് ആതിഥേയത്വം വഹിച്ചപ്പോൾ നഗര മധ്യത്തിൽ മാനാഞ്ചിറയിലായിരുന്നു പ്രധാന വേദി. പ്രമുഖ പത്രം ഡസൻ കണക്കിന് ലേഖകരെ ഇറക്കിയിരിക്കുന്നു. അവരോട് മത്സരിക്കുന്ന കോട്ടയത്തെ പത്രത്തിന് വിരലിലെണ്ണാവുന്ന റിപ്പോർട്ടർമാരേ ഉള്ളു. എന്നാൽ അതു മതിയല്ലോ എന്നായി സദസ്യർ. കലാതിലകത്തിന് പുരസ്‌കാരം നൽകാൻ തയാറെടുത്തു നിൽക്കുന്ന മന്ത്രിയ്ക്കു വേണ്ടി തുടർച്ചയായി അനൗൺസ്‌മെന്റുകൾ. കലാതിലകമാകുമെന്ന് ഉച്ചയോടെ ഉറപ്പിച്ചിരുന്ന കുട്ടിയെ കോട്ടയം പത്രത്തിന്റെ റിപ്പോർട്ടർ ഹൈജാക്ക് ചെയ്ത് തൊട്ടടുത്ത ടൂറിസ്റ്റ് ഹോമിൽ അഭിമുഖം ചെയ്തു കൊണ്ടേയിരിക്കുകയായിരുന്നു. ഇത്രയും നീണ്ടതെന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ബഹുരസം. ലേഖകൻ ദീർഘ വീക്ഷണത്തോടെ സ്ഥാപനത്തിന്റെ മഹിളാ പ്രസിദ്ധീകരണത്തിനും വാരികയ്ക്കും സൺഡേ സപ്ലിമെന്റിനുമെല്ലാമുള്ള പ്രത്യേക ആംഗിളുകളിലെ സ്റ്റോറികൾ തയാറാക്കുകയായിരുന്നു. നഗരത്തിൽ ഏതെങ്കിലും ഗുജറാത്തി പെൺകുട്ടിക്ക് കാലിക്കറ്റ് സർവകലാശാലയുടെ ബി.കോം റാങ്കുണ്ടെന്നറിഞ്ഞാൽ വീട്ടിൽ ചെന്ന് ആൽബമടക്കം പൊക്കുന്ന സ്റ്റാഫ് ഫോട്ടോഗ്രാഫറുടെ യഥാർഥ പിൻഗാമി തന്നെ. കണ്ണൂർ, തിരൂർ(മലപ്പുറം), കോഴിക്കോട് കലോത്സവങ്ങളിലൂടെ മലയാള ചലച്ചിത്ര വേദിക്ക് മികച്ച താരങ്ങളെ ലഭിച്ചിരുന്നുവെന്ന വസ്തുത വിസ്മരിക്കാവതല്ല. മഞ്ജു വാരിയർ, നവ്യ നായർ, വിനീത് ശ്രീനിവാസൻ, വിനീത് കുമാർ, ദിവ്യ ഉണ്ണി, അമ്പിളി ദേവി, വിന്ദുജ മേനോൻ തുടങ്ങി എത്രയെത്ര പ്രതിഭകൾ.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ പാലക്കാട് ജില്ലയിൽ നിന്നും സ്വർണകപ്പിന് ആവേശപൂർവം സ്വീകരണമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. 117.5പവൻ സ്വർണകപ്പ് ഇത്തവണ കോഴിക്കോട്ടുകാർക്ക് കാണാൻ അവസരമൊരുക്കും. കിരീടം ചൂടുന്നവർ കൊണ്ടുപോകുന്നതല്ലാതെ സ്വർണകപ്പ് കാണാൻ നാട്ടുകാർക്ക് ഇതുവരെ അവസരമുണ്ടായിരുന്നില്ല. പോലീസിന്റെ സഹായത്തോടെ ക്രമീകരണങ്ങളൊരുക്കി അതിന് അവസരമൊരുക്കും. അതേതായാലും നന്നായി.
*** *** ***
യു.പിയിലെ ഒരു പെൺകുട്ടി ഇന്ത്യയിലെ ആദ്യ വനിതാ മുസ്‌ലിം യുദ്ധ വിമാന പൈലറ്റാവുകയാണ്. സാനിയ മിർസയെന്നാണ് ഈ മിടുക്കിയുടേയും പേര്. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പൈലറ്റുമാണ് ഈ പ്രതിഭ. എന്നാൽ മലയാളത്തിലെ ദൃശ്യ മാധ്യമങ്ങളിലൊന്നും ഈ പോസിറ്റീവ് വാർത്തയ്ക്ക് അർഹിക്കുന്ന പ്രാധാന്യം കൽപിച്ചതായി കണ്ടില്ല. എല്ലാവരും കരിപ്പൂരിൽ സ്വർണം കൊണ്ടു വന്ന യുവതികളുടെ കേമത്തരമാണ് മത്സരിച്ച് റിപ്പോർട്ട് ചെയ്തത്. ദുബായിൽ നിന്നെത്തിയ സുന്ദരിക്കുട്ടി നടത്തിയ പുത്തൻ പരീക്ഷണത്തിനാണല്ലോ സെൻസേഷൻ ഘടകം കൂടുതൽ. കരിപ്പൂർ, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചു വെച്ച സ്വർണം പിടിക്കുന്നത് ഒരു വാർത്തയേ അല്ലാതായിരിക്കുന്നു. എന്നിട്ടും സിനിമാ താരങ്ങളും മോഡലുകളും വന്ന് നൂറു ശതമാനം പരിശുദ്ധമായ സ്വർണമെന്നൊക്കെ തള്ളുന്നതും നമ്മൾ തന്നെ കേൾക്കണം. കരിപ്പൂരിൽ നിത്യേനയെന്നോണം ഗോൾഡ് ലാൻഡ് ചെയ്ത വേളയിൽ ഒരു രസികൻ പറഞ്ഞത് വിമാനങ്ങളില്ലെന്ന വിലാപം തുടരുമ്പോഴും ഇതിന് ഒരു കുറവുമില്ലല്ലോ എന്നാണ്. ഷഹലയും ഡീനയും ഒരു കോടി രൂപയ്ക്ക് തൊട്ടു താഴെ വിലയുള്ള സ്വർണം കൊണ്ടു വന്ന ദിവസം ഒരു വിരുതൻ സമൂഹ മാധ്യമത്തിൽ പോസ്റ്റിയത് ഇത്രയൊക്കെയായിട്ടും ഇവിടെ സ്വർണ വില കുറയുന്നില്ലല്ലോയെന്നാണ്.
രണ്ടു സംഭവത്തിലും കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയവരിൽ നിന്നാണ് പോലീസ് സ്വർണം പിടിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. വിമാനത്താവളത്തിന് പുറത്ത് ഹെൽപ്പ് ഡെസ്‌ക്, ഔട്ട് പോസ്റ്റ് എന്നിവിടങ്ങളിൽ പോലീസിന്റെ ശക്തമായ നിരീക്ഷണമുണ്ട്. പുറത്തിറങ്ങി വരുന്നവരെയും അവരെ സ്വീകരിക്കാനെത്തുന്നവരെയും നിരീക്ഷിച്ചാണ് പോലീസ് സ്വർണം കണ്ടെത്തുന്നത്.കേരളാ പോലീസിന് ഇതൊരു പൊൻതൂവലായി.
*** *** ***
എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടി മാത്രമാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോളിറ്റ് ബ്യൂറോ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണിത് പറഞ്ഞത്. പണ്ടൊക്കെ മാധ്യമങ്ങൾ വളച്ചൊടിക്കലായിരുന്നു. ഇപ്പോൾ മാധ്യമ സൃഷ്ടി.. പുരോഗമിക്കുന്നുണ്ട്. പാവം മാധ്യമ പ്രവർത്തകർ. പോരാട്ട വീര്യം തുടിക്കുന്ന കമ്യൂണിസ്റ്റ് പൈതൃകമുള്ള മൊറാഴ പോലുള്ള ഗ്രാമങ്ങളിൽ ചെന്ന് റിസോർട്ട് സൃഷ്ടിക്കണം. എന്നിട്ടതിൽ ആയുർവേദ ചികിത്സയ്ക്ക് സൗകര്യമൊരുക്കുകയും വേണം.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും 24 ന്യൂസ് അടക്കമുള്ള വലതുപക്ഷ മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന വിമർശനവുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ലീഡർ കെ. കരുണാകരന്റെ കാലം വരെയൊക്കെ അച്ചടിച്ചു വന്നത് നിഷേധിക്കാനും മാധ്യമ പ്രവർത്തകർ വളച്ചൊടിക്കുകയാണെന്നൊക്കെ പറയാനും സൗകര്യമുണ്ടായിരുന്നു. കോയിന്നേട്ടാ ഇപ്പോഴെല്ലാറ്റിനും ഡിജിറ്റൽ തെളിവുകളുമുണ്ടല്ലോ.
*** *** ***
'പൊളി ഫിറോസും' ഭാര്യ സജ്നയും മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരദമ്പതികളാണ്. ഡെയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടിയിലൂടെയാണ് ഫിറോസ് ഖാൻ എന്ന പൊളി ഫിറോസ് ശ്രദ്ധേയനാകുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 3 യിലൂടെ വലിയ സ്വീകാര്യത നേടാനും ഫിറോസ് ഖാന് സാധിച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 3 യിൽ ഭാര്യ സജ്നക്കൊപ്പമായിരുന്നു ഫിറോസ് ഖാൻ പങ്കെടുത്തിരുന്നത്.
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട് കോൺട്രാക്ടർ അടിച്ച് തകർത്തുവെന്ന് ആരോപിച്ച് സജ്നയും ഫിറോസ് ഖാനും രംഗത്തെത്തിയത്. കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ആണ് ഫിറോസ് ഖാനും സജ്നയും പുതിയ വീട് നിർമിക്കുന്നത്. ഈ വീട് കോൺട്രാക്ടർ മദ്യലഹരിയിൽ എത്തി അടിച്ച് തകർത്തു എന്നാണ് ഫിറോസ് ഖാനും സജ്നയും പറഞ്ഞിരുന്നത്.
വീടിന്റെ താഴെ നിലയിലെ ജനൽ ചില്ലുകളും മുറ്റത്ത് വെച്ച ചെടികളുമെല്ലാം അടിച്ച് തകർത്തിട്ടുണ്ട്. കോൺട്രാക്ടർ കൂടുതൽ പണം തങ്ങളിൽനിന്ന് ആവശ്യപ്പെട്ടു എന്നാണ് ഫിറോസ് ഖാനും സജ്നയും ആരോപിക്കുന്നത്. ഇരുവരുടേയും ആരോപണങ്ങൾ കോൺട്രാക്ടർ തള്ളിയിരുന്നു. താനല്ല വീട് അടിച്ച് തകർത്തത് എന്നാണ് കോൺട്രാക്ടർ പറയുന്നത് എന്ന തരത്തിൽ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് വീട് ഫിറോസ് ഖാനും സജ്നയും തന്നെയാണ് തല്ലി തകർത്തത് എന്ന ആരോപണവും ചില കോണുകളിൽനിന്ന് ഉയർന്ന് വന്നത്. ഇക്കാര്യത്തിൽ പ്രതികരിച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് ഫിറോസ് ഖാനും സജ്നയും പുതുതായി നിർമിക്കുന്ന വീടിന്റെ അയൽവാസികളും സംഭവത്തിന്റെ ദൃക്സാക്ഷികളും ആയ നൗഷാദും അദ്ദേഹത്തിന്റെ ഭാര്യ ഷീജയും. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിനോടാണ് നൗഷാദും ഷീജയും ഇക്കാര്യം വ്യക്തമാക്കുന്നത്. രാത്രിയിൽ ഒമ്പതര പത്ത് മണിക്ക് അടുത്താകും ഞങ്ങൾ ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഉണ്ട് ഭയങ്കരമായ സൗണ്ട് കേൾക്കുന്നു. ആളിനേയും നമ്മൾ കണ്ടു. അടിച്ച് പൊട്ടിച്ചിട്ടേക്കുന്നു. താഴത്തെ നില മൊത്തം അടിച്ച് പൊട്ടിച്ചിട്ടേക്കാണ് ഗ്ലാസെല്ലാം. അതല്ലാതെ ഫിറോസ് ഖാൻ ചെയ്തതല്ല. നമ്മൾ കണ്ടവരുണ്ട് ഇവിടെ.അവർക്ക് തല്ലിപൊട്ടിച്ച് എന്ത് കിട്ടാനാണ്. അതൊക്കെ വെറുതെ പറയുന്നതാണ്. ഇത്രയും പൈസ മുടക്കിയിട്ട് അവർ തന്നെ പൊട്ടിക്കോ. അവരെ നമുക്ക് അറിയാം. വീട് ഇങ്ങനെ തകർത്തതിൽ ഞങ്ങൾക്ക് വലിയ വിഷമമുണ്ട്. വളരെ കഷ്ടപ്പെട്ടാണ് അവർ ഇത്രയും ഒപ്പിച്ചെടുത്തത്. എന്തായാലും വീട് പൊളിച്ചതൊക്കെ കഷ്ടമായി പോയി.
*** *** ***
ബോളിവുഡിലെ മസിൽമാൻ സൽമാൻ ഖാന്റെ 57ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷത്തിൽ ഷാരൂഖ് ഖാനെ കൂടാതെ പൂജ ഹെഗ്ഡെ, ജെനീലിയ, സൊനാക്ഷി, ജാൻവി കപൂർ, തബു, സുനിൽ ഷെട്ടി, മുൻ കാമുകി സംഗീത ബിജ്‌ലാനി തുടങ്ങിയവരും പങ്കെടുത്തു. ഹാപ്പി ബർത് ഡേ ടൈഗർ എന്നാണ് മുൻ കാമുകി കത്രിന കൈഫ് ആശംസിച്ചത്. ഇപ്പോഴും ബോളിവുഡിൽ പുര നിറഞ്ഞ് നിൽക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ മുഖം. ഫാൻസ് ഏറെ ആഗ്രഹിച്ചതായിരുന്നു സൽമാൻ ഖാൻ കത്രിന കൈഫിനെ കെട്ടണമെന്നത്. ഇതേതാണ്ട് ഉറപ്പിച്ച ഘട്ടത്തിൽ സല്ലുവിന്റെ പിതാവ് മുംബൈ ബസാറിലെ ആഭരണ കടയിൽനിന്ന് നല്ല ഒന്നാന്തരം വജ്രാഭരണം മണവാട്ടിയ്ക്ക് നൽകാൻ വാങ്ങിയിരുന്നതായി പ്രമുഖ ഫിലം മാഗസിനായ ഫിലിം ഫെയറിൽ ഗോസിപ്പ് അടിച്ചു വരികയും ചെയ്തിരുന്നു.
ബോളിവുഡിൽ ഏറെ ചർച്ചയായ പ്രണയബന്ധമായിരുന്നു കത്രീന കൈഫും സൽമാൻ ഖാനും തമ്മിലുള്ളത്. കത്രീനയെ വിവാഹം കഴിക്കാൻ സൽമാൻ ഖാൻ അതിയായി ആഗ്രഹിച്ചിരുന്നു. കത്രീനയ്ക്കും സൽമാൻ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ, റൺബീർ കപൂർ ജീവിതത്തിലേക്ക് കടന്നുവന്നതോടെ കത്രീന സൽമാനുമായി അകലുകയായിരുന്നു.
ഒന്നിച്ച് സിനിമയിൽ അഭിനയിച്ചതോടെയാണ് കത്രീനയും റൺബീറും തമ്മിൽ അടുത്തതും സൗഹൃദത്തിലായതും. ഊട്ടിയിലെ സെറ്റിലായിരുന്നു സിനിമ ഷൂട്ടിങ്. പ്രണയബന്ധം അവസാനിപ്പിക്കാമെന്ന് ഊട്ടിയിലെ സെറ്റിൽ ഇരുന്ന് കത്രീന കൈഫ് സൽമാൻ ഖാന് ടെക്സ്റ്റ് മെസേജ് അയക്കുകയായിരുന്നു. എന്നാൽ, കത്രീന പേടിച്ചത് പോലെ സൽമാൻ പ്രശ്നങ്ങളുണ്ടാക്കിയില്ല. കത്രീനയെ തുടർന്നങ്ങോട്ട് നല്ല സുഹൃത്തായി കാണാൻ സൽമാന് സാധിച്ചു. കത്രീനയും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരും ബ്രേക്ക്അപ്പിന് ശേഷവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബർത്‌ഡേ പാർട്ടിക്കെത്തിയ മുൻ കാമുകിമാരുടെ പട്ടിക തന്നെ കണ്ടില്ലേ. കേരളത്തിലെ ന്യൂജൻ കാമുകന്മാർ ഇതെല്ലാം കാണണം. ഏറ്റവുമൊടുവിൽ പ്രണയവുമായി ബന്ധപ്പെട്ട് വർക്കലയിലെ പതിനേഴുകാരിയെയാണ് കഴുത്തറുത്ത് കൊന്നത്. ഇതൊട്ട് അവസാനത്തേതുമായിരിക്കില്ല.
*** *** ***
ഇന്ത്യയിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതിയുടെ ദൂരദർശൻ ചാനലുകളിൽ 24 മണിക്കൂർ വിനോദ പരിപാടികൾ തിരിച്ചെത്തുന്നു. വിശാലമായ എണ്ണം കാഴ്ചക്കാരെ ലക്ഷ്യമിട്ട്, മുഴുവൻ സമയവും ആരോഗ്യകരമായ വിനോദ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന 24 മണിക്കൂർ വിനോദ-ചലച്ചിത്ര ചാനൽ അവതരിപ്പിക്കാനാണ് പ്രസാർ ഭാരതി ഒരുങ്ങുന്നത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ആണ് ഇക്കാര്യം വ്യക്കമാക്കിയത്.
ദൂരദർശന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു വിനോദ ചാനൽ ഉണ്ടായിരുന്നു, അത് അടച്ചുപൂട്ടി. ഞങ്ങൾ ഇത് വീണ്ടും സമാരംഭിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞത്. ഡി ഡി മെട്രോ എന്ന പേരിലായിരുന്നു നേരത്തെ ദൂരദർശന്റെ വിനോദ ചാനൽ ഉണ്ടായിരുന്നത്. പിന്നീട് 2003 ൽ ഡി ഡി മെട്രോ, 2003-ൽ ഡി ഡി ന്യൂസ് എന്നാക്കി മാറ്റി മുഴുവൻ സമയ വാർത്താ ചാനലാക്കി മാറ്റി. നിലവിൽ 24*7 പ്രാദേശിക ചാനലുകൾ ഉൾപ്പടെ 36 സാറ്റലൈറ്റ് ചാനലുകൾ സൗജന്യ - എയർ ഡി ടി എച്ച് സേവനത്തിന് പുറമെ ഡി ഡി നെറ്റ് വർക്കിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
*** *** ***
അർജന്റീന ലോക കപ്പിൽ ജയിച്ച ദിവസം കേരളം കുടിച്ചു തീർത്തത് 54 കോടി രൂപയുടെ മദ്യമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെ പറ്റി ഒരു ഉസ്താദ് പറയുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതേ, അർജന്റീനയിൽ പോലും ഇത്രയും പണം മുടക്കി ആളുകൾ കുടിച്ച് ആഘോഷിച്ചിട്ടുണ്ടാവില്ല. കേരളത്തിലെ 54 കോടി എന്നു പറഞ്ഞാൽ ഇത് ചില്ലറ കുടിയൊന്നുമല്ല. രസകരമായ വിവരണം തുടർന്നു. ഇതിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിഞ്ഞത് പുണ്യമാക്കപ്പെട്ട മലപ്പുറത്തെ തിരൂരിലാണെന്നും മൗലവി പറയുന്നു. ഇതിനിടയ്ക്കാണ് മംഗലാപുരത്ത് നിന്നൊരു ശുഭ വാർത്ത. മുസ്‌ലിംകളെ മദ്യശാലകളിൽ കയറാൻ സംഘപരിവാർ അനുവദിക്കില്ലെന്നാണ് സന്തോഷ വാർത്ത. സംഘ പരിവാറിനെ പറ്റി നല്ലതല്ലാത്ത കാര്യങ്ങൾ കേട്ടു ശീലിച്ചവർക്കും ആഹ്ലാദകരമായിരിക്കും ഈ തീരുമാനം. മാരകമയക്കുമരുന്നായ എം.ഡി.എം.എ വിൽക്കുന്ന സ്ഥലത്ത് ഇതേ നിയമം നടപ്പാക്കണമെന്നാണ് വിനീതമായി അഭ്യർഥിക്കാനുള്ളത്.






