സ്വപ്നങ്ങളോടൊപ്പം കൂടുതലായും സ്വപ്‌നഭംഗങ്ങളുടെ ഭാരം പേറി, പ്രാരബ്ധങ്ങളുടെ മലകയറ്റം. പ്രവാസത്തിന്റെ കയ്പിനും മധുരത്തിനും ഒരു വർഷത്തെ കൂടി ആയുസ്സ് ഒടുങ്ങുന്നു.
പ്രതീക്ഷയുടെ പുതിയൊരു വർഷത്തിലേക്കു കൂടി കടക്കുമ്പോൾ ഓർമ്മകളിൽ തിരസ്‌കരിക്കപ്പെടുന്ന അനുഭവങ്ങളെയും വെളിച്ചം കാണാത്ത ചില സ്വപ്നങ്ങളെയും ബാക്കിയാക്കി ഒരു വർഷം കൂടി നമ്മോടു വിട പറയുകയാണ്. കലണ്ടറിൽ നിന്ന് 2022 ഞെട്ടറ്റു വീഴുന്നു. ഇളം മഞ്ഞ് പെയ്തിറങ്ങുന്ന രാവിൽ തഴുകി മറയുന്ന കുളിർകാറ്റ് ഓർമ്മകളെ പിറകിലേക്ക് കൊണ്ട് പോവുന്നു.
പറയാതെയും, അറിയാതെയും പോയ എത്രയെത്ര ഇഷ്ടങ്ങൾ. അറിഞ്ഞിട്ടും പറയാതെയും, സഫലമാകാതെയും പോയ സ്‌നേഹ ബന്ധങ്ങൾ. അറ്റമില്ലാത്ത വഴിയോരങ്ങളിൽ കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങൾ. അതിൽ നെഞ്ചോട് ചേർത്ത് പിടിച്ച ചില സൗഹൃദങ്ങൾ. മനസ്സിന്റെ ഓർമ്മത്താളുകളിൽ ഒളിമങ്ങാതെ നിൽക്കുന്ന ചില നിമിഷങ്ങൾ. ഒരു പാട് സന്തോഷിച്ച മറക്കാനാവാത്ത ദിനരാത്രങ്ങൾ. പുലരികൾ, സന്ധ്യകൾ, രാവുകൾ.. ഏറെ നൊമ്പരപ്പെട്ട നിമിഷങ്ങൾ!
ഒപ്പം ഓർക്കാതെ കൈവന്ന സൗഭാഗ്യങ്ങൾ. വിരൽത്തുമ്പിൽ നിന്നൂർന്നു പോയ സ്വപ്‌നങ്ങൾ. വീണ്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദുരന്ത ചിത്രങ്ങൾ.
കാലം പിന്നെയും മുന്നോട്ട്.
പ്രിയപ്പെട്ട ഡിസംബർ, നിന്നോടും വിട. ഓർമ്മകളിൽ, ഒരു തുള്ളി കണ്ണീരിന്റെ നനവോടെ നിന്റെ അവസാന താളും അടയുന്നു. പുത്തൻ പ്രതീക്ഷകളുമായി
വീണ്ടും ഒരു പുതുവർഷം കൂടി വന്നെത്തുകയായി. പുതിയ അനുഭവങ്ങളെ നേരിടാനുള്ളതായ തയ്യാറെടുപ്പുകൾക്കിടയിൽ കാലം..അത് തികച്ചും വിലപിക്കാൻ വിധിക്കപ്പെട്ടവർക്കുള്ളതാണ്. ഈ ഭൂമിയിൽ നാം ജീവിതം തുടങ്ങിയത് നമ്മുടെ ആരുടേയും ഇഷ്ടത്തോട് കൂടിയല്ല!
നമ്മുടെ സമ്മതത്തോടെയുമല്ല. എന്നിരുന്നാലും ഈ ഭൂമിയിൽ ദൈവം നമുക്കായി നിശ്ചയിപ്പിച്ചുറപ്പിച്ച കാലം.
അത് എത്ര ആയിരുന്നാലും..നമുക്ക് എണ്ണിതീർത്തേ പറ്റൂ.
കാലത്തിന്റെ ഈ ശരവേഗ പാച്ചിലിൽ, ഓർമ്മകളും മഞ്ഞുകട്ടകൾ ആവുകയാണ്. ഇവിടെ നമ്മൾ പലതും മറന്നു തുടങ്ങുമ്പോൾ....
ചിലത് കാലം നമ്മെ ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കുന്നു...
നമ്മുടെ പഴയ ഇഷ്ടങ്ങൾക്കും, മോഹങ്ങൾക്കും നനഞ്ഞ ചാക്കുഭാണ്ഡം പോലെ ഭാരം കൂടിക്കൂടി വരികയാണ്.
സ്വപ്നങ്ങളോടൊപ്പം കൂടുതലായും സ്വപ്‌നഭംഗങ്ങളുടെ ഭാരം പേറി, പ്രാരബ്ധങ്ങളുടെ മലകയറ്റം. പ്രവാസത്തിന്റെ കയ്പിനും മധുരത്തിനും ഒരു വർഷത്തെ കൂടി ആയുസ്സ് ഒടുങ്ങുന്നു. മല കയറുവാൻ വയ്യാതായിരിക്കുന്നു എന്ന് പലപ്പോഴും തോന്നും. എങ്കിലും സ്വന്തക്കാരുടെയും, പ്രിയപ്പെട്ടവരുടെയും, വരുംകാല പ്രതീക്ഷകളെ മാറോട് ചേർത്ത് കാലത്തിന്റെ അങ്ങേ തീരങ്ങളിലൂടെ നടന്നടുക്കുക തന്നെ. ജീവിതത്തിന്റെ പരുപരുക്കൻ യാഥാർത്ഥ്യങ്ങളിലേക്ക്. കലഹിച്ചു പോയ ഇന്നലെകളെ, തിരിച്ചെടുക്കാനാവില്ലെന്നു തിരിച്ചറിയുന്നുണ്ട്. യൗവനയുക്തമായ നല്ല നാളുകളിൽ, ജീവിതമറിഞ്ഞു, മോഹങ്ങളോട് വഴി പിരിഞ്ഞു, നടന്നകലുമ്പോൾ സ്വപ്നങ്ങളുടെ ചില്ലകളിൽ നിന്നും രാക്കിളികൾ തേങ്ങലടക്കി പാട്ട് പാടാൻ തുടങ്ങിയിരിക്കുന്നു. കാലത്തിന്റെ നീർച്ചാലിൽ, ഒരു നനുത്ത രേഖ പോലെയുള്ള നമ്മുടെ ജീവിതം മാഞ്ഞു തീരുന്നത് വരെ.
നമുക്കായുള്ള കാലം പ്രയാണം തുടർന്നുകൊണ്ടെയിരിക്കും. ആ പ്രയാണത്തിൽ അലിഞ്ഞലിഞ്ഞു അവസാനം നമ്മളും, കാലത്തോടൊപ്പം കൂടിച്ചേരുന്നു. പക്ഷെ, അപ്പോഴും കാലത്തിനു സൂക്ഷിക്കാനായി, നമ്മുടെ ഓർമ്മക്കുറിപ്പുകൾ മാത്രം ഇവിടെ ബാക്കിയായിരിക്കും. കവി പറഞ്ഞ പോലെ
കാലമിനിയും വരും...
വിഷു വരും വർഷം വരും
തിരുവോണം വരും,പിന്നെ
ഓരോ തളിരിനും പൂ വരും കായ് വരും
അപ്പോഴാരെന്നുമെന്തെന്നുമാർക്കറിയാം?...
പോയ വർഷം നമുക്ക് സമ്മാനിച്ച നല്ല ഓർമകളിൽ പുതുവർഷം കാത്ത് വെച്ച മധുരമുഹൂർത്തങ്ങളും ആനന്ദപൂർണമാക്കാൻ നാം ഓരോരുത്തരും തന്നെയാണ് പരിശ്രമിക്കേണ്ടത്. കാലത്തിനു സൂക്ഷിക്കാനായി, നമുക്കിടയിൽ അതല്ലേ ബാക്കി കാണൂ.






