Sorry, you need to enable JavaScript to visit this website.

അപൂർവതകളുമായി സൗദി മുൻ നായകൻ

ഫുആദ് അൻവർ ഹോളണ്ടിനെതിരെ സൗദിയുടെ ആദ്യ ഗോളടിച്ചപ്പോൾ. 

ജിദ്ദ - സൗദി അറേബ്യയെ ലോകകപ്പ് ഫുട്‌ബോളിലെ അരങ്ങേറ്റത്തിൽ നയിക്കാൻ ഭാഗ്യം സിദ്ധിച്ച കളിക്കാരനാണ് ഫുആദ് അൻവർ. 
1994 ലെ ആ ലോകകപ്പിൽ നെതർലാന്റ്‌സിനെതിരായ അരങ്ങേറ്റത്തിൽ പതിനെട്ടാം മിനിറ്റിൽ ഗോളടിച്ച് വമ്പന്മാരെ ഞെട്ടിക്കുകയും ചെയ്തു മിഡ്ഫീൽഡർ. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് നെതർലാന്റ്‌സ് രണ്ടാം ഗോളടിച്ച് വിജയം പിടിച്ചത്. ബെൽജിയത്തെയും മൊറോക്കോയെയും തോൽപിച്ച് ടീം പ്രി ക്വാർട്ടറിലെത്തി. പ്രി ക്വാർട്ടറിൽ സ്വീഡനോട് സൗദി പൊരുതിത്തോൽക്കുകയായിരുന്നു. 
ഫുആദ് ഏറെ അപൂർവതകളുള്ള കളിക്കാരനാണ്. അണ്ടർ-17 ലോകകപ്പിലും അണ്ടർ-19 ലോകകപ്പിലും സീനിയർ ലോകകപ്പിലും ഒളിംപിക്‌സിലുമൊക്കെ കളിച്ച ഏക അറബ് കളിക്കാരനാണ് ഫുആദ്. ക്ലബ് ലോകകപ്പിൽ അന്നസ്‌റിന്റെ കുപ്പായമിട്ടു. സൗദിയുടെ അണ്ടർ-23 ടീമിലുമുണ്ടായിരുന്നു. ഫുആദിനെ ചവിട്ടിയതിനാണ് ഫ്രാൻസിന്റെ സിനദിൻ സിദാൻ 1998 ൽ ലോകകപ്പിലെ തന്റെ ആദ്യ ചുവപ്പ് കാർഡ് വാങ്ങിയത്. 
ഇത്തവണ ലോകകപ്പിൽ സൗദി അറേബ്യക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനാവുമെന്ന് ഫുആദ് അൻവർ. 1994 ൽ പ്രഥമ ലോകകപ്പിന് പോയപ്പോഴും ഏവരും കരുതിയിരുന്നത് മൂന്നു കളിയും തോറ്റ് സൗദി മടങ്ങുമെന്നായിരുന്നു. അന്ന് ഇതിനെക്കാൾ ശക്തമായ ടീമുകളായിരുന്നു എതിരാളികൾ. നെതർലാന്റ്‌സും ബെൽജിയവും മൊറോക്കോയും. ഇത്തവണ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പാണ് -ഫുആദ് പറഞ്ഞു. 


 

Latest News