റോം - പഴയ ബദ്ധവൈരികൾ തമ്മിലുള്ള പോരാട്ടത്തിൽ നോവക് ജോകോവിച്ചിനെ 7-6 (7-4), 6-3 ന് തോൽപിച്ച് റഫായേൽ നദാൽ ഇറ്റാലിയൻ ഓപൺ ടെന്നിസിന്റെ ഫൈനലിലെത്തി. ഇരുവരും തമ്മിലുള്ള അമ്പത്തൊന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. നദാലിന്റെ ഇരുപത്തഞ്ചാം വിജയവും. ഒരു വർഷത്തിനു ശേഷമാണ് ഇരുവരും മുഖാമുഖം വരുന്നത്. വലതുകൈയിലെ പരിക്ക് ഭേദമായി തിരിച്ചുവന്ന ശേഷം ഫോം കണ്ടെത്താൻ വിഷമിക്കുന്ന നോവക്കിന് കോർടിന്റെ നാലു മൂലയിലേക്കും കുതിച്ചെത്തുന്ന നദാലിന്റെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഉന്നത നിലവാരത്തിലുള്ള ഏറ്റുമുട്ടലിൽ പലഘട്ടത്തിലും കാണികൾ ഇരുവരെയും എഴുന്നേറ്റുനിന്ന് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. തോറ്റെങ്കിലും സമീപകാലത്ത് നോവക്കിന്റെ മികച്ച പ്രകടനമാണ് ഇത്.
നിലവിലെ ചാമ്പ്യൻ അലക്സാണ്ടർ സ്വരേവോ ഓസ്ട്രേലിയൻ ഓപൺ റണ്ണർഅപ് മാരിൻ സിലിച്ചോ ആയിരിക്കും ഫൈനലിൽ നദാലിന്റെ എതിരാളി. എട്ടാം തവണ ഇവിടെ കിരീടം നേടുകയാണെങ്കിൽ റോജർ ഫെദരറെ മറികടന്ന് നദാലിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം.
അന്ന കോണ്ടാവെയ്റ്റിനെ 6-4, 6-3 ന് തകർത്ത് എലീന സ്വിറ്റോലിന വനിതാ ഫൈനലിൽ സ്ഥാനം പിടിച്ചു. നിലവിലെ ചാമ്പ്യനായ സ്വിറ്റോലിന ഫൈനലിൽ മരിയ ഷരപോവയെയോ ടോപ് സീഡ് സിമോണ ഹാലെപ്പിനെയോ നേരിടും. പന്ത്രണ്ടാം സീഡ് കോക്കൊ വാൻഡെവെഗെ, രണ്ടു തവണ ചാമ്പ്യനായ സ്വെറ്റ്ലാന കുസ്നറ്റ്സോവ, 1999 ലെ ചാമ്പ്യൻ വീനസ് വില്യംസ്, രണ്ടാം സീഡ് കരൊലൈൻ വോസ്നിയാക്കി എന്നിവരെ മറികടന്നാണ് സ്വിറ്റോലിന ഫൈനലിലെത്തിയത്. അടുത്ത ഫ്രഞ്ച് ഓപൺ ആരംഭിക്കാനിരിക്കെ അവസാനത്തെ പ്രധാന ക്ലേ കോർട് ടൂർണമെന്റാണ് ഇത്.