കുവൈത്ത് സിറ്റി - സി.ഐ.ഡി ഉദ്യോഗസ്ഥന് ചമഞ്ഞ് ഫിലിപ്പിനോ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്കു വേണ്ടി സുരക്ഷാ വകുപ്പുകള്‍ ഊര്‍ജിതമായ അന്വേഷണം തുടരുന്നു. ദേശീയ വേഷം ധരിച്ചെത്തിയ യുവാവാണ് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് ഫിലിപ്പിനോ യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. കാറില്‍ ഫിലിപ്പിനോ യുവതിക്കു സമീപമെത്തിയ പ്രതി താന്‍ സി.ഐ.ഡി ഉദ്യോഗസ്ഥനാണെന്ന് സ്വയം അവകാശപ്പെട്ട് യുവതിയുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയായിരുന്നു. ഇതിനു ശേഷം സി.ഐ.ഡി ആസ്ഥാനവുമായി ഫോണില്‍ ബന്ധപ്പെടുന്നതു പോലെ അഭിനയിച്ച പ്രതി, കേസുമായി ബന്ധപ്പെട്ട് സി.ഐ.ഡി അന്വേഷിച്ചുവരുന്ന പ്രതിയാണ് യുവതിയെന്ന് വ്യക്തമായതായി ഫിലിപ്പിനോയോട് പറയുകയും തന്റെ കാറില്‍ കയറാന്‍ ആജ്ഞാപിക്കുകയുമായിരുന്നു.
യുവതി കാറില്‍ കയറിയ ഉടന്‍ അല്ഫന്താസ് ഏരിയയിലെ ഒഴിഞ്ഞ പ്രദേശത്തേക്ക് പ്രതി കാര്‍ ഓടിച്ചുപോവുകയും ഇവിടെ വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച് വസ്ത്രങ്ങള്‍ അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൃത്യത്തിനു ശേഷം അവിടെ തന്നെ യുവതിയെ കാറില്‍ നിന്ന് ഇറക്കി പ്രതി സ്ഥലംവിടുകയായിരുന്നു.
പ്രതിയെ കുറിച്ച തെളിവുകളും സൂചനകളും ലഭിക്കുമോയെന്ന് ശ്രമിച്ച് പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി ഫൂട്ടേജുകള്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധിക്കുന്നുണ്ട്. തെളിവുകള്‍ ശേഖരിക്കാന്‍ യുവതിയെ ഫോറന്‍സിക് മെഡിസിനിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ഒന്നിലധികം പേരെ സുരക്ഷാ വകുപ്പുകള്‍ നിര്‍ണയിച്ചിട്ടുണ്ട്. യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്യല്‍ സമയത്തിന്റെ പ്രശ്നം മാത്രമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






