Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡോ പുതിയ യാത്ര തുടങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനം നടത്തി അല്‍ നസ്ര്‍

റിയാദ്- പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അല്‍ നസ്ര്‍ ക്ലബില്‍ ചേര്‍ന്നതായി ഔദ്യോഗിക പ്രഖ്യാപനം. ഈ സീസണിലെ ഏറ്റവും വലിയ കരാറിലാണ് റൊണാള്‍ഡോയും അല്‍ നസ് റും ഒപ്പുവെച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
പുതിയ രാജ്യത്ത് ഫുട്‌ബോള്‍ കളിക്കാനിറങ്ങുന്നതില്‍ ആവേശഭരിതനാണെന്നും  പുതിയ ട്രോഫികള്‍ നേടുന്നതിലേക്ക് ടീമിനെ നയിക്കുമെന്നും കരാര്‍ ഒപ്പിട്ട ശേഷം റൊണാള്‍ഡോ പറഞ്ഞു.  

സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ കരാറിനെ സ്വാഗതം ചെയ്തു. അദ്ദേഹം എക്കാലത്തേയും ഏറ്റവും മഹത്തായ ഒരാള്‍ സൗദി അറേബ്യയില്‍ തന്റെ പുതിയ യാത്ര ആരംഭിക്കുന്ന കാര്യം സ്ഥിരീകരിച്ചിരിക്കയാണ്. റൊണാള്‍ഡോയ്ക്കും കുടുംബത്തിനും സൗദി അറേബ്യയില്‍ സുഖകരമായ അനുഭവം ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

കരാര്‍ പ്രഖ്യാപന വേളയില്‍ റൊണാള്‍ഡോയെ ലോകത്തിലെ ഏറ്റവും മികച്ച കായികതാരമെന്നാണ് അല്‍നസ്ര്‍ വിശേഷിപ്പിച്ചത്. മഡ്രീഡില്‍ വെച്ചായിരുന്നു കരാര്‍ ഒപ്പിടല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേതുപോലെ ഏഴാം നമ്പര്‍ ജഴ്‌സി ധരിക്കും.
കഴിഞ്ഞ മാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാര്‍ റദ്ദാക്കിയതു മുതല്‍ 37 കാരനായ പോര്‍ച്ചുഗീസ് താരം ഒരു സ്വതന്ത്ര ഏജന്റാണ്.
ക്ലബ്ബിന്റെ പ്രസിഡന്റും സ്‌പോര്‍ട്‌സ് ഡയറക്ടറും വെള്ളിയാഴ്ച മാഡ്രിഡിലെത്തിയിരുന്നു. ലോകകപ്പിനിടെ നവംബറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍നസ്‌റും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

 

 

Latest News