ഗള്‍ഫില്‍ ഫുട്‌ബോൾ പ്രണയത്തിന് തുടക്കമിട്ടത് പെലെ

ജിദ്ദ - ഖത്തര്‍ ലോകകപ്പ് ഗള്‍ഫിന്റെയും അറബ് ലോകത്തിന്റെയും ഫുട്‌ബോള്‍ ലഹരിയുടെ പ്രദര്‍ശനമായിരുന്നുവെങ്കില്‍ ആ പ്രണയത്തിന് തുടക്കമിട്ടത് പെലെയാണ്. സാന്റോസുമൊത്ത്് പെലെ 1973 ല്‍ പെലെ നടത്തിയ പശ്ചിമേഷ്യന്‍ പര്യടനമാണ് ഗള്‍ഫില്‍ ഫുട്‌ബോളിനോടുള്ള പ്രണയം മൊട്ടിടാന്‍ കാരണമായത്. രണ്ടായിരം പേര്‍ക്കിരിക്കാവുന്ന ദോഹ സ്‌റ്റേഡിയത്തില്‍ ഖത്തര്‍ ടീം അല്‍അഹലരിയെ പെലെയുടെ സാന്റോസ് 3-0 ന് തോല്‍പിച്ചു. ഖത്തര്‍ ലോകകപ്പില്‍ കണ്ട മനം മയക്കുന്ന കളിക്കളങ്ങളൊന്നും അന്ന് ഗള്‍ഫില്‍ ഒരിടത്തും ഉണ്ടായിരുന്നില്ല. 
പെലെയും 1970 ലെ ലോകകപ്പ നേടിയ ബ്രസീല്‍ ടീമിലെ അംഗങ്ങളായ കാര്‍ലോസ് ആല്‍ബര്‍ടൊ, ദ്യാല്‍മ സാന്റോസ്, കോള്‍ഡവാല്‍ഡൊ തുടങ്ങിയവരുള്‍പ്പെട്ട ടീം ഒരാഴ്ചക്കു ശേഷം യു.എ.ഇയിലെത്തി. ദുബായില്‍ അന്നസ്‌റിനെ അവര്‍ 4-1 ന് തോല്‍പിച്ചു. 
1970 ലെ ലോകകപ്പിനു മുമ്പെ പെലെക്ക് അറബ് ലോകവുമായി ബന്ധപ്പെട്ടിരുന്നു. 1967 ലെ ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി അവര്‍ അള്‍ജീരിയയില്‍ കളിച്ചു. 2014 ല്‍ പെലെ വീണ്ടും അള്‍ജീരിയയിലെത്തുകയും അവരുടെ ടീം ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അത്തവണ അര്‍ജന്റീന നോക്കൗട്ട് റൗണ്ടിലെത്തി. അത്തവണ ചാമ്പ്യന്മാരായ ജര്‍മനിയോടാണ് തോറ്റത്. 
1973 ല്‍ പെലെയുടെ സാന്റോസ് ടീം ഈജിപ്തിലെത്തി. കയ്‌റൊ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ അല്‍അഹ്‌ലിയുമായി കളിച്ചു. ഈജിപ്തിന്റെ മണ്ണില്‍ ഇറങ്ങിയ തന്നെ കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് താന്‍ രണ്ടു ഗോളടിക്കുമെന്ന് പെലെ വാഗ്ദാനം നല്‍കി. അതുതന്നെ സംഭവിച്ചു. 5-0 ന് സാന്റോസ് ജയിച്ചു. സുഡാനിലെ ഒമുര്‍ദ്മാന്‍ സ്‌റ്റേഡിയത്തില്‍ അല്‍ഹിലാലുമായും ഗള്‍ഫ് പര്യടനത്തില്‍ ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ രാജ്യങ്ങളിലും പെലെ കളിച്ചു. 
സമീപകാലത്ത് സൗദി വനിതാ ടീം ആദ്യ രാജ്യാന്തര മത്സരം കളിച്ചപ്പോള്‍ പെലെ പ്രശംസ ചൊരിഞ്ഞു, ലോകകപ്പ് സെമി ഫൈനലിലെത്തിയ മൊറോക്കൊ ടീമിനെയും ഫുട്‌ബോള്‍ രാജാവ് അഭിനന്ദിച്ചു. ആഫ്രിക്ക തിളങ്ങുന്നത് അതിയായ സന്തോഷം നല്‍കുന്നുവെന്ന് പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 


 

Latest News