Sorry, you need to enable JavaScript to visit this website.

ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സിനിമ, ഒമര്‍ ലുലുവിനെതിരെ കേസ്

കോഴിക്കോട്- ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയെന്ന് എക്‌സൈസ്. സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്. എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി നിയമപ്രകാരം കേസ് എടുത്തത്.
വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എം.ഡി.എം.എ ഉപയോഗിക്കുന്ന രംഗമാണ് മുഴുനീളം. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.
ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നല്ല സമയം'.

 

Latest News