1977, സെപ്റ്റംബര്‍ 24. അന്നാണ് പെലെ കല്‍ക്കത്തയില്‍ കളിച്ചത്. ന്യൂയോര്‍ക്ക് കോസ്‌മോസിനു വേണ്ടി മോഹന്‍ബഗാനെതിരെ. ബ്രസീല്‍ കുപ്പായമഴിച്ചിട്ട് അപ്പോഴേക്കും ഏഴു വര്‍ഷം പിന്നിട്ടിരുന്നു. ന്യൂയോര്‍ക്ക് കോസ്‌മോസില്‍ ഏതാണ്ട് വിശ്രമജീവിതമായിരുന്നു പെലെക്ക്. എന്നിട്ടും പെലെ എന്ന രണ്ടക്ഷരത്തിന്റെ മാന്ത്രികതയില്‍ കൊല്‍ക്കത്തയെന്ന ഫുട്‌ബോള്‍ നഗരം അലിഞ്ഞു. ടി.വി ഇല്ലാതിരുന്ന ആ കാലത്തും പെലെയുടെ വരവ് വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചതെന്ന് ഫുട്‌ബോള്‍ എഴുത്തുകാരനായ നോവി കപാഡിയ ബെയര്‍ഫൂട്‌സ് ടു ബൂട്‌സ് എന്ന പുസ്തകത്തില്‍ പറയുന്നു.
രാത്രി പതിനൊന്നര മണിക്കാണ് ഡംഡം വിമാനത്താവളത്തില്‍ പെലെയെയും ടീമിനെയും വഹിച്ച് വിമാനം നിലംതൊട്ടത്. പുറത്ത് ലക്ഷങ്ങള്‍ കാത്തുനിന്നു. സെന്‍ട്രല്‍ കല്‍ക്കത്തയിലെ ഹോട്ടലിനു പുറത്ത് പതിനായിരങ്ങള്‍.
ന്യൂയോര്‍ക്ക് കോസ്‌മോസ് ടീമില്‍ മറ്റൊരു ബ്രസീലുകാരന്‍ കൂടിയുണ്ടായിരുന്നു, 1970 ലെ ക്യാപ്റ്റന്‍ കാര്‍ലോസ് ആല്‍ബര്‍ടൊ. ഇറ്റലിയുടെ ജോര്‍ജിയൊ ചിനാഗ്ലിയയും. ഫ്രാന്‍സ് ബെക്കന്‍ബവര്‍ ന്യൂയോര്‍ക്ക് കോസ്‌മോസില്‍ പെലെക്കൊപ്പം കളിച്ചിരുന്നുവെങ്കിലും കല്‍ക്കത്തയിലേക്ക് വന്നില്ല. മത്സര ദിവസം മഴ പെയ്തു. വഴുതി വീഴുമെന്ന് ഭയന്ന് പെലെ കളിക്കാന്‍ വൈമനസ്യം കാട്ടി. അത്ര കാര്യമായൊന്നും ഓടേണ്ടെന്ന് പറഞ്ഞ് മോഹന്‍ബഗാന്‍ ഒഫിഷ്യലുകള്‍ കേണപേക്ഷിച്ചു. പോലിസ് ഉദ്യോഗസ്ഥന്മാര്‍ ഇടപെട്ടു. പെലെ കളിച്ചില്ലെങ്കില്‍ ജനക്കൂട്ടം ബഗാന്‍ ഒഫിഷ്യലുകളെ അടിച്ചുകൊല്ലുമെന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ പെലെ സമ്മതം മൂളി. പക്ഷെ മത്സരത്തിലുടനീളം പെലെ സൂക്ഷിച്ചാണ് കളിച്ചത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ എണ്‍പതിനായിരത്തോളം പേരാണ് കളി വീക്ഷിച്ചത്. ഹൈദരാബാദുകാരന്‍ മുഹമ്മദ് ഹബീബ് ആ കളിയില്‍ പെലെയെ കടത്തിവെട്ടിയെന്ന് നോവി കപാഡിയ എഴുതുന്നു. ഹബീബിന്റെ എണ്ണം പറഞ്ഞ പാസുകളായിരുന്നു രണ്ടു ഗോളുകള്‍ക്കും വഴിതുറന്നത്. പതിനെട്ടാം മിനിറ്റില്‍ ശ്യാം ഥാപ്പയും മുപ്പത്തിമൂന്നാം മിനിറ്റില്‍ ഹബീബും സ്‌കോര്‍ ചെയ്തു. എഴുപത്തഞ്ചാം മിനിറ്റിലെ രണ്ടാം ഗോളോടെ കോസ്‌മോസ് സ്‌കോര്‍ 2-2 ആക്കി.
മത്സരത്തിനു ശേഷം ഹബീബിനെ പെലെ അഭിനന്ദിച്ചു. ഇന്ത്യന്‍ പെലെ എന്ന് അതിനു ശേഷം ഹബീബിന് പേരു വീണു.