ലോകത്തെ സ്തംഭിപ്പിച്ച വ്യക്തി
പെലെക്ക് മുമ്പ് 10 വെറുമൊരു അക്കമായിരുന്നു, ഫുട്‌ബോള്‍ വെറുമൊരു കളിയും. പെലെക്ക് മുമ്പ് ഫുട്‌ബോള്‍ വെറുമൊരു ഹരമായിരുന്നു, പെലെ അതിനെ കലയാക്കി -നെയ്മാര്‍
ലോകത്തെ പലതവണ സ്തംഭിപ്പിച്ച വ്യക്തിയാണ് പെലെ. ഒരുപാട് വിജയങ്ങളില്‍, കിരീടങ്ങളില്‍, കഥകളില്‍ എന്റെ സുഹൃത്ത്. അവിസ്മരണീയമായ, മരിക്കാത്ത പാരമ്പര്യമാണ് അദ്ദേഹം വിട്ടേച്ചുപോവുന്നത്. -മാരിയൊ സഗാലൊ (91), 1958 ലെയും 1962 ലെയും ലോകകപ്പ് വിജയങ്ങളില്‍ സഹകളിക്കാരന്‍.
-രാജാവാണ് ഞങ്ങളെ വിട്ടേച്ചുപോയത്. പക്ഷെ ആ ഓര്‍മകള്‍ മരിക്കില്ല -കീലിയന്‍ എംബാപ്പെ
പെലെയുടെ ഓര്‍മകള്‍ ഞങ്ങളില്‍ എന്നും തുടിച്ചുനില്‍ക്കും -ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ
ആത്മശാന്തി, പ്രിയ പെലെ -ലിയണല്‍ മെസ്സി.
പെലെ കളിക്കുകയായിരുന്നില്ല, സര്‍വം തികഞ്ഞ ഷോ ആയിരുന്നു അത് -ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയൊ ലുല ഡാസില്‍വ
രാജാക്കളുടെ രാജാവ്. ഫുട്‌ബോളിനെ മനോഹരമായ കളിയും ആഗോളസ്‌പോര്‍ട്‌സുമുക്കിയ കളിക്കാരന്‍. എസ്‌കെയ്പ് ടു വിക്ടറി എന്ന സിനിമയില്‍ ഒപ്പമഭിനയിച്ചത് സ്വപ്‌നസാക്ഷാല്‍ക്കാരമായിരുന്നു. -ഓസ്‌വാല്‍ഡൊ ആര്‍ഡിലെസ് (മുന്‍ അര്‍ജന്റീനാ താരം)
ജനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ സ്‌പോര്‍ടിസിന്റെ കരുത്തറിഞ്ഞ വ്യക്തി. ലോകത്ത് ഏറ്റവുമധികം തിരിച്ചറിയപ്പെട്ട കളിക്കാരന്‍ -ബരാക് ഒബാമ (മുന്‍ യു.എസ് പ്രസിഡന്റ്)
പെലെ എന്നെ വിളിച്ചത് സഹോദരനെന്നാണ്, അതിനെക്കാള്‍ വലിയ അംഗീകാരം എനിക്ക് ലഭിച്ചിട്ടില്ല. ഫുട്‌ബോള്‍ എന്നും താങ്കളുടേതായിരിക്കും -ഫ്രാന്‍സ് ബെക്കന്‍ബവര്‍ (1970കളില്‍ ന്യൂയോര്‍ക്ക് കോസ്‌മോസില്‍ ഒപ്പം കളിച്ച ജര്‍മന്‍ താരം)
പെലെയോടൊപ്പം കളിക്കളത്തില്‍ ചെലവിട്ടുവെന്നത് അഭിമാനമുണ്ട്. എക്കാലത്തെയും മികച്ച കളിക്കാരന്‍. ഓര്‍മകള്‍ തിക്കിത്തിരക്കിയെത്തുന്നു. ഞാന്‍ എതിരെ കളിച്ചതില്‍ ഏറ്റവും മികച്ച താരം, ഒപ്പം കളിച്ചതില്‍ ബോബിമൂറാണ് മികച്ച താരം. നന്ദി പെലെ -ജെഫ് ഹേഴ്സ്റ്റ് (1966 ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമംഗം)
മാന്ത്രികമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. ലോകത്തെ സ്തംഭിപ്പിച്ച കലാകാരന്‍ -ജിയാനി ഇന്‍ഫാന്റിനൊ (ഫിഫ പ്രസിഡന്റ്)
ഫുട്‌ബോളില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതു കണ്ടിട്ടുണ്ടെങ്കില്‍, പെലെ അത് ആദ്യം ചെയ്തിട്ടുണ്ടാവും -എര്‍ലിംഗ് ഹാലാന്‍ഡ് (മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരന്‍)