Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലേക്കുള്ള യോഗ്യതാ ടെസ്റ്റ്: കേന്ദ്രങ്ങള്‍ എവിടെ? അറിയേണ്ട വിവരങ്ങള്‍

റിയാദ് - വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യവും ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്ന പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ യോഗ്യതാ ടെസ്റ്റ് ഇന്ത്യയില്‍ ആരംഭിക്കുന്നു.  
പുതിയ വിസകളില്‍ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സ്വദേശങ്ങളില്‍ വെച്ച് യോഗ്യതാ ടെസ്റ്റ് നടത്തുന്ന പദ്ധതി കഴിഞ്ഞ മാസം പാക്കിസ്ഥാനില്‍ നിലവില്‍ വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതി ഇന്ത്യയിലും നടപ്പാക്കുന്നത്. ഇന്ത്യയില്‍ ദല്‍ഹിയിലും മുംബൈയിലുമാണ് യോഗ്യതാ ടെസ്റ്റിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ പ്രൊഫഷനല്‍ അക്രെഡിറ്റേഷന്‍ പ്രോഗ്രാം ആണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, കൂളിംഗ് ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ എന്നീ അഞ്ചു സ്‌പെഷ്യലൈസേഷനുകളില്‍ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവര്‍ക്കാണ് തുടക്കത്തില്‍ സ്വദേശങ്ങളില്‍ വെച്ച് യോഗ്യതാ ടെസ്റ്റ് നടത്തുന്നത്. ആകെ 25 സ്‌പെഷ്യലൈസേഷനുകളില്‍ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സ്വദേശങ്ങളില്‍ വെച്ച് യോഗ്യതാ ടെസ്റ്റ് ബാധകമാക്കാനാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.
യോഗ്യതാ ടെസ്റ്റ് നടത്തുന്ന സെന്ററുകള്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുന്ന സ്ഥിരം സമിതിയുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന ചട്ടങ്ങള്‍ അടുത്തിടെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനു മുമ്പായി വിദേശങ്ങളില്‍ വെച്ച് തൊഴിലാളികള്‍ക്ക് യോഗ്യതാ ടെസ്റ്റുകള്‍ നടത്തുന്ന സെന്ററുകള്‍ക്ക് അംഗീകാരം നല്‍കുന്ന ചുമതലയാണ് സ്ഥിരം സമിതിക്കുള്ളത്.
സൗദിയില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പുവരുത്തുന്ന യോഗ്യതാ ടെസ്റ്റ് പ്രോഗ്രാമിന്റെ നാലാം ഘട്ടത്തിന് കഴിഞ്ഞ മാസം മുതല്‍ തുടക്കമായിട്ടുണ്ട്. ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് നാലാം ഘട്ടത്തില്‍ പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാം നിര്‍ബന്ധമാക്കിയത്. മൂവായിരവും അതില്‍ കൂടുതലും ജീവനക്കാരുള്ള വന്‍കിട കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നിര്‍ബന്ധമാക്കിയത്. 500 മുതല്‍ 2,999 വരെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികള്‍ക്ക് രണ്ടാം ഘട്ടത്തിലും 50 മുതല്‍ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്നാം ഘട്ടത്തിലും പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നിര്‍ബന്ധമാക്കി. ഒന്നു മുതല്‍ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ തൊഴില്‍ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കും.
എട്ടു സ്‌പെഷ്യാലിറ്റികള്‍ക്കു കീഴില്‍ വരുന്ന 205 തൊഴിലുകള്‍ ഇതിനകം പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മാറിയിട്ടുണ്ട്. സൗദിയില്‍ 23 തൊഴില്‍ കുടുംബങ്ങളില്‍ പെടുന്ന 1,099 തൊഴിലുകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് തൊഴില്‍ യോഗ്യതാ ടെസ്റ്റ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇക്കൂട്ടത്തില്‍ പെട്ട മുഴുവന്‍ തൊഴിലുകള്‍ക്കും യോഗ്യതാ ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന അവസാന ഘട്ടം വൈകാതെ നടപ്പാക്കി തുടങ്ങാനാണ് നീക്കം.
പ്രൊഫഷനല്‍ തൊഴിലാളികള്‍ക്ക് അവര്‍ നിര്‍വഹിക്കുന്ന തൊഴിലുകളില്‍ ആവശ്യമായ പരിജ്ഞാനവും നൈപുണ്യങ്ങളും ഉണ്ടെന്നും മതിയായ യോഗ്യതകളുള്ള പ്രൊഫഷനല്‍ തൊഴിലാളികളെ മാത്രമാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും ഉറപ്പുവരുത്താനും തൊഴില്‍ പരിജ്ഞാനവും ആവശ്യമായ നൈപുണ്യങ്ങളുമില്ലാത്തവരെ പ്രാദേശിക തൊഴില്‍ വിപണിയില്‍ നിന്ന് പുറത്താക്കാനും സൗദി തൊഴില്‍ വിപണിയില്‍ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്താനും തൊഴിലാളികളുടെ ശേഷികള്‍ പരിപോഷിപ്പിക്കാനും പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു.
പ്രോഗ്രാമിന്റെ ഭാഗമായി തങ്ങളുടെ സ്‌പെഷ്യലൈസേഷന്‍ മേഖലയില്‍ വിദേശ തൊഴിലാളികള്‍ക്ക് ആവശ്യമായ നൈപുണ്യങ്ങള്‍ സ്വായത്തമാണെന്ന് ഉറപ്പുവരുത്താന്‍ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് നടത്തുന്നത്. സൗദിയിലുള്ള തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും യോഗ്യതാ പരീക്ഷ പാസാകല്‍ നിര്‍ബന്ധമാണ്. യോഗ്യതാ ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ ആയിരക്കണക്കിന് വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകളും ഇഖാമകളും പുതുക്കുന്നത് കഴിഞ്ഞ മാസങ്ങളില്‍ വിലക്കിയിരുന്നു. യോഗ്യതാ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കാലാവധി അഞ്ചു വര്‍ഷമാണ്.

 

 

Latest News