പാലക്കാടിന്റെ കലാസാംസ്‌കാരിക പൈതൃകത്തിനൊപ്പം പ്രമോദ് ദാസ് എന്ന പേര് ചേർന്നിട്ട് മൂന്നു പതിറ്റാണ്ട് പിന്നിടുന്നു. പ്രസന്നമായ മുഖഭാവവും ചടുലവും സുന്ദരവുമായ ചുവടുകളും കൊണ്ട് ശ്രദ്ധേയനായ കലാകാരൻ. നൃത്തരംഗത്ത് അത്രമേൽ ശോഭിച്ചൊരാൾക്ക് ചിലങ്കയുടെ താളത്തിനപ്പുറം മറ്റൊന്നിനെയും സ്‌നേഹിക്കാനാവില്ലെന്ന് ജീവിതം കൊണ്ട് കുറിച്ചിടുകയാണ് പ്രമോദ് ദാസ്.
സ്‌കൂൾ, കോളേജ് കാലത്തെ കലാമത്സരങ്ങളിലെ വിജയങ്ങൾ പ്രമോദിന് നൽകിയത് കലയോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും. നൃത്തത്തിലുള്ള അറിവ് വരുംതലമുറയ്ക്ക് പകർന്നു കൊടുക്കുക.
'പറഞ്ഞു കൊടുക്കുന്തോറും ഉള്ളിൽ പ്രകാശമേറുന്നതാണ് കല. എന്റെ ഗുരുക്കൻമാർ എനിക്കു മനസുനിറച്ചാണ് നൃത്തം പകർന്നുതന്നത്.അതു ഞാനും ചെയ്യുന്നു.ഞാൻ നൃത്തരംഗത്ത് ഇപ്പോഴും വിദ്യാർഥി തന്നെയാണ്.ഗുരു എന്ന സ്ഥാനത്തെക്കാൾ നൃത്തപരിപോഷകനായാണ് ഞാനീ രംഗത്തുള്ളത്'- പ്രമോദ് ദാസ് പറയുന്നു. നിലപാടുകളിൽ, നേട്ടങ്ങളിൽ,മത്സരങ്ങളിലെ അപൂർവ്വതകളിൽ വ്യത്യസ്തനാവുകയാണ് പ്രമോദ് ദാസ്.
നൃത്തരംഗത്തെ തുടക്കം കുട്ടിക്കാലത്തു തന്നെയാവുമല്ലോ?
മൂന്നാം വയസിൽ അച്ഛനും അമ്മയുമാണ് ചുവടുകളുടെ ലോകത്തേക്ക് എത്തിച്ചത്.കലാമണ്ഡലം സുശീല,മുരളി മാസ്റ്റർ,കലാമണ്ഡലം പ്രേമലത,ശോഭ ശിവദാസ് എന്നിവരാണ് ആദ്യം പഠിപ്പിച്ചത്.റിഗാറ്റ ഗിരിജാചന്ദ്രൻ,നന്ദൻകോട് വിനയചന്ദ്രൻ എന്നിവരുടെ കീഴിൽ നൃത്തപഠനം തുടർന്നു.കലോത്സവങ്ങളിൽ പങ്കെടുത്ത വിജയങ്ങളാണ് ആദ്യ നേട്ടം.
30 കൊല്ലമായി നൃത്തരംഗത്ത് സജീവമാണല്ലോ?
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഒപ്പം മത്സരിച്ച സുഹൃത്തിന് ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് പരിശീലനം നൽകി.നട്ടുവാങ്കവും വഴങ്ങിത്തുടങ്ങിയത് ആ കാലത്താണ്.ഇപ്പോഴും നൃത്തം പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
അവതരണത്തിലെ തെറ്റുകൾ തിരുത്തി നൽകാറുണ്ട്.അത്രമാത്രം. സർക്കാർ സ്‌ക്കൂളിലെ അധ്യാപകനാണ് ഞാൻ.അക്ഷരം പകർന്നു നൽകലാണ് ഉത്തരവാദിത്വം.അതു പൂർണമായി നിറവേറ്റുന്നതിനാൽ സമയക്കുറവുണ്ടെന്നതാണ് നൃത്തവുമായി മുന്നോട്ടു പോകുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
ഇന്നും ഞാൻ നൃത്തരംഗത്ത് വിദ്യാർത്ഥിയാണ്.രേവ സർവ്വകലാശാലയിൽ മോഹിനിയാട്ടത്തിൽ ബിരുദാനന്തരബിരുദത്തിന് വിദൂരവിദ്യാഭ്യാസം നടത്തുകയാണ്.അറിവു നേടുകയെന്നത് അവനവനെ മെച്ചപ്പെടുത്തൽ കൂടിയാണ്.
കലോത്സവങ്ങളിലെ തിളങ്ങുന്ന താരമായിരുന്നല്ലോ? മറക്കാനാവാത്ത അനുഭവങ്ങൾ?
16ാം വയസിൽ ഗുരു എന്ന സ്ഥാനത്തിന്റെ ഗൗരവമുൾക്കൊള്ളാനായത് ഭാഗ്യമായി കാണുന്നു.1996ൽ മത്സരാർഥിയായും ഗുരുവായും കാലിക്കറ്റ് സർവ്വകലാശാല സോണൽ കലോത്സവത്തിൽ പങ്കെടുത്തു.ശിഷ്യ ഭാവന.യു.കാന്തിയോടൊപ്പം മത്സരിച്ചു.ഗുരുവും ശിഷ്യയും കലാപ്രതിഭ-കലാതിലകപ്പട്ടങ്ങൾ നേടി.ഇത് കലാരംഗത്തെ അപൂർവ്വതയാണ്, നേട്ടത്തിനപ്പുറമുള്ള സന്തോഷവുമാണ്.1999,2000 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിൽ ശിഷ്യരായ സൂരജ്,ധനൂപ് എന്നിവരും ഞാനും മത്സരാർഥിയായി.ടി.ടി.ഐ പഠനകാലത്തായിരുന്നുവത്.വിഭാഗങ്ങൾ വേറെയാണെങ്കിലും ആ അനുഭവവുംപ്രിയപ്പെട്ടതാണ്.

കലോത്സവത്തിലെ മത്സരാർത്ഥിയായ കാലത്തെയും ഇന്നത്തെയും കലോത്സവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?
കലയും കലാകാരനും ഒരു നിലാവു പോലെയാണ്.കല ആസ്വദിക്കാനുള്ളതു മാത്രമാണ്.സമൂഹത്തോട് സംവദിക്കാനും അതിനു സാധിക്കും.മനസുകളെ ചേർത്തുനിർത്തുന്ന നന്മ കൂടിയാണത്. മത്സരം എന്നത് രണ്ടാമതു മാത്രം വരുന്നതാണ്. ഞാൻ മത്സരിച്ചിരുന്ന കാലത്ത് ഒരു വേദി കിട്ടുന്നു,നന്നായി കളിക്കണം എന്നാണ് ചിന്തിച്ചത്.ഞാൻ മാത്രമല്ല എല്ലാവരും അങ്ങനെയായിരുന്നു.
ഭക്ഷണവും ആഭരണങ്ങളും ചമയങ്ങളും വസ്ത്രങ്ങളുമൊക്കെ പങ്കുവച്ചാണ് അന്നു മത്സരിച്ചത്. എതിരാളികളായല്ല കൂട്ടുകാരായി മാത്രം മത്സരാർത്ഥികൾ പരസ്പരം കണ്ടു. വിജയിച്ചവരെ സമ്മാനം കിട്ടാത്തവർ സ്‌നേഹത്തോടെ അഭിനന്ദിച്ചിരുന്നു. കലയെ ഉത്സവമാക്കിയ കാലം തന്നെയായിരുന്നു അത്.
ഇന്ന് കലോത്സവങ്ങൾ
കലാപോത്സവങ്ങളാവുകയാണ്.ആരോപണങ്ങൾ,പ്രത്യാരോപണങ്ങൾ,സാമൂഹികമാധ്യമങ്ങൾ വഴി കരിവാരിതേക്കൽ,പ്രതിഷേധങ്ങൾ..ചില പരിശീലകർ നിലനിൽപ്പിനായി സംഘം ചേരുന്നു.കുട്ടികളെ വിദ്വേഷവും മത്സരവും പഠിപ്പിക്കുകയാണ്.ഈ യുദ്ധസമാനമായ അന്തരീക്ഷത്തിന് മാറ്റം വരണം.അതിന് കലോത്സവത്തിൽ എത്തുന്നവരുടെ കാഴ്ചപ്പാടിൽ വിശാലതയുണ്ടാവണം.
നൃത്തരംഗത്തെ നേട്ടങ്ങൾ?
നല്ല കുറച്ച് നർത്തകരെ വാർത്തെടുക്കാനായി എന്നതാണ് പ്രധാനനേട്ടം.പലരും നൃത്തരംഗത്തു തന്നെ തുടരുന്നു.ചിലരുടെ ഉപജീവനമാർഗവും നൃത്തമാണ്.
ഗുരു ഗോപിനാഥ് ട്രസ്റ്റിൻെറ കേരളനടന പുരസ്‌ക്കാരം,നടന പ്രസന്നപുരസ്‌ക്കാരം,ആർട്ട് ആൻറ് കൾച്ചറൽ മൂവ്‌മെൻറ് ഓഫ് ഇന്ത്യയുടെ നാട്യരത്‌ന പുരസ്‌ക്കാരം,ആലോചന സാഹിത്യവേദി പുരസ്‌ക്കാരം,അന്താരാഷ്ട്ര തമിഴ് സർവ്വകലാശാലയുടെ ഡി.ലിറ്റ് എന്നിവയ്‌ക്കെല്ലാം അർഹനായി.ഇത് എൻെറ ഉത്തരവാദിത്വങ്ങൾ കൂട്ടുന്നു.
നൃത്താധ്യാപകൻ എന്ന നിലയിൽ സംതൃപ്തനാണോ?
ഞാൻ നേരത്തേ പറഞ്ഞുവല്ലോ നൃത്താധ്യാപകൻ എന്നല്ല,നൃത്തപരിപോഷകൻ എന്ന നിലയിലാണ് എൻെറ പ്രവർത്തനം.ആ നിലയിൽ ഞാൻ സംതൃപ്തനാണ്.എനിക്ക് സ്വന്തമായി നൃത്തവിദ്യാലയമില്ല.സുഹൃത്തുക്കളും ശിഷ്യരും നടത്തുന്ന സ്ഥാപനങ്ങളിൽ നൃത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാർഗ നിർദ്ദേശം നൽകുന്നു.എൻെറ മുതിർന്ന ശിഷ്യരാണ് കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത്.അവർ പുതിയ ഇനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ കോറിയോഗ്രഫിയിൽ സക്രിയമായി ഇടപെടും.
നർത്തകൻ എന്ന നിലയിൽ താങ്കൾ വേദികളിലെത്തുന്നത് അപൂർവ്വമാണല്ലോ?
സർക്കാർ സ്‌ക്കൂളിലെ അധ്യാപകൻ എന്ന ജോലി എന്നിലേൽപ്പിച്ചിരിക്കുന്ന ദൗത്യം പുതു തലമുറയെ അക്ഷരലോകത്തെ പ്രതിഭകളാക്കാനാണ്.ആ ഉത്തരവാദിത്വങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.അതു കഴിഞ്ഞുള്ള സമയം നൃത്തത്തെക്കൂടുതൽ അറിയാൻ പ്രയോജനപ്പെടുത്തുന്നു.അതിയായ മോഹവുമായി നൃത്തം പഠിക്കാനെത്തുന്നവരെ യാതൊരു സാമ്പത്തികലാഭേച്ഛയില്ലാതെ വഴികാട്ടാറുണ്ട്.പുതിയ കുട്ടികൾ,നിർധനരാണെന്ന കാരണത്താൽ നൃത്തപഠനം ഉപേക്ഷിക്കേണ്ടിവരരുതെന്ന ലക്ഷ്യത്തോടെ ട്രസ്റ്റ് രൂപവത്ക്കരിക്കാനുള്ള ആലോചനയിലാണ്.തിരക്കുകൾ കഴിഞ്ഞ് ഒരു പ്രൊഫഷണൽ നർത്തകൻ എന്ന രീതിയിൽ എനിക്ക് നീതി പുലർത്താൻ ആയിട്ടില്ല.സാധകമുണ്ടെങ്കിലും വേദികളിലെത്താൻ വേണ്ട മറ്റുഘടകങ്ങൾ പൂർണതയോടെ സ്വയം പ്രകാശിപ്പിക്കാനാവുന്നില്ല.ശിഷ്യരും പ്രശിഷ്യരും വേദിയിൽ തിളങ്ങുമ്പോൾ എൻെറ നേട്ടം തന്നെയാണതും.മകൾ അമേയയും ഇപ്പോൾ വേദികളിലെത്തിത്തുടങ്ങി.
നൃത്തകലയ്ക്ക് കേരളത്തിൽ സാധ്യതയുണ്ടോ?
സാധ്യതകളേറെയാണ്.പക്ഷേ അവിടേക്ക് എത്തിപ്പെടേണ്ട വഴി ഏറെ ദുഷ്‌കരമാണ്. കഴിവുള്ളവർ അംഗീകരിക്കപ്പെടണം.കിടമത്സരങ്ങളും അനാവശ്യമായ ഇടപെടലുകളും മറ്റു രംഗങ്ങളിലെ പോലെ ഇവിടെയുമുണ്ട്.ലോകം മുഴുവൻ ശാസ്ത്രീയ നൃത്തകല കാണാൻ ആഗ്രഹിക്കുന്നുണ്ട്. പണ്ടുകാലത്ത് ഇത്തരം അവസരങ്ങളും കുറവായിരുന്നു.
പുതിയ തലമുറ കലോത്സവത്തിനല്ലാതെ ഗൗരവമായി കലയെ കാണുന്നുണ്ടോ?
ഇല്ല എന്നും ഉണ്ട് എന്നും തീർത്തുപറയനാവില്ല.കലോത്സവങ്ങളിൽ മത്സരിച്ചതു കൊണ്ട് ഇഷ്ടപ്പെട്ട കലാരൂപത്തിൽ ഡോക്ടറേറ്റും സ്‌കോളർഷിപ്പും നേടുന്നവർ കുറേയുണ്ട്.പക്ഷെ കാപ്‌സ്യൂൾ പഠനം കഴിഞ്ഞ് ഉപേക്ഷിക്കുന്നവരുമുണ്ട്.ചിലർ ജ്ഞാനം സമ്പാദിക്കാതെ ഗുരുവേഷം കെട്ടുന്നു.കല വരദാനമാണ്,അനുഗ്രഹിക്കപ്പെട്ടവർ ഒരിക്കലും അത് ഉപേക്ഷിക്കരുതെന്നാണ് എൻെറ പക്ഷം.
പണച്ചെലവ് നൃത്തരംഗത്ത് ഒരു തടസ്സം തന്നെയല്ലേ?
അല്ല എന്നാണ് ഞാൻ പറയുക.കഴിവ്,കഠിനാധ്വാനം,താത്പര്യം ഇവയുണ്ടെങ്കിൽ പണച്ചെലവിനെ മറികടക്കാം.ഞാൻ പണ്ട് പരിശീലിപ്പിച്ചിരുന്ന കാലത്ത് എന്റെ ശിഷ്യരിൽ സാമ്പത്തികകെട്ടുറപ്പില്ലാത്തവരും ഉണ്ടായിരുന്നു.അവരെ സൗജന്യമായി ഞാൻ പഠിപ്പിച്ചിട്ടുണ്ട്.പക്കമേളത്തിനും ആടയാഭരണങ്ങളും എന്റെ ചെലവിൽ നൽകിയിട്ടുണ്ട്.വിജയങ്ങളാണ് അവർ തിരിച്ചുതന്നത്.അതിൽ ചിലർ ഇന്ന് പ്രശസ്ത നർത്തകരുടെ പട്ടികയിൽ ഉള്ളവരാണ്.ഇന്നും ഞാൻ കഴിവുള്ള കുട്ടിയെ കൈപിടിച്ചുയർത്താൻ തയ്യാറാണ്.ആർക്കും ധൈര്യമായി എന്നെ സമീപിക്കാം.
ശിഷ്യരിലെ പ്രമുഖർ?
ബാംഗ്ലൂരിലെ ഭാവന.യു.കാന്തി,ദക്ഷിണ.യു.കാന്തി,സൂരജ് ശ്രീചിത്ര, പി.കെ.ധനൂപ്, ഡോ.സൗമ്യ സരിൻ, മൻസിയ, സിനിമാതാരം പാർവ്വതി നമ്പ്യാർ, വിസ്മയ, സിനിമാ-ടെലിവിഷൻ താരം മാളവിക കൃഷ്ണദാസ്, മുൻ സർവകലാശാല കലാതിലകങ്ങളായ രഞ്ജിത.സി.ഗോപാൽ, അനുഷാനായർ, ശ്യാമ ബാലചന്ദ്രൻ, എം.എസ് ഗോപിക... ശിഷ്യസമ്പത്താൽ അനുഗ്രഹിക്കപ്പെട്ടുവെന്ന് തന്നെ പറയണം.
അച്ഛൻെറ വഴിയിലൂടെയാണല്ലോ മകളും?
അവൾക്ക് നൃത്തം പഠിക്കണമെന്നു പറഞ്ഞു കൊണ്ട് അതിനുള്ള സാഹചര്യമൊരുക്കുന്നു.
ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യം, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനം നേടി.സ്വരലയ കലോത്സവങ്ങളിലെ വിജയിയാണ്.പഞ്ചരത്‌ന നടനതിലകം,കുട്ടിപ്രതിഭാപുരസ്‌ക്കാരം,സൃഷ്ടി അന്താരാഷ്ട നൃത്തമത്സര വിജയി,എ.ഐ.ഡി.എയുടെ എംപാനൽ കലാകാരി എന്നിവയൊക്കെ അവളിലെ നർത്തികയെ കൂടുതൽ തിളക്കമേകുന്നുവെന്നത് അച്ഛനെന്ന നിലയിൽ അഭിമാനം.
കുടുംബം?
സി.എൻ.പുരം ജലധനഗറിലാണ് താമസം. ഭാര്യ വീണാചന്ദ്രൻ പാലക്കാട് പി.എം.ജി.സ്‌ക്കൂളിലും ഞാൻ വടക്കുംമ്പാടം ജൂനിയർ ബേസിക് സ്‌കൂളിലും അധ്യാപകരാണ്. മകൾ- അമേയ വി. പ്രമോദ്,മകൻ- കേശവ്.വി.പ്രമോദ്. സെന്റ് തോമസ് കോൺവെന്റിൽ ആറിലും ഒന്നിലും പഠിക്കുകയാണവർ. അച്ഛൻ പി. ഉണ്ണികൃഷ്ണൻ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഡെപ്യൂട്ടി ജനറൽ മാനേജറായി വിരമിച്ചു. അമ്മ കെ.ശോഭന കൽപാത്തി എ.യു.പി.സ്‌ക്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ചു. വിനോദ് കുറുപ്പത്ത് (ബാബ ആറ്റോമിക് റിസർച്ച് സെന്റർ), വിദ്യ.കെ എന്നിവർ സഹോദരങ്ങളാണ്.






