ഹൃദയാകാശത്തേക്ക് ചേക്കേറുന്ന കവിതകൾ

തീവ്രമായ ചിന്തകൾ മനസ്സിനെ വേട്ടയാടുമ്പോൾ രൂക്ഷമായ ചിന്തകളുണ്ടാവും എന്നത് ഒരു യാഥാർത്ഥ്യമാണ്. പുസ്തകത്തിന്റെ തന്നെ മുഖമൊഴിയിൽ പറഞ്ഞതിനെ അന്വർഥമാക്കും വിധം റസീനയുടെ കവിതകളിൽ സ്വാതന്ത്ര്യത്തിന്റെ ശംഖുനാദവും സാന്ത്വനത്തിന്റെ മന്ദഹാസവും അലിഞ്ഞുചേർന്നിരിക്കുന്നു. ഏതൊരാൾക്കും വായിച്ചാൽ എളുപ്പം മനസ്സിലാകും വിധത്തിലുള്ള ഒരു പറ്റം കവിതകളാണ് റസീന കെ.പിയുടെ 'ആകാശം തൊടുന്ന പൂമരം 'എന്ന സമാഹാരത്തിലുള്ളത്. ഓരോ കവിതയും അനുവാചകരുടെ ഹൃദയാകാശം തൊടുന്ന പൂമരമായി മാറുകയാണ്. ജീവിതാനുഭവങ്ങളുടെ മഷിയിൽ മുക്കി എഴുതിയ ഈ കവിത കൾക്ക് ലാളിത്യവും കൗതുകങ്ങളുമുണ്ട്. ഓരോ കവിതയും ആസ്വാദക ഹൃദയങ്ങളിൽ ഓളങ്ങൾ സുഷ്ടിക്കാൻ മാത്രം പര്യാപ്തമാണ്
നമ്മുടെ ജീവിതാനുഭവങ്ങളുമായി പ്രത്യേകിച്ച് പ്രണയവും സ്‌നേഹവും ദുരിതങ്ങളുമെല്ലാം അടങ്ങുന്ന മനുഷ്യാനുഭവങ്ങളാണ് ഈ രചനകളിലെല്ലാം വിഷയമാക്കിയിരിക്കുന്നത്.

'വിഷാദം കറുത്ത പക്ഷിയായി ചിന്തകളെ
കൊത്തിവിഴുങ്ങുമ്പോഴാണ്
മടുപ്പ് അതിരുകെട്ടിത്തിരിച്ച രാജ്യമാകുന്നത്' 

ഒരാളിൽ വിഷാദം ഉടലെടുക്കുമ്പോഴുള്ള അവസ്ഥാവിശേഷങ്ങളെ എത്ര മനോഹരമായിട്ടാണ്
'ഗർത്തങ്ങൾ രൂപപ്പെടുന്നത് ' എന്ന കവിതയിലൂടെ അടയാളപ്പെടുത്തുന്നത്. ഏകാന്തതയിൽ സ്വയം തീർക്കുന്ന ചിന്താക്കുഴപ്പങ്ങളിലാണ് റസീനയുടെ കവിതകൾ രൂപം കൊള്ളുന്നത്.

'കുടിയേറുന്നിടത്തെല്ലാം രാജകീയ കൊട്ടാരം പണിത്
ഒറ്റയാൾ ഭരണത്തിനു തുടക്കംകുറിക്കുന്ന ചിലന്തികൾ
ശിലായുഗത്തിലെ മനുഷ്യരുടെ പൂർവ്വികരായിരിക്കണം'
'ചിലന്തികൾ' എന്ന കവിത അനുവാചകർക്ക് പല തിരിച്ചറിവുകളും നൽകി കൊണ്ടാണ് കടന്നുപോകുന്നത്.

'ചൂണ്ടുവിരലിന്റെ
മഷിയടയാളങ്ങളിൽ
നിന്ന് കൊഴിഞ്ഞു പോയൊരു വാക്ക്
വാഗ്ദാനത്തിന്റെ മറ പറ്റി
ഇപ്പോഴും ഉറങ്ങാതിരിക്കുന്നു'

'വിമോചകർ 'എന്ന കവിതയിലൂടെ പുതിയ കാലത്തോടാണ് കവി സംവദിക്കുന്നത്. 

'പെൺമരങ്ങൾക്ക് ഹൃദയമുണ്ടാവില്ലെന്ന
നുണകളുടെ നേരുപിടിച്ചാണ്
ആകാശം തൊടുന്ന
പൂക്കളെയെല്ലാം
വെട്ടിനിരത്തിയത്.'

'ആകാശം തൊടുന്ന പൂമരങ്ങൾ ' എന്ന കവിത പെൺജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്. വാക്കുകളിലെ അഗാധമായ അർത്ഥ സൂചകമാണ് കവിയുടെ രചനകളെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം.

'വീടിനോടു പിണങ്ങിയിറങ്ങുന്ന
അടുക്കളയെ
ഒരിക്കലും തടഞ്ഞേക്കരുത്'

'സ്വാതന്ത്ര്യം 'എന്ന കവിത വ്യതിരിക്തമായ ചിന്തയാണ് അനുവാചകർക്ക് പകർന്നു കൊടുക്കുന്നത്.

'ഓരോ മനുഷ്യനും
ഓരോ ദ്വീപായി മാറിയതും
ആകാശവും ഭൂമിയും കയ്യടക്കിയ
താഴ്‌വാരങ്ങളിൽ നിശബ്ദത മാത്രം പൂത്തതും എത്ര പെട്ടെന്നായിരുന്നു.'

'നിശ്ശബ്ദ തടവറകൾ ' എന്ന കവിതയിൽ പരസ്പര ബന്ധത്തിന്റെ ശൂന്യതയാണ് പ്രകടമാകുന്നത്

'ചിലപ്പോൾ സൗഹൃദത്തിന്റെ ചിറകുവിരിച്ച്
അല്ലെങ്കിൽ ശാസനയുടെ തലോടലിൽ
അതുമല്ലെങ്കിൽ
വഴക്കിന്റെ ഉച്ചസ്ഥായിയിൽ'

'രാക്കിനാവ് പൂക്കുമ്പോൾ 'എന്ന കവിതയിൽ സ്വപ്നത്തിൽ വന്നു പോകുന്ന പ്രിയപ്പെട്ടവരെക്കുറിച്ചാണ് പറയുന്നത്.

'ഒരൊറ്റ മഴയിൽ
കുത്തിയൊലിച്ചു പോയ
വീടിന്റെ സ്ഥാനം
എങ്ങനെയാണ് കണ്ടുപിടിക്കാനാവുക'

'ഒലിച്ചുപോയ വീട് 'എന്ന കവിതയും അനുവാചകരെ കൂടുതൽ ചിന്തിപ്പിക്കുകയാണ് ചെയ്യുന്നത്.

'നിന്നെ വായിക്കുമ്പോഴെല്ലാം
ഒരു ദേശാടനപ്പക്ഷിയുടെ വിരഹ മൗനം
അക്ഷരങ്ങൾക്കിടയിലൊളിക്കുകയും
ആകാശക്കീറുകൾക്കിടയിലൂടെ
ഊർന്നു വീഴുന്ന നക്ഷത്രങ്ങൾ വായന തടസ്സപ്പെടുത്തുകയും ചെയ്യും'

'നീ ആരായിരുന്നു ' എന്ന കവിതയിൽ പ്രണയമാണ് ഇതൾ വിടർത്തുന്നത്. കടലാഴമുളളതിനാലാവും ഈ സമാഹാരത്തിലെ കൂടുതൽ കവിതയും പ്രണയവുമായി ബന്ധപ്പെട്ട് കിടക്കുന്നത്.

'നീയില്ലായ്മയുടെ ആഴങ്ങളിൽ
പുതഞ്ഞു പോയ ചില നിശ്ശബ്ദതകളുണ്ട്'
'അവസ്ഥാന്തരങ്ങൾ ' എന്ന കവിതയിൽ ചിലരുടെ അസാന്നിദ്ധ്യം പകരുന്ന വേദനയാണ് പ്രകടമാകുന്നത്.

'ചിലരങ്ങനെയാണ്
പലതും പറഞ്ഞു കൊണ്ട്
കയറിവരും
ഒന്നും പറയാതെ
ഇറങ്ങിപ്പോവുകയും
ചെയ്യും'

'ചിലർ 'എന്ന കവിത ഒന്നും പറയാതെ ഇറങ്ങിപ്പോവുന്നവരെക്കുറിച്ചാണ് വേവലാതിപ്പെടുന്നത്.

'ഒരു സ്വപ്നത്തിന്റെ
പാതി മുറിഞ്ഞ
ഉറക്കിൽവെച്ച്
നാം വീണ്ടും
കണ്ടുമുട്ടിയേക്കാം'

'ശലഭച്ചിറക് പിറവി കൊള്ളുന്ന നിമിഷം ' എന്ന കവിതയിൽ പ്രണയത്തിന്റെ അനേകം വരികളാണ് പൂക്കുന്നത്.
ഓരോ കവിതയും വായനക്കപ്പുറം നിമിഷനേരം കൊണ്ട് ഹൃദയ സഞ്ചാരവും തീർത്ഥാടനവുമായി മാറുന്നുണ്ട്.ആർക്കും പ്രാപ്യമാകുന്ന ഭാഷ, ആരെയും ആവേശിക്കുന്ന ഭാവനഎല്ലാം റസീന കെ.പിയുടെ എടുത്ത് പറയേണ്ട സവിശേഷതയാണ്.

Latest News