Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരെ ഉൾപെടുത്തണം, ആരെ ഒഴിവാക്കണം

സോചിയിലെ ലോകകപ്പ് സ്റ്റേഡിയം.

ഗ്രൂപ്പ് സി: ഫ്രാൻസ്

ആവശ്യത്തിലും വളരെയേറെ സാധ്യതകളുണ്ട് എന്നതാണ് ഫ്രാൻസിന്റെ പരിശീലകൻ ദീദിയർ ദെഷോമിനെ കുഴക്കുന്നത്. റയൽ മഡ്രീഡിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ച കരീം ബെൻസീമയെ ടീമിൽ വേണ്ടെന്ന നിലപാടിൽ ഉറച്ചുനിന്നിട്ടു കൂടിയാണ് ഇത്. ആക്രമണ നിരയിൽ ഇത്രയേറെ വൈവിധ്യമുള്ള കളിക്കാരുണ്ടായിട്ടും ഫ്രാൻസ് ഇത്തവണ കരുത്തു കാട്ടിയില്ലെങ്കിൽ ആരാധകർ ദെഷോമിനോട് കണക്കു ചോദിക്കും.
ഗോൾവലക്കു മുന്നിൽ ഹ്യൂഗൊ യോറിസ്, പ്രതിരോധത്തിൽ റഫായേൽ വരാൻ, മധ്യനിരയിൽ പോൾ പോഗ്ബ.. ലോക ഫുട്‌ബോളിലെ മികച്ച പ്രതിഭകളാണ് എല്ലാ പൊസിഷനിലുമുള്ളത്. എന്നിട്ടും നിസ്സാരമായി ഗോൾ വഴങ്ങുന്നു എന്നതാണ് ടീമിന്റെ പ്രശ്‌നം. പ്രതീക്ഷകളുടെ ഭാരം അവരെ വേട്ടയാടുന്നു. 
ആറ് വർഷമയി പരിശീലക സ്ഥാനത്തുള്ള ദെഷോം ഇതിനകം സന്തുലിതമായ ഒരു നിരയെ കണ്ടെത്തേണ്ടതായിരുന്നു. പ്രയാസകരമായ ഗ്രൂപ്പിലുമല്ല അവർ. ഭയക്കേണ്ടത് ഡെന്മാർക്കിനെ മാത്രം. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായാൽ അർജന്റീനക്കു മുന്നിൽ ചെന്നുപെട്ടേക്കാം. ഫ്രാൻസ് ഒരേയൊരു ലോകകപ്പ് നേടിയതിന്റെ ഇരുപതാം വാർഷികമാണ് ഇത്. കളിക്കാരനെന്ന നിലയിൽ ദെഷോമിന് സാധിച്ചത് കോച്ചെന്ന നിലയിൽ സാധിക്കുമോ? 


കോച്ച്
സ്വന്തം നാട്ടിൽ രണ്ടു വർഷം മുമ്പ് നടന്ന യൂറോ കപ്പ് ഫൈനലിൽ പോർചുഗലിനോട് തോറ്റത് ദെഷോമിന് വലിയ നിരാശയാണ് സമ്മാനിച്ചത്. യുവത്വവും പരിചയസമ്പത്തും തുളുമ്പുന്ന ഈ ടീം ലോകകപ്പിൽ സെമിയിലെങ്കിലുമെത്തേണ്ടതാണ്. ഫ്രാൻസ് 1998 ൽ ലോകകപ്പും 2000 ൽ യൂറോ കപ്പും നേടിയത് ദെഷോമിന്റെ ക്യാപ്റ്റൻസിയിലാണ്. വീണ്ടും കപ്പിൽ കൈ വെക്കാനുള്ള അപൂർവ അവസരമാണ് തേടിയെത്തിയിരിക്കുന്നത്.


ഗോൾകീപ്പർമാർ
ഷോട്ടുകൾ തടുക്കുന്നതിലും ക്രോസുകൾ തടയുന്നതിലും ഗോൾമുഖത്തെ അനിഷേധ്യ സാന്നിധ്യമാണ് യോറിസ്. എന്നാൽ സമീപകാലത്ത് ഫ്രഞ്ച് ജഴ്‌സിയിലും ഇംഗ്ലണ്ടിൽ ടോട്ടനം ഗോൾവലക്കു മുന്നിലും അലക്ഷ്യമായ പിഴവുകൾ വരുത്തി. സന്നാഹ മത്സരത്തിൽ കൊളംബിയക്കെതിരെ നിസ്സാര പിഴവ് വരുത്തി, യോഗ്യതാ റൗണ്ടിൽ സ്വീഡൻ ഗോളടിച്ചത് മധ്യവരക്കടുത്തു നിന്ന് ഉയർത്തിയ പന്തിലാണ്. രണ്ടാം ഗോളി സ്റ്റീവ് മൻഡാൻഡയും 26 തവണ ഫ്രഞ്ച് കുപ്പായമിട്ടിട്ടുണ്ട്, എങ്കിലും ജാഗ്രതക്കുറവുണ്ട്. കഴിഞ്ഞ ദിവസം യൂറോപ്പ കപ്പ് ഫൈനലിലും മൻഡാൻഡക്ക് പിഴവ് സംഭവിച്ചു. പി.എസ്.ജിയിൽ ഉജ്വല ഫോമിലുള്ള അൽഫോൺസ് അരിയോലയും ടീമിലുണ്ടാവും.


ഡിഫന്റർമാർ
വരാൻ, ലോറന്റ് കോസിയൻലി, സാമുവേൽ ഉംറ്റിറ്റി എന്നിവരിൽ ആരെ സെൻട്രൽ ഡിഫൻസിൽ നിന്ന് ഒഴിവാക്കുമെന്നതായിരുന്നു പ്രധാന തലവേദന. എന്നാൽ കോസിയൻലിക്ക് ഈയിടെ പരിക്കേറ്റു. റയൽ മഡ്രീഡിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട് വരാൻ, നാലാം ഫൈനലിന് ഒരുങ്ങുന്നു. കളിയുടെ ഗതി നന്നായി മനസ്സിലാക്കുന്നതിലും വായുവിൽ പന്ത് കൈകാര്യം ചെയ്യുന്നതിലും മിടുക്കനായ കോസിയൻലിക്ക് യൂറോപ്പ കപ്പ് സെമിയിലാണ് പരിക്കേറ്റത്. ബാഴ്‌സലോണയിൽ ഉജ്വല ഫോമിലുള്ള ഉംറ്റിറ്റി മാൻ മാർക്കിംഗിൽ അഗ്രഗണ്യനാണ്.


മിഡ്ഫീൽഡർമാർ
മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് ലോക റെക്കോർഡ് തുകക്ക് ചേക്കേറിയതു മുതൽ ദുരിത ദിനങ്ങളിലൂടെ കടന്നുപോവുന്ന പോഗ്ബക്ക് തന്റെ പ്രതിഭ തെളിയിക്കാനുള്ള അതുല്യ വേദിയാണ് ലോകകപ്പ്. പോഗ്ബയിൽ വലിയ വിശ്വാസമാണ് ദെഷോമിന്. അച്ചടക്കക്കുറവാണ് കോച്ചിനെ കുപിതനാക്കുന്നത്. പോഗ്ബ വല്ലാതെ കയറിപ്പോവരുത് എന്നാണ് കോച്ചിന്റെ നിർദേശം. പലപ്പോഴും പോഗ്ബ ഇത് മറക്കും. എൻഗോലൊ കാണ്ടെ ഡിഫൻസിവ് മിഡ്ഫീൽഡിൽ കിടയറ്റ കളിക്കാരനാണ്. യുവന്റസിലെ സ്ഥിരതയുള്ള പ്രകടനത്തിലൂടെ ബ്ലെയ്‌സ് മറ്റൂഡിയും ഇവർക്കൊപ്പമുണ്ടാവും. ബയേൺ മ്യൂണിക്കിന്റെ പാസിംഗ് മാസ്റ്റർ കോറന്റിൻ ടോളിസൊ റിസർവ് നിരയിലുണ്ട്. യൂറോ 2016 ൽ മിന്നിയ ദിമിത്രി പായേറ്റ് ടീമിൽ ഉണ്ടാവുമോയെന്ന് സംശയമാണ്. യൂറോപ്പ ഫൈനലിൽ പായേറ്റിന് പരിക്കേറ്റിരുന്നു.


ഫോർവേഡുകൾ
ആന്റോയ്ൻ ഗ്രീസ്മാനും ഒലീവിയർ ജിരൂവുമായിരിക്കും ആക്രമണം നയിക്കുക. വലതു വിംഗിൽ മിന്നൽപിണറായി പത്തൊമ്പതുകാരൻ കീലിയൻ എംബാപ്പെ. ഫ്രഞ്ച് കുപ്പായത്തിൽ 40 ഗോളടിച്ചിട്ടുണ്ട് ജിരൂ. 
ജിരൂവിനു ചുറ്റും ഗ്രീസ്മാനും എംബാപ്പെയും പൊസിഷൻ മാറിക്കൊണ്ടിരിക്കും. എംബാപ്പെയെക്കാൾ വേഗമുള്ള കളിക്കാരനാണ് ബാഴ്‌സലോണയുടെ യുവ താരം ഉസ്മാൻ ദെംബെലെ. ബയേണിന്റെ കിംഗ്‌സ്‌ലി കൂമൻ, ആഴ്‌സനലിന്റെ അലക്‌സാണ്ടർ ലകാസെറ്റെ, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ആന്റണി മാർഷ്യാൽ... ആരെ ഒഴിവാക്കുമെന്നതാണ് തലവേദന.


മത്സരങ്ങൾ
മോസ്‌കോയുടെ പ്രാന്തപ്രദേശത്ത് താവളമടിക്കുന്ന ഫ്രാൻസ് ജൂൺ 16 ന് കസാനിൽ ഓസ്‌ട്രേലിയയുമായി തുടങ്ങും. 21 ന് പെറുവുമായി കളിക്കും. 26 ന് ഡെന്മാർക്കുമായുള്ള പോരാട്ടം ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിച്ചേക്കും.

 

Latest News