Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 ഗ്രീസിൽ മിന്നി അത്‌ലറ്റിക്കൊ

യൂറോപ്പ കപ്പുമായി അത്‌ലറ്റിക്കൊ ടീം. 

ലിയോൺ- ഈ സീസണിനൊടുവിൽ ക്ലബ് വിടുമെന്ന് കരുതുന്ന ഫ്രഞ്ച് സ്‌ട്രൈക്കർ ആന്റോയ്ൻ ഗ്രീസ്മാന്റെ ഇരട്ട ഗോൾ അത്‌ലറ്റിക്കൊ മഡ്രീഡിന് യൂറോപ്പ ഫുട്‌ബോൾ ലീഗ് കിരീടം സമ്മാനിച്ചു. മാഴ്‌സെയെ 3-0 ന് തകർത്ത അത്‌ലറ്റിക്കൊ മൂന്നാം തവണയാണ് യൂറോപ്പ കിരീടം സ്വന്തമാക്കുന്നത്. കാൽ നൂറ്റാണ്ട് മുമ്പ് യൂറോപ്യൻ ചാമ്പ്യന്മാരായ മാഴ്‌സെ ആദ്യമായി യൂറോപ്പ കപ്പ് നേടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ഫ്രഞ്ചുകാരൻ ഗ്രീസ്മാന്റെ ചന്തമുള്ള ഗോളുകൾക്കും പ്രഹരശേഷിക്കും മുന്നിൽ പിടിച്ചുനിൽക്കാൻ ഫ്രഞ്ച് ടീമിന് സാധിച്ചില്ല. അവസാന മിനിറ്റിൽ ക്യാപ്റ്റൻ ഗാബി മൂന്നാം ഗോൾ നേടി. തുടർച്ചയായി മൂന്നാം തവണയാണ് മാഴ്‌സെ യൂറോപ്യൻ ഫൈനൽ തോൽക്കുന്നത്. 1994 ലും 2004 ലും യുവേഫ കപ്പ് ഫൈനലിൽ അവർ തോറ്റിരുന്നു. അത്‌ലറ്റിക്കൊ 2010 ലും 2012 ലും മുമ്പ് യൂറോപ്പ ചാമ്പ്യന്മാരായി. എന്നാൽ 2014 ലും 2016 ലും റയൽ മഡ്രീഡിനോട് ഇഞ്ചോടിഞ്ച് പൊരുതി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോറ്റിരുന്നു.
ഫൈനൽ വിസിലിനു ശേഷം മാഴ്‌സെ കളിക്കാരിൽ പലർക്കും കണ്ണീരടക്കാനായില്ല. ഉയരക്കുറവ് കാരണം ഗ്രീസ്മാനെ മുമ്പ് നിരവധി ഫ്രഞ്ച് ക്ലബ്ബുകൾ ടീമിലെടുത്തിരുന്നില്ല. ഫൈനൽ അരങ്ങേറിയ ലിയോണിന് 70 കിലോമീറ്റർ അരികിലായിരുന്നു ഗ്രീസ്മാൻ ജനിച്ചുവളർന്നത്. പതിനാലാം വയസ്സിൽ ഫ്രാൻസ് വിടേണ്ടി വന്ന ശേഷം തന്റെ എല്ലാ കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ ട്രോഫിയെന്ന് ഗ്രീസ്മാൻ പറഞ്ഞു.
ഇരുപത്തൊന്നാം മിനിറ്റിൽ ഗാബിയുടെ ഫസ്റ്റ് ടൈം പാസിൽ നിന്നായിരുന്നു ഗ്രീസ്മാന്റെ ആദ്യ ഗോൾ. ഗ്രീസ്മാൻ പന്ത് വലയുടെ ഇടതുമൂലയിൽ നിക്ഷേപിച്ചു. മാഴ്‌സെയുടെ നിരുത്തരവാദപരമായ പ്രതിരോധമാണ് ഗോളിന് വഴിയൊരുക്കിയത്. ഗോൾകീപ്പർ സ്റ്റീവ് മൻഡാൻഡയുടെ അലക്ഷ്യമായ പാസ് നിയന്ത്രിക്കാൻ മിഡ്ഫീൽഡർ സാംബൊ അൻഗ്വിസക്ക് കഴിഞ്ഞില്ല. പന്ത് ഗാബി കൈക്കലാക്കി. 
രണ്ടാം പകുതിയുടെ നാലാം മിനിറ്റിൽ രണ്ടാം ഗോളിലേക്കുള്ള നീക്കം തുടങ്ങിവെച്ചതും അവസാനിപ്പിച്ചതും ഗ്രീസ്മാനാണ്. മധ്യനിരയിലേക്കു വന്ന ഹൈ ബോൾ ചാടിപ്പിടിച്ച ഗ്രീസ്മാൻ കൊക്കെയുമായി പന്ത് കൈമാറുകയും ബോക്‌സിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. കുതിച്ചുവന്ന ഗോളിയുടെ മുകളിലുടെ ഗ്രീസ്മാൻ പന്ത് വലയിലേക്കുയർത്തി. വീഡിയൊ ഗെയിം ഫോർട്‌നൈറ്റിലെ ഡാൻസോടെയാണ് രണ്ടു ഗോളും ഗ്രീസ്മാൻ ആഘോഷിച്ചത്. 
തുടക്കത്തിൽ മാഴ്‌സെയാണ് ആക്രമിച്ചത്. വലേറി ജർമയ്ൻ നല്ലൊരവസരം പാഴാക്കി. ആദിൽ റാമിക്കും പിഴച്ചു. ക്രമേണ താളം കണ്ട അത്‌ലറ്റിക്കൊ ലീഡ് സ്വന്തമാക്കി. മുപ്പത്തൊന്നാം മിനിറ്റിൽ ക്യാപ്റ്റൻ ദിമിത്രി പേയേറ്റ് പരിക്കേറ്റ് മടങ്ങിയതോടെ മാഴ്‌സെ മങ്ങി. 
അവസാന മിനിറ്റുകളിൽ ഗ്രീസ്മാനെ പിൻവലിച്ച് അത്‌ലറ്റിക്കൊ വെറ്ററൻ സ്‌ട്രൈക്കർ ഫെർണാണ്ടൊ ടോറസിന് വിരമിക്കലിന് അവസരമൊരുക്കി. ഗാലറി ടോറസിന് വൻ വരവേൽപ് നൽകി. തന്റെ പ്രിയപ്പെട്ട ക്ലബ്ബിൽ മുപ്പത്തിനാലുകാരന്റെ ആദ്യ ട്രോഫിയാണ് ഇത്.

 


 

Latest News