ദുബായ്- പുതുവത്സരാഘോഷങ്ങള്‍ക്ക് ദുബായ് ഒരുങ്ങി. നഗരപ്രദേശങ്ങളെ കോര്‍ത്തിണക്കി ആഘോഷങ്ങള്‍ ആസ്വാദ്യമാക്കാന്‍ സൗകര്യമൊരുക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ആര്‍.ടി.എയുടെ ജലഗതാഗത മാര്‍ഗങ്ങളായ അബ്ര, വാട്ടര്‍ ടാക്സി, ദുബായ് ഫെറി എന്നിവയില്‍ പുതുവര്‍ഷം ആഘോഷിക്കാനുള്ള അവസരമൊരുങ്ങിക്കഴിഞ്ഞു. ഇതിനുള്ള ചെലവടക്കമുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആര്‍.ടി.എ ബുക്കിംഗ് നടപടിക്രമങ്ങള്‍ ആരംഭിച്ചു.
ദുബായ് ഫെറിയില്‍ പുതുവര്‍ഷമാഘോഷിക്കുന്നവര്‍ക്ക് മറീന മാള്‍ സ്റ്റേഷന്‍, ഗുബൈബ സ്റ്റേഷന്‍, ബ്ലൂ വാട്ടേഴ്സ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കുന്ന റൈഡില്‍ പങ്കുചേരാവുന്നതാണ്. ഗോള്‍ഡ് ക്ലാസ്: 450 ദിര്‍ഹം, സില്‍വര്‍ ക്ലാസ്: 300 ദിര്‍ഹം എന്നിങ്ങനെയാണ് പ്രവേശനനിരക്ക്. രണ്ടിനും പത്തിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശന നിരക്കില്‍ 50 ശതമാനം കിഴിവ് ലഭിക്കും. രണ്ടുവയസ്സിനു താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.