Sorry, you need to enable JavaScript to visit this website.

ഇയാള്‍ എങ്ങനെ ഗ്രൗണ്ടിലെത്തി? ഫിഫ അന്വേഷണം തുടങ്ങി

ലണ്ടന്‍ - തുര്‍ക്കി വംശജനായ സെലിബ്രിറ്റി ഷെഫ് സാള്‍ട് ബേ അര്‍ജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാന്‍ എങ്ങനെ ലുസൈല്‍ സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടിലെത്തിയെന്ന് ഫിഫ അന്വേഷണം തുടങ്ങി. ലോകകപ്പ് ആര്‍ക്കൊക്കെ തൊടാമെന്നതിന് ഫിഫക്ക് വ്യക്തമായ നിബന്ധനകളുണ്ട്. ലോകകപ്പ് വിജയിച്ചവര്‍ക്കോ ഫിഫ ഭാരവാഹികള്‍ക്കോ രാഷ്ട്രത്തലവന്മാര്‍ക്കോ മാത്രമേ കപ്പുയര്‍ത്താനാവൂ. എന്നാല്‍ ലോകകപ്പും പിടിച്ച് നില്‍ക്കുന്ന സാള്‍ട് ബേയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 
സാള്‍ട് ബേയുടെ സാന്നിധ്യം അര്‍ജന്റീന കളിക്കാരെയും അമ്പരപ്പിച്ചിരുന്നു. ലിയണല്‍ മെസ്സിയുള്‍പ്പെടെ പല കളിക്കാര്‍ക്കുമൊപ്പം ഇയാള്‍ സെല്‍ഫിയെടുക്കുകയും ചെയ്തു. മെസ്സി രണ്ടു തവണ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുമ്പോഴും ഇയാള്‍ വലിച്ച് അടുപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. എയിംഗല്‍ ഡി മരിയ, ലിസാന്ദ്രൊ മാര്‍ടിനേസ് എന്നിവര്‍ക്കൊപ്പം ഫോട്ടോയെടുത്ത സാള്‍ട് ബേ ഒരു കളിക്കാരന്റെ മെഡല്‍ കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 
നുസ്‌റത് ഗോക്‌ചെ എന്നു പേരുള്ള സാള്‍ട് ബേ എങ്ങനെ ഗ്രൗണ്ടില്‍ കയറിയെന്ന് അന്വേഷിക്കാനും അതിന് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാനും ഫിഫ ശ്രമം തുടങ്ങിയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തൊമ്പതുകാരനായ സാള്‍ട് ബേക്ക് ലോസ് എയ്ഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സിലും ലണ്ടനിലെ നൈറ്റ്‌സ്ബ്രിഡ്ജിലും ദോഹയിലുമുള്‍പ്പെടെ റെസ്റ്ററന്റ് ശൃംഖലയുണ്ട്. ഫിഫ പ്രസിഡന്റ് ജിനായി ഇന്‍ഫാന്റിനോക്കൊപ്പം ലോകകപ്പ് മത്സരം കാണുന്ന വീഡിയൊ സാള്‍ട് ബേ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. 
 

Latest News