Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒഴുകിയെത്തിയത് ലക്ഷങ്ങള്‍, അമ്പരപ്പിച്ച ആഘോഷം

ബ്യൂണസ്‌ഐറിസ് - ആരാധകലക്ഷങ്ങള്‍ക്കിടയിലൂടെ അഞ്ചു മണിക്കൂറോളം ഇഴഞ്ഞുനീങ്ങിയ ശേഷം അര്‍ജന്റീനയുടെ ലോകകപ്പ് വിജയ പരേഡ് ഉപേക്ഷിച്ചു. അടിന്തരമായി ഏര്‍പ്പെടുത്തിയ ഹെലിക്കോപ്റ്ററില്‍ കളിക്കാരെ രക്ഷപ്പെടുത്തി. 30 കിലോമീറ്റര്‍ ഓപണ്‍ ബസ് പരേഡാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ആരാധകര്‍ പരേഡ് ഏതാണ്ട് നിശ്ചലമാക്കി. പ്രാന്തപ്രദേശമായ ഒബെലിസ്‌കില്‍ നിന്ന് നഗരമധ്യത്തിലേക്കാണ് പരേഡ് നിശ്ചയിച്ചിരുന്നത്. അണപൊട്ടിയൊഴുകിയ ആഹ്ലാദത്തില്‍ പരേഡ് തുടരുക അസാധ്യമായിരുന്നുവെന്ന് അര്‍ജന്റീന പ്രസിഡന്റിന്റെ വക്താവ് ഗബ്രിയേല സെറൂട്ടി ട്വിറ്ററില്‍ അറിയിച്ചു. 60 ലക്ഷം പേര്‍ വരെ തെരുവുകളില്‍ തടിച്ചുകൂടിയിട്ടുണ്ടാവാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 
നഗരത്തിന്റെ പല ഭാഗത്തും തിങ്ങിക്കൂടിയ ആരാധകര്‍ നിരാശരായി. പ്രത്യേകിച്ചും ബ്യൂണസ്‌ഐറിസ് നഗരമധ്യത്തിലെ ഒബെലിസ്‌ക് കുടീരത്തിനു മുന്നില്‍ തലേരാത്രി മുതല്‍ തടിച്ചു കൂടിയവര്‍. സാധാരണ എല്ലാ അര്‍ജന്റീന ആഘോഷങ്ങളുടെയും കേന്ദ്രമാണ് ഇവിടം. ഒരു പാലത്തില്‍ നിന്ന് രണ്ടു പേര്‍ കളിക്കാര്‍ സഞ്ചരിച്ച ബസ്സിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ ടി.വി ചാനലുകള്‍ സംപ്രേഷണം ചെയ്തു. ഒരാള്‍ വിജയിച്ചു, അപരന്‍ കാണികള്‍ക്കിടയിലേക്ക് വീണു. മദ്യലഹരിയില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ അരങ്ങേറി. കല്ലേറ് തടയാന്‍ പോലീസിന്റെ റബ്ബര്‍ ബുള്ളറ്റ് പ്രയോഗം വേണ്ടി വന്നു. ഏതാനും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
വിക്ടറി പരേഡ് ഉപേക്ഷിക്കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയൊ താപിയ ആരോപിച്ചു. കളിക്കാരുടെ പേരില്‍ അദ്ദേഹം ആരാധകരോട് മാപ്പ് പറഞ്ഞു. നീലയും വെള്ളയും ജഴ്‌സിയണിഞ്ഞും ദേശീയ പതാക വീശിയും കരിമരുന്ന് പ്രയോഗം നടത്തിയും നൃത്തം ചെയ്തും നിലക്കാത്ത ആഘോഷമായിരുന്നു ബ്യൂണസ്‌ഐറിസില്‍. തലേരാത്രി എത്തിയാണ് പ്രധാന സ്ഥലങ്ങളില്‍ പലരും സ്ഥലം പിടിച്ചത്. 
യാത്ര തുടരുക അസാധ്യമായതോടെ ക്യാപ്റ്റന്‍ മെസ്സിയും കോച്ച് ലയണല്‍ സ്‌കാലോണിയും മിഡ്ഫീല്‍ഡര്‍ റോഡ്രിഗൊ ദെ പോളും ഹെലിക്കോപ്റ്ററില്‍ ട്രോഫിയുമായി കയറി നഗരം പ്രദക്ഷിണം ചെയ്തു. കളിക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കാണ് പോയതെന്ന് കരുതി ജനങ്ങള്‍ അങ്ങോട്ടോടി. പിന്നീട് മെസ്സിയും എയിംഗല്‍ ഡി മരിയയും പൗളൊ ദിബാലയും പ്രത്യേക ഹെലിക്കോപ്റ്ററില്‍ റൊസാരിയോയിലേക്ക് പോയി. റൊസാരിയൊ സ്വദേശികളായ മെസ്സിയും ഡി മരിയയും ഇറങ്ങിയ ശേഷം ദിബാല സ്വദേശമായ കോര്‍ദോബയിലേക്ക് പറന്നു.  

Latest News