കുവൈത്ത് സിറ്റി - അഴിമതി കേസ് പ്രതികളില്‍ നിന്ന് കോടതി വിധി പ്രകാരം പത്തു കോടി ഡോളര്‍ വീണ്ടെടുത്തതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മരണപ്പെട്ട, പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂറിറ്റി മുന്‍ ഉദ്യോഗസ്ഥനായ കുവൈത്തി പൗരന്റെയും ഭാര്യയുടെയും ആസ്തികളും പണവുമായാണ് ഇത്രയും തുക ബഹ്‌റൈനില്‍ നിന്ന് വീണ്ടെടുത്തത്. വെട്ടിപ്പ്, വിശ്വാസ വഞ്ചന, അധികാര ദുര്‍വിനിയോഗം, പണം വെളുപ്പിക്കല്‍ അടക്കം നിരവധി കേസുകളില്‍ മുന്‍ ഉദ്യോഗസ്ഥന്‍ ആരോപണം നേരിട്ടിരുന്നു.
മുന്‍ ഉദ്യോഗസ്ഥനെ കുവൈത്ത് ക്രിമിനല്‍ കോടതി 2016 ല്‍ പത്തു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. വിദേശത്തേക്ക് രക്ഷപ്പെട്ട ഉദ്യോഗസ്ഥന്റെ അഭാവത്തിലാണ് കേസില്‍ കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടുകളിലുണ്ടായിരുന്ന 84.7 കോടി ഡോളര്‍ പിടിച്ചെടുത്തതായി പിന്നീട് ലണ്ടന്‍ സുപ്രീം കോടതി അറിയിച്ചു. ലോകത്തെങ്ങുമുള്ള ആസ്തികള്‍ വെളിപ്പെടുത്താന്‍ മുന്‍ ഉദ്യോഗസ്ഥനെ ലണ്ടന്‍ സുപ്രീം കോടതി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.