Sorry, you need to enable JavaScript to visit this website.

എക്കാലത്തേയും മികച്ച ഫൈനൽ; അമ്പരപ്പിച്ചതും നിരാശപ്പെടുത്തിയതും

ദോഹ - 64 കളികള്‍, 172 ഗോളുകള്‍, എക്കാലത്തെയും മികച്ച ഫൈനല്‍.. ഖത്തറില്‍ കളിയഴകിന് തിരശ്ശീല വീണു. അര്‍ജന്റീന മൂന്നാം തവണ ചാമ്പ്യന്മാരായി, ലിയണല്‍ മെസ്സി ഒടുവില്‍ ആ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടു. 

മികച്ച താരം
മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മെസ്സിക്കായിരുന്നു. ഒരു ലോകകപ്പിലും ഇത്ര മനോഹരമായി മെസ്സി കളിച്ചിട്ടില്ല. ഏഴ് ഗോളടിച്ചു, മറ്റു മൂന്നെണ്ണത്തില്‍ നേരിട്ട് പങ്കാളിയായി. ഏഴ് കളികളിലും അര്‍ജന്റീനയുടെ മികച്ച താരമായിരുന്നു. ഇരുപത്താറാമത്തെ ലോകകപ്പ് മത്സരത്തിലൂടെ ജര്‍മനിയുടെ ലോതര്‍ മത്തായൂസിന്റെ റെക്കോര്‍ഡ് തകര്‍ത്തു. 

നിരാശപ്പെടുത്തിയത്
ലോകകപ്പിന് തൊട്ടുമുമ്പ് നല്‍കിയ ഇന്റര്‍വ്യൂവിലൂടെ ക്ലബ്ബ് ഫുട്‌ബോളില്‍ കൊടുങ്കാറ്റിളക്കിവിട്ടാണ് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഖത്തറിലെത്തിയത്. ഘാനക്കെതിരെ പെനാല്‍ട്ടിയടിച്ച് അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യത്തെ കളിക്കാരനായി. പിന്നീട് തൊട്ടതെല്ലാം പിഴച്ചു. ഉറുഗ്വായ്‌ക്കെതിരെ ഹെഡര്‍ ഗോളിനായി ആഘോഷിച്ചെങ്കിലും അത് ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ പേരിലാണ് ന്യായമായും രേഖപ്പെടുത്തിയത്. തെക്കന്‍ കൊറിയക്കെതിരായ അപ്രസക്തമായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ മോശമായി പ്രതികരിച്ചു. സ്വിറ്റ്‌സര്‍ലന്റിനും മൊറോക്കോക്കുമെതിരായ നോക്കൗട്ട് മത്സരങ്ങളില്‍ റിസര്‍വ് ബെഞ്ചിലായി. മൊറോക്കോയോട് തോറ്റതോടെ കണ്ണീരോടെ ലോകകപ്പിനോട് വിട ചൊല്ലി. 

ബെസ്റ്റ് ഗോള്‍
ഗോള്‍വലക്ക് പുറംതിരിഞ്ഞു നിന്ന് ബൈസികിള്‍ കിക്കിലൂടെ സെര്‍ബിയക്കെതിരെ ബ്രസീലിന്റെ റിച്ചാര്‍ലിസന്‍ നേടിയ ഗോള്‍. പരിക്കേറ്റ നെയ്മാര്‍ ആ കളിയില്‍ വിട്ടുനില്‍ക്കുകയാണെന്ന് ബ്രസീലുകാര്‍ അല്‍പനേരത്തേക്ക് മറന്നുപോയി. 

ബെസ്റ്റ് സെയ്‌വ്
ഫൈനലിന്റെ എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ 20 സെക്കന്റ് ശേഷിക്കെ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ടിനേസ് ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ റന്‍ഡാല്‍ കോളൊ  മുവാനിയുടെ ഷോട്ട് തടുത്തത് നീട്ടിയ ഇടതു കാലു കൊണ്ടും ദേഹം കൊണ്ടുമാണ്. അതു ഗോളായിരുന്നെങ്കില്‍ ആഘോഷിക്കുന്നത് ഫ്രാന്‍സായേനേ. മെസ്സിയുടെ എല്ലാ ഗോളും നിഷ്ഫലമായേനേ. 

ബെസ്റ്റ് മാച്ച്
രണ്ട് മികച്ച മത്സരങ്ങളിലും അര്‍ജന്റീന ഒരു  ഭാഗത്തുണ്ടായിരുന്നു. രണ്ടിലും ടീം രണ്ട് ഗോള്‍ ലീഡ് തുലച്ചു. നെതര്‍ലന്റ്‌സിനെതിരായ പ്രി ക്വാര്‍ട്ടറില്‍ ഇഞ്ചുറി ടൈമിന്റെ പതിനൊന്നാം മിനിറ്റിലാണ് 2-2 സമനിലയായത്. 17 മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ് കാര്‍ഡും കണ്ട ആ കളി ഷൂട്ടൗട്ടിലാണ് വിധിയായത്. മെസ്സിയുടെ ആക്രമണോത്സുക ഭാവം പ്രകടമായ കളിയായിരുന്നു അത്. അഭിമുഖത്തിനിടെ ഒരു ഡച്ച് താരത്തോട് തട്ടിക്കയറി. ലുസൈലിലെ ഫൈനല്‍ എക്കാലത്തെയും മികച്ചതായിരുന്നു. 

നിരാശപ്പെടുത്തിയ ടീം
ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയം. മികച്ച കളിക്കാരുടെ നിര. ഒരു ഗോള്‍ മാത്രമാണ് നേടിയത്, ഗ്രൂപ്പ് ഘട്ടം കടന്നില്ല, കോച്ച് രാജി വെച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ജര്‍മനി തൊട്ടുപിന്നിലുണ്ട്. 

മാന്ത്രിക നിമിഷം
ഇഞ്ചുറി ടൈമിന്റെ പതിനൊന്നാം മിനിറ്റിലെ നാടകീയ ഫ്രീകിക്കിലൂടെ നെതര്‍ലാന്റ്‌സ് കളിക്കാര്‍ അര്‍ജന്റീനയെ അമ്പരപ്പിച്ചത്. മത്സരത്തിലെ അവസാന സെക്കന്റുകളായിരുന്നു അത്. ബോക്‌സിന് മുന്നില്‍ നിന്ന് ഷോട്ടെടുക്കുന്നതിനു പകരം പാസ് ചെയ്തു. ബോക്‌സില്‍ പന്ത് ടച്ച് ചെയ്ത ശേഷം വൂട് വീഗോസ്റ്റ് വലയിലേക്ക് പറത്തി. 

മികച്ച ആരാധകര്‍
മൊറോക്കോയുടെ ആരാധകര്‍ ഖത്തറിനെ ചെമ്പട്ടണിയിച്ചു. അര്‍ജന്റീനയുടെ ആവേശം ഗാലറികളില്‍ തരംഗമായി. ജപ്പാന്റെ ശുചിത്വബോധം ഹൃദയം കീഴടക്കി. 

അമ്പരപ്പിച്ചത്
മുപ്പത്തൊന്നുകാരന്‍ ആന്റോയ്ന്‍ ഗ്രീസ്മാന്‍ മിഡ്ഫീല്‍ഡ് പ്ലേമേക്കറുടെ റോളില്‍ ഫ്രാന്‍സിന്റെ നാഡിമിടിപ്പായി. കരിയറിലുടനീളം ഫോര്‍വേഡായാണ് ഗ്രീസ്മാന്‍ കളിച്ചിരുന്നത്. 

Latest News