ഹാട്രിക് നേടിയിട്ടും തലതാഴ്ത്തി മടങ്ങിയ എംബാപ്പെ ക്ഷമിക്കുക, ഇത് മെസ്സിയുടെ ലോകകപ്പാണ്

ദോഹ - മെസ്സിയോ എംബാപ്പെയോ എന്നായിരുന്നു ചോദ്യം. മെസ്സിയും എംബാപ്പെയും എന്നായിരുന്നു ഉത്തരം. കളിയഴകിന്റെ കുലപതിയും കിരീടാവകാശിയും ചേര്‍ന്ന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിച്ചത് കാലങ്ങള്‍ മറക്കാത്ത ലോകകപ്പ് കലാശപ്പോരാട്ടമാണ്. ഹാട്രിക് നേടിയിട്ടും തലതാഴ്ത്തി മടങ്ങിയ എംബാപ്പെ ക്ഷമിക്കുക, ഇത് മെസ്സിയുടെ ലോകകപ്പാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ കീഴടക്കാന്‍ ഒരു ഹിമാലയവും ബാക്കി വെച്ചിട്ടില്ലാത്ത മെസ്സി തന്റെ അഞ്ചാം ലോകകപ്പില്‍ ആ സ്വപ്‌നകിരീടത്തില്‍ മുത്തമിട്ട നിമിഷം മാസ്മരികമായിരുന്നു. തീര്‍ത്തും ഭ്രാന്തമായ ഫൈനല്‍. ലോകകപ്പ് സംഘടിപ്പിക്കാനായി 20,000 കോടി ഡോളര്‍ ഒഴുക്കിയ ഖത്തര്‍ ഒടുവില്‍ ചിരി തൂകിനിന്നു. 
എക്കാലത്തെയും മികച്ച ലോകകപ്പാണോ ഇത്? 1994 ലെ അമേരിക്കന്‍ ലോകകപ്പ്, 1982 ലെ സ്‌പെയിന്‍ ലോകകപ്പ്, പെലെയും മറഡോണയും കിരീടം നേടിയ മെക്‌സിക്കോയിലെ രണ്ട് ലോകകപ്പുകള്‍, 1998 ലെ ഫ്രഞ്ച് ലോകകപ്പ് എന്നിവയൊക്കെയാണ് മികച്ച ടൂര്‍ണമെന്റുകളായി കരുതപ്പെടാറ്. അതിനെയെല്ലാം കവച്ചുവെക്കുന്നതായി ഖത്തര്‍. ഖത്തറിലെ ലോകകപ്പ് എക്കാലത്തെയും മികച്ചതാണെന്ന് പറഞ്ഞത് ഫിഫ പ്രസിഡന്റ് മാത്രമല്ല, ലോകകപ്പ് വേദിക്കായി ഖത്തറിനോട് മത്സരിച്ച് തോറ്റ ഇംഗ്ലണ്ടിന്റെ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡേവിഡ് ഡെയ്ന്‍ കൂടിയാണ്. ഈ ലോകകപ്പ് നടത്തിയ രീതിയിലൂടെ ഖത്തര്‍ ഒരുപാട് സുഹൃത്തുക്കളെ സൃഷ്ടിച്ചെന്ന് ടൂര്‍ണമെന്റില്‍ അമ്പതിലേറെ മത്സരങ്ങള്‍ വീക്ഷിച്ച ഡെയ്ന്‍ പറഞ്ഞു. 34 കോടി പേരാണ് ഖത്തര്‍ ലോകകപ്പ് വീക്ഷിച്ചത്. 88,966 പേര്‍ ലുസൈലിലെ ഫൈനല്‍ കണ്ടു. ഒരോ കളിയിലും ശരാശരി 96.3 ശതമാനം ഇരിപ്പിട ശേഷിയും നിറഞ്ഞു. 1994 ല്‍ 35 ലക്ഷം പേരും 2014 ല്‍ ബ്രസീലില്‍ 34 ലക്ഷം പേരും കളി കണ്ടിരുന്നു. എന്നാല്‍ ഖത്തറിനെ അപേക്ഷിച്ച് വലിയ രാജ്യങ്ങളാണ് രണ്ടും. 10 ലക്ഷത്തിലേറെ പേര്‍ ലോകകപ്പ് കാലത്ത് ഖത്തറിലെത്തി. ഏറ്റവുമധികം ഗോള്‍ പിറന്നത് ഈ ലോകകപ്പിലാണ് (172), 1998 ലും 2014 ലും 171 ഗോള്‍ ഉണ്ടായിരുന്നു. 
സൗദി അറേബ്യയാണ് ആഘോഷത്തിന് തുടക്കമിട്ടത്, എക്കാലത്തെയും വലിയ അട്ടിമറിയില്‍ അര്‍ജന്റീനയെ അവര്‍ വകവരുത്തി. മൊറോക്കോയുടെ അഭൂതപൂര്‍വമായ മുന്നേറ്റം അറബ് വികാരത്തിന് തിരികൊളുത്തി. അറബ് പ്രൗഢിയുടെ പ്രതീകമായ ബിഷ്തില്‍ മെസ്സി ലോകകപ്പുയര്‍ത്തുന്നത് ഖത്തറിന്റെ ഓര്‍മച്ചിത്രമായി മാറും. 

Latest News