Sorry, you need to enable JavaScript to visit this website.

മെസിയുടെ ബിഷ്തും പെലെയുടെ സോംബ്രെറോ തൊപ്പിയും, മാധ്യമങ്ങൾക്ക് വിഷം

ദോഹ-ലോകകപ്പ് കിരീടം നേടിയ അർജന്റീന നായകൻ ലയണൽ മെസിയെ ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തറിന്റെ പാരമ്പര്യ വസ്ത്രമായ ബിഷ്ത് അണിയിച്ചതിൽ വിദ്വേഷം പടർത്തുകയാണ് നിരവധി മാധ്യമങ്ങൾ. മെസിക്കുള്ള രാജ്യത്തിന്റെ ആദരവും ബഹുമാനവുമാണ് ബിഷ്ത് അണിയിച്ചതിലൂടെ ഖത്തർ കൈമാറിയത്. എന്നാൽ, ലോകകപ്പ് ഖത്തറിൽ നടക്കുമെന്ന് പ്രഖ്യാപിച്ചത് മുതൽ വെറുപ്പു പടർത്തി തുടങ്ങിയ മാധ്യമങ്ങൾ തങ്ങൾക്ക് ലഭിച്ച പുതിയ ആയുധം ലഭിച്ചു എന്ന തരത്തിൽ ആഘോഷിക്കുകയായിരുന്നു. ഫുട്‌ബോൾ ഒരു സംസ്‌കാരമാണെന്നും അത് പാരമ്പര്യങ്ങളുടെ കൈമാറ്റങ്ങളിലൂടെ കൂടുതൽ പുഷ്ടിപ്പെടുമെന്നുമുള്ള പ്രാഥമിക ധാരണ പോലും മാധ്യമങ്ങൾക്കില്ലെന്നാണ് പുതിയ വിവാദവും തെളിയിക്കുന്നത്. മാത്രമല്ല, ലോകകപ്പ് ഫുട്‌ബോൾ സമാപനങ്ങളിൽ നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്. 1970-ൽ മെക്‌സിക്കോ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ, ഫുട്‌ബോൾ ഇതിഹാസം പെലെയെ മെക്‌സിക്കൻ തൊപ്പി അണിയിച്ചിരുന്നു. സാംസ്‌കാരിക സഹവർത്തിത്വമായും ഫുട്‌ബോൾ സന്ദേശത്തിന്റെ നേട്ടമായുമാണ് മാധ്യമങ്ങൾ അതിനെ കണക്കാക്കിയിരുന്നത്. 
ഫുട്‌ബോൾ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയ അർജന്റീന നായകൻ ലിയണൽ മെസി ലോകകപ്പ് കിരീടം സ്വീകരിക്കാൻ പോഡിയത്തിൽ എത്തിയപ്പോഴാണ് ഖത്തർ ഭരണാധികാരി ബിഷ്ത് അണിയിപ്പിച്ചത്. സാധാരണയായി തോബിന് മുകളിൽ ധരിക്കുന്ന മേൽ വസ്ത്രമാണ് ബിഷ്ത്. കണങ്കാൽ വരെ നീളുന്ന ഒരു പരമ്പരാഗത അറബ് മേൽക്കുപ്പായം. പ്രത്യേക അവസരങ്ങളിൽ ധരിക്കുന്ന ആചാര വസ്ത്രമായ ബിഷ്തിന്റെ കൈകൾ നീളമുള്ളതാകും. 
മധ്യപൗരസ്ത്യ ദേശത്തെ ആചാരങ്ങളുമായി പരിചയമുള്ളവർ ഖത്തർ അമീറിന്റെ നടപടിയെ പ്രശംസ കൊണ്ടാണ് മൂടിയത്. എന്നാൽ ഖത്തറിനെതിരെ ആരോപണം ഉന്നയിച്ചവർ ഇതിലും വിവാദമുണ്ടാക്കാനായിരുന്നു ശ്രമിച്ചത്. 1958-ലും 1962-ലും ലോകകപ്പ് കിരീടം നേടിയ ബ്രസീൽ 1970-ൽ പെലെയുടെ നേതൃത്വത്തിൽ വീണ്ടും ലോകകപ്പ് സ്വന്തമാക്കിയപ്പോഴാണ് പെലെയെ ആതിഥേയ രാജ്യമായ മെക്‌സിക്കോ സോംബ്രെറോ എന്ന തൊപ്പി ധരിപ്പിച്ചത്. ഈ തൊപ്പിയും ധരിച്ച് പെലെ മനോഹരമായി ചിരിക്കുന്ന ചിത്രം ഏറെ പ്രശസ്തമാണ്. പെലെയുടെ മൂന്നാമത്തെ ലോകകപ്പ് വിജയമായിരുന്നു ഇത്. 

Latest News