കൂവലെന്ന സുകുമാരകല

2014ൽ ഇന്ത്യയിൽ ഭരണമാറ്റത്തിന് പ്രേരകമായ പല സംഭവങ്ങളിൽ പ്രധാനപ്പെട്ടതാണ് ദൽഹി കൂട്ടബലാൽസംഗ കേസ്. കേന്ദ്രത്തിലും ദൽഹിയിലും പുതിയ കക്ഷികൾ ഭരണത്തിലേറി. ഇപ്പോഴും തുടരുന്നു. കോൺഗ്രസ് ഭരിച്ചാലും സ്ത്രീകളുടെ മാനം സംരക്ഷിക്കാനാവില്ലെന്ന തിരിച്ചറിവിലെ വിധിയെഴുത്തായിരുന്നു. 
2012 ഡിസംബർ 16നായിരുന്നു രാജ്യത്തെ നടുക്കിയ ദൽഹി കൂട്ടബലാത്സംഗ കേസിന് ആസ്പദമായ സംഭവം.  ഒരു പെൺകുട്ടിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നിച്ചുനിന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണിത്. 26 കാരിയായ മെഡിക്കൽ വിദ്യാർഥിനിയാണ് ക്രൂരതയ്ക്ക് ഇരയായത്. രാത്രിയിൽ ആൺസുഹൃത്തിനൊപ്പം ബസിൽ കയറിയ യുവതിയെ ഡ്രൈവറടക്കം 6 പേർ ചേർന്ന് മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ഡിസംബർ 17ന് ഡ്രൈവർ രാം സിങ്, മുകേഷ്, വിനയ് ശർമ്മ, പവൻ ഗുപ്ത എന്നീ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഡ്രൈവർ രാം സിങിനെ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് പ്രതി കുറ്റം സമ്മതിച്ചു.ഡിസംബർ 18ന് ഡൽഹിയിൽ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതിയ പെൺകുട്ടി ഡിസംബർ 29നാണ് ലോകത്തോട് വിട പറഞ്ഞത് . 
ബസ് ഡ്രൈവർ രാംസിങ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരൻ മുകേഷ് സിങ്, ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു പ്രതികൾ. പ്രതികളിൽ ഒരാളായ രാംസിങ് ജയിൽവാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതി പ്രായപൂർത്തിയാകാതിരുന്നതിനാൽ മൂന്നു വർഷത്തെ തടവിനു ശേഷം ജയിൽമോചിതനായി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതിയുടെ വിധി വന്നു. 2019 ഡിസംബർ 18ന് പുനഃപരിശോധനാ ഹരജി സുപ്രീം കോടതി തള്ളി. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാൻ ദയാഹരജികളും പുനഃപരിശോധനാ ഹരജികളും തിരുത്തൽ ഹരജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികൾ നോക്കിയിരുന്നു. 
2020 മാർച്ച് 20ന് പുലർച്ചെ 5.30ന് ഇന്ത്യ കണ്ട ഏറ്റവും പൈശാചിക ക്രൂരകൃത്യത്തിലെ നാലു പ്രതികളെയും തൂക്കിക്കൊന്നു. ദൽഹി നിർഭയ കേസ് ഇന്ത്യൻ ക്രിമിനൽ കേസുകളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു കേസായത് അങ്ങിനെ. ഇത്രയും കടുത്ത ശിക്ഷ നൽകിയിട്ടും കാര്യങ്ങളിൽ വല്ല പുരോഗതിയുമുണ്ടായോ എന്ന് ചിന്തിപ്പിക്കുന്നതാണ് വെള്ളിയാഴ്ച എ.എഫ്.പി വാർത്താ ഏജൻസി ലോകത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ എത്തിച്ച ചിത്രം. ദൽഹിയിൽ വെള്ളിയാഴ്ചയും ഒരു യുവതി കൂട്ട പീഡനത്തിനരായി. ഇത്തരം സംഭവങ്ങൾ കേരളമുൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും തുടരുകയുമാണ്. ദൽഹിയിലെ പീഡനത്തിൽ പ്രതിഷേധിക്കാനിറങ്ങിയ ആക്റ്റിവിസ്റ്റുകൾക്ക് നിർഭയയുടെ അമ്മ നേതൃത്വം നൽകിയ ചിത്രമായിരുന്നു ഏജൻസി എത്തിച്ചത്. 

                                     ***          ***          ***
ഇന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ബോളിവുഡ് കുറച്ചു കാലമായി പട്ടിണിയിലാണ്. ഏത് പടം വന്നാലും എട്ട് നിലയിൽ പൊട്ടുന്നു. തെലുങ്കനേയും തമിഴനേയും മല്ലൂസിനേയും കണ്ട് അസൂയപ്പെടാനാണ് കോവിഡിന് ശേഷം ഹിന്ദിയുടെ ഗതികേട്. അപ്പോഴാണ് ആകാശത്ത് പൊട്ടി വീണത് പോലൊരു വിവാദം. അടുത്ത മാസം റിലീസ് ചെയ്യുന്ന ഷാരൂഖ് സിനിമ പത്താൻ വന്നാൽ മതവികാരം ആകെ പ്രശ്‌നത്തിലാവുമെന്നാണ് കാമ്പയിൻ. ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് ബോളിവുഡിന് നല്ല കലക്്ഷൻ നേടി തരുന്ന സംസ്ഥാനങ്ങൾ. അവിടെ രണ്ടിടത്തും ദീപികയുടെ കുട്ടിയുടുപ്പുമായി വരേണ്ടെന്നാണ് മുന്നറിയിപ്പ്. ശരിയാണ്, ഷാരൂഖ് അങ്കിളും ദീപിക ആന്റിയും ഇത്തരമൊരു പാട്ട് രംഗത്തിൽ അഭിനയിച്ചതിലൂടെ പുതിയ തലമുറയ്ക്ക് എന്ത് സന്ദേശമാണ് നൽകുന്നത്? അതും ആകെ നാല് സെക്കന്റ് മാത്രം ദൈർഘ്യമുള്ളത്. ഇതെങ്ങാനും കണ്ട് മലപ്പുറത്തെ ടീച്ചർ അനുകരിക്കാൻ പുറപ്പെട്ടാൽ സ്‌കൂളിൽ ആകെ പ്രശ്‌നമാവും. 
ബോളിവുഡിൽ ഇതെല്ലാം പണ്ടേ ഉള്ളതല്ലേയെന്നായിരിക്കും ന്യായം. ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ (1973) രാജ് കപൂർ നിർമിച്ച മെഗാ ഹിറ്റ് വർണ ചിത്രമായ ബോബിയിൽ റിഷി കപൂറിനൊപ്പം അഭിനയിച്ച  നായിക ഡിമ്പിൾ കപാഡിയ ഹം തും കംരേമെ... പാട്ട് സീൻ കണ്ടാൽ ഷക്കീലക്ക് പോലും നാണം വരില്ലേ?  അഞ്ച് ദശകങ്ങൾക്കിപ്പുറം പത്താനിൽ ദീപിക കുഞ്ഞ് ഇത്രയല്ലേ ചെയ്തുള്ളു. പക്ഷേ, ഒന്നുണ്ട്-വൈശാലിയും ബോബിയും റിലീസ് ചെയ്ത കാലത്തു നിന്ന് നാം ഏറെ പിന്നാക്കം പോയിരിക്കുന്നു. ഇരുളടഞ്ഞ യുഗത്തിലേക്കാണ് കുതിപ്പ്. 
ഇന്ത്യയുടെ പ്രമുഖ ബാഡ്മിന്റൺ താരമായിരുന്ന പ്രകാശ് പദുകോണിന്റെ മകളാണ് ബംഗളുരുകാരി ദീപിക. പ്രകാശ് കായിക പ്രതിഭയായത് കൊണ്ടാണല്ലോ അദ്ദേഹത്തെ രാജ്യം അർജുന, പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചത്. കുറേ കൊല്ലങ്ങൾക്കപ്പുറം ബഹ്്‌റൈനിലെ മനാമയിൽ വെച്ച് പ്രകാശ് പദുകോണിനെ ഇന്റർവ്യൂ ചെയ്തിരുന്നു. മലയാളം ന്യൂസ് ലേഖകൻ അശോക് കുമാറിനൊപ്പമായിരുന്നു ഹോട്ടലിലെ കൂടിക്കാഴ്ച. മുഖവുരയായി അഛൻ പദുകോൺ പറഞ്ഞു: ഇന്റർവ്യൂവിൽ എന്തും ചോദിക്കാം, കുടുംബ കാര്യങ്ങളൊഴികെ. അന്നേ മകൾ ഫിലിം ഫെയർ ഗോസിപ്പ് കോളങ്ങളിലെ പ്രധാന ഇരയായിരുന്നു. 
എന്നാൽ ഇന്ത്യയുടെ ഭാവിയെ കുറിച്ച് ആശങ്ക സൃഷ്ടിച്ച പൗരത്വ പ്രക്ഷോഭ നാളുകളിൽ ദീപിക സന്ദർഭത്തിനൊത്തുണർന്നിരുന്നുവെന്നത് വിസ്മരിക്കാവതല്ല. അതായത് ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും മികച്ച ടീമെന്ന് ചോദിച്ചാൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന് ഉത്തരം നൽകുന്ന ഐക്യു ലെവലല്ല താരത്തിനെന്ന് ചുരുക്കം. നാലു വർഷത്തിനുശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് കുറിക്കുന്ന ചിത്രമാണ് പത്താൻ. 2023 ജനുവരി 25നാണ് തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്.'ഓം ശാന്തി ഓം', 'ബില്ലു ബാർബർ', 'ചെന്നൈ എക്സ്പ്രസ്', 'ഹാപ്പി ന്യൂ ഇയർ' എന്നിവയ്ക്ക് ശേഷം ഷാരൂഖ് ഖാൻ-ദീപിക ടീം ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  
'പത്താനി'ലെ 'ബേശരം'  ഗാനം സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം രണ്ടര കോടിയോളം ആളുകളാണ് കണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതായി തുടരുന്ന ഗാനത്തിൽ അതീവ ഗ്ലാമറസ് ആയാണ് ദീപിക പദുകോണും ഷാരൂഖ് ഖാനും എത്തുന്നത്.  പത്താനെതിരെ രൂക്ഷവിമർശനവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ആദ്യം  രംഗത്തെത്തിയത്. കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചത് തന്നെ ചൊടിപ്പിച്ചെന്നും ചിത്രത്തിൽ ആക്ഷേപകരമായ രംഗങ്ങളുണ്ടെന്നും ചിത്രീകരണം വളരെ തെറ്റായിപ്പോയെന്നും മന്ത്രി പറഞ്ഞു. വസ്ത്രങ്ങളും രംഗങ്ങളും തിരുത്തണമെന്നും അല്ലാത്തപക്ഷം പത്താൻ മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്ഷേപകരമായ രംഗങ്ങൾ ഇല്ലാതാക്കിയാൽ പരിഗണിക്കുമെന്നും പറഞ്ഞു.
മഹാരാഷ്ട്രയിൽ നിന്നുള്ള ബി ജെ പിയുടെ എം എൽ എയും ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് ബി ജെ പി എം എൽ എ റാം കദം ആരോപിക്കുന്നത്. ഷഹിൻബാഗിൽ നടന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപിക പദുകോൺ എത്തിയതുൾപ്പടെ ചൂണ്ടിക്കാട്ടിയാണ് എം എൽ എയുടെ ട്വീറ്റ്. ഹിന്ദുത്വത്തെ അപമാനിക്കുന്ന സിനിമയോ സീരിയലോ മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും എം എൽ എ വ്യക്തമാക്കി. കാവി നിറത്തിൽ അശ്ലീലത കാണിക്കുന്നുണ്ടെന്നും ഇത് ഹിന്ദു സമൂഹത്തിനും സനാതന സംസ്‌കാരത്തിനും അപമാനമാണെന്നുമാണ് ബിജെപി നേതാവ് രാജേഷ് കേശർവാനി അഭിപ്രായപ്പെട്ടത്. 
മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ഗോവിന്ദ് സിംഗും ഗാനത്തിലെ വസ്ത്രധാരണത്തിൽ  രോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയെന്നത് ശ്രദ്ധേയമാണ്. 'പാട്ടിന്റെയും വസ്ത്രങ്ങളുടെയും രംഗങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരം കാര്യങ്ങൾ ഇന്ത്യൻ സംസ്‌കാരത്തിൽ സ്വീകാര്യമല്ല, സിംഗ് പറഞ്ഞു. പത്താനെതിരെ ബിജെപി നേതാക്കൾക്ക് പിന്നാലെ മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്തെത്തി. 
ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്. മുസ്‌ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നാണ് ആരോപണം. അതേസമയം, ചിത്രത്തിന് പിന്തുണയുമായി ചലചിത്ര താരം പ്രകാശ് രാജ് എത്തി.  'കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല. വിവാദ പ്രസംഗം നടത്തുന്നു. എംഎൽഎമാർക്കായി ഇടനിലക്കാരാകുന്നു, കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നു. അതൊന്നും പ്രശ്നമില്ല. എന്നാൽ ഒരു സിനിമയിലെ വസ്ത്രധാരണം പ്രശ്നമാക്കുന്നു', എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
 ഇതിനിടെ വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായ ഷാരൂഖ് ഖാനും അഭിപ്രായ പ്രകടനം നടത്തി. സോഷ്യൽ മീഡിയ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിന് പകരം ഭിന്നിപ്പിക്കലിനായി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. നിഷേധാത്മകത എന്നത് സോഷ്യൽ മീഡിയ ഉപഭോഗത്തെ കൂട്ടുമെന്ന് താൻ എവിടെയോ വായിച്ചിട്ടുണ്ട് എന്നും അങ്ങനെ വരുമ്പോൾ സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വർധിക്കും-ഷാരൂഖ് ഖാൻ പറഞ്ഞു. 28-ാമത് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് ഷാരൂഖ് ഖാൻ ഇതു പറഞ്ഞത്. ലോകസിനിമയിലൂടെ ലോകത്തെ കണ്ടറിയൽ ഏറെ പ്രധാനമാണ്. വെറുതെ കണ്ടറിയൽ മാത്രമല്ല, മറിച്ച് വിഭിന്ന സംസ്‌കാരങ്ങളും നിറങ്ങളും ജാതികളും മതങ്ങളുമൊക്കെയുള്ള പരസ്പരം തിരിച്ചറിവിന്റെ ഒരു പാത സൃഷ്ടിക്കൽ കൂടിയാണ് അത്. ഇതുപോലെയുള്ള ചലച്ചിത്രോത്സവങ്ങൾ മുൻവിധികളെ തകർക്കും. സിനിമയിലൂടെ നമുക്ക് വരുന്ന തലമുറയ്ക്കായി കൂടുതൽ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാം.
- താരം പറഞ്ഞു. 

                                    ***          ***          ***
തെറ്റു പറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്നവർക്ക് ഇതാ ഉത്തമ മാതൃക. സംവിധായകനും നടനുമായ ജൂഡ് ആന്റണിയെക്കുറിച്ച് ബോഡി ഷെയിമിങ്ങ് പരാമർശം നടത്തിയതിന് നടൻ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതാണ്. 'പ്രിയരെ കഴിഞ്ഞ ദിവസം 2018' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.
2018ലെ പ്രളയകാലത്തെ സംബന്ധിച്ചുള്ള 2018 എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിലാണ് മമ്മൂട്ടിയുടെ ബോഡി ഷെയിമിങ്ങ് നടത്തുന്ന പ്രസ്താവന ഉയർന്നത്. തലയിൽ മുടിയില്ലെങ്കിലും ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വിവാദ കമന്റ്. തന്റെ തലയിൽ മുടിയില്ലാത്തതിന് കാരണം ബെംഗളൂരു കോർപറേഷന്റെ വെള്ളവും വിവിധ ഷാമ്പൂ കമ്പനികളുടെ ഉൽപന്നങ്ങളുമാണെന്നും അതിന് നാട്ടുകാർ കമന്റ് ചെയ്യേണ്ട കാര്യമില്ലെന്ന് ജൂഡ് ആന്റണി പിന്നീട് പ്രതികരിച്ചിരുന്നു.

                                    ***          ***          ***
80 കളുടെ ആരംഭത്തിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ ഫൈൻ ആർട്‌സ് ഡേ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായെത്തിയത് മാതൃഭൂമി പത്രത്തിലെ പ്രശ്‌സത വ്യക്തിയായിരുന്നു. കോളജ് യൂനിയനും പ്രിൻസിപ്പലും സ്റ്റാഫ് അഡ്‌വൈസറും ചേർന്നെടുത്ത തീരുമാനം. യുവതലമുറയ്ക്ക് ഗുണകരമായ പലതും പറഞ്ഞു കൊടുക്കാനാവുന്ന ഖദർ ധരിച്ച സെലിബ്രിറ്റി വരട്ടെ. അദ്ദേഹമെത്തി ഉദ്ഘാടന പ്രസംഗം സുദീർഘമായി നടത്തി. ഏകദേശം മുക്കാൽ മണിക്കൂർ നീണ്ട പ്രഭാഷണം സദസ്യർക്ക് ഒട്ടും കേൾക്കാനായില്ല. നോൺ സ്‌റ്റോപ്പ് കൂവലായിരുന്നു. കൂവി തെളിയുന്ന തലമുറയ്‌ക്കെന്ത് പത്രാധിപർ? പിന്നീടൊരിക്കൽ തിക്കോടിയൻ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയപ്പോഴും ചില വിരുതന്മാർ ഇതേ പരിപാടി തുടർന്നു. തിക്കോടിയൻ വിട്ടില്ല. ഇതും ഒരു സുകുമാരകലയായിരിക്കും അല്ലേ എന്നു പറഞ്ഞ് സരസമായ സംഭാഷണം തുടരുകയാണ് അദ്ദേഹം ചെയ്തത്. തിരുവനന്തപുരത്ത് കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെ കൂവലോടെയാണ് സദസ്യർ എതിരേറ്റത്. അദ്ദേഹം പ്രസംഗത്തിനിടെ മമ്മൂട്ടി പടം കാണാൻ തിയേറ്ററിൽ എത്ര പേർ വരുമെന്ന് വെല്ലുവിളിച്ചതൊക്കെ ശരിയാണോ എന്നറിയില്ല. മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എന്നീ പേരുകളൊക്കെ ലെഫ്റ്റ് ഐക്കണുകളല്ലേ. 

                                    ***          ***          ***
സൈബർ ബുള്ളിയിംഗ് പണം വാങ്ങി ചെയ്യുന്ന ഒരു ജോലിയാണെന്ന് മനസ്സിലാക്കിയതായി നടി ഭാവന. ചിലർ കൂലിയ്ക്ക് ആളെയെടുത്താണ് വാടകയ്ക്ക് സമൂഹ മാധ്യമങ്ങളിൽ എഴുതിപ്പിക്കുന്നത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.  സോഷ്യൽ മീഡിയ എന്നത് നല്ലകാര്യമാണെന്ന് നടി പറയുന്നു. എന്നാൽ മറ്റുള്ളവരെ വിഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന ചിലർ ഉണ്ട്.  അവർ നമ്മളെ യാതൊരു കാരണവും അല്ലാതെ തന്നെ വൃത്തികെട്ട കമന്റുകളുമായി അക്രമിക്കാൻ വരും. ഒരു പരിചയവും ഇല്ലാത്തവരാണ് ഇത്തരത്തിൽ തെറി വിളിക്കുന്നത്. 
തന്നെ കുറിച്ച് അറിയാത്തവർ ആണ് പറയുന്നതെന്നും കാര്യമാക്കേണ്ടെന്നും കരുതും. പക്ഷേ ചിലപ്പോൾ അത് വേദനിപ്പിക്കാറുണ്ട്', ഭാവന വ്യക്തമാക്കി. എന്നെ ഒരു പരിചയവും ഇല്ലാത്തവർ എന്തിനാണ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നതെന്ന് തോന്നാറുണ്ട്. അത് യഥാർത്ഥത്തിൽ ഒരു അമർഷമാണ്. ഞാൻ ആരുടേയും വീട്ടിൽ പോയി പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. നടിയെന്ന നിലയിൽ താൻ ചെയ്ത വേഷങ്ങളിലൂടെ മാത്രം അറിയുന്നവരാണ് വിടാതെ വേട്ടയാടുന്നതെന്നും ഭാവന പറഞ്ഞു. എന്റെ സ്വഭാവം എന്താണെന്നോ, കുടുംബത്തെ കുറിച്ചോ അറിയാത്തവർ അധിക്ഷേപിക്കുമ്പോൾ അതിന് ശ്രദ്ധകൊടുക്കുകയോ പ്രതികരിക്കുകയോ ചെയ്താൽ അവർക്ക് അർഹിക്കാത്ത അറ്റൻഷൻ ലഭിക്കാൻ കാരണമാകുമെന്നും ഭാവന പറയുന്നു.

Latest News