ചാമ്പ്യന്മാര്‍ക്ക് ലീഡ്, മൊറോക്കൊ പൊരുതുന്നു

ദോഹ - ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ഫ്രാന്‍സ് മുക്കാല്‍ മണിക്കൂര്‍ അരികെ. രണ്ടാം സെമി ഫൈനല്‍ ഇടവേളക്ക് പിരിയുമ്പോള്‍ അറബ്, ആഫ്രിക്കന്‍ ജനതയുടെ പിന്തുണയോടെ പൊരുതുന്ന മൊറോക്കോക്കെതിരെ അവര്‍ ഒരു ഗോളിന് ലീഡ് ചെയ്യുകയാണ്. തുടക്കം മുതല്‍ ആക്രമിച്ച ഫ്രാന്‍സ് തിയൊ ഹെര്‍ണാണ്ടസിലൂടെ അഞ്ചാം മിനിറ്റിലാണ് ലീഡ് നേടിയത്.  
വലതു വിംഗിലൂടെ കുതിച്ച് ബോക്‌സില്‍ കയറിയ ആന്റോയ്ന്‍ ഗ്രീസ്മാനാണ് അപകടം വിതച്ചത്. ഒലീവിയര്‍ ജിരൂ എടുത്ത ആദ്യ ഷോട്ട് ബോക്‌സിലെ മൊറോക്കന്‍ മതിലില്‍ തട്ടിത്തടഞ്ഞെങ്കിലും റീബൗണ്ട് ലെഫ്റ്റ്ബാക്ക് തിയൊ ഹെര്‍ണാണ്ടസ് സാഹസിക ശ്രമത്തിലൂടെ വലയിലെത്തിച്ചു. ഈ ലോകകപ്പില്‍ ആദ്യമായാണ് യാസീന്‍ ബൂനൂ കാവല്‍ നില്‍ക്കുന്ന മൊറോക്കന്‍ വലയില്‍ എതിര്‍ ടീമിന് പന്തെത്തിക്കാനാവുന്നത്.
ഗോള്‍ വീണതോടെ മൊറോക്കൊ കയറിക്കളിച്ചു. ഊനാഹിയുടെ ഷോട്ട് ഗോളി ഹ്യൂഗൊ ലോറീസ് മുഴുനീളം ചാടി രക്ഷപ്പെടുത്തി. മറുവശത്ത് ജിരൂവിന്റെ ഷോട്ട് മൊറോക്കോ പോസ്റ്റിനെ ഉലച്ചു. ഫ്രാന്‍സ് ആധിപത്യം തുടര്‍ന്നെങ്കിലും മൊറോക്കോയും ഏതു നിമിഷവും ഗോളടിക്കുമെന്നു തോന്നി. മിന്നലാക്രമണത്തില്‍ ബോക്‌സില്‍ കയറിയ കീലിയന്‍ എംബാപ്പെ ഗോളടിയെ കീഴടക്കിയെങ്കിലും ഗോള്‍ലൈനില്‍ ഡിഫന്റര്‍ മൊറോക്കോയുടെ രക്ഷകനായി. റീബൗണ്ടില്‍ ജിരൂവിനും ലക്ഷ്യം കാണാനായില്ല. മറുവശത്ത് കോര്‍ണര്‍ കിക്കില്‍ നിന്ന് അന്നസീരിയുടെ ബൈസികിള്‍ കിക്ക് ഫ്രഞ്ച് പോസ്റ്റിനെ വിറപ്പിച്ചു. 
 

Latest News