Sorry, you need to enable JavaScript to visit this website.

മരണശേഷവും ജീവിക്കണം, നാലു പേര്‍ക്ക് ജീവിതം നല്‍കി ധീരജ് യാത്രയായി

കൊച്ചി- മുന്‍പ് എന്നോ അവയവദാനം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ധീരജ് കുടുംബാംഗങ്ങളോടായി പറഞ്ഞു  അങ്ങനെ ഒരു അവസ്ഥ വന്നാല്‍ മരണശേഷം ഒരാള്‍ക്കെങ്കിലും പുതു ജീവന്‍നല്‍കാന്‍ സാധിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഈശ്വര തുല്യ പ്രവര്‍ത്തിതന്നെയാണെന്ന്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് അവയവ ദാനത്തിന് സമ്മതമേകാന്‍ അധികം ആലോചിക്കേണ്ടിയിരുന്നില്ല. ധീരജിന്റെ ആഗ്രഹം പോലെ ഒന്നിനു പകരം നാല് പേര്‍ക്ക് ജീവന്‍ പകുത്തു നല്‍കി അദ്ദേഹം യാത്രയായി.

 തൃശൂര്‍ കാട്ടൂര്‍ സ്വദേശിയായ 44 വയസ്സുള്ള ധീരജ് ഈ മാസം ആദ്യം കടുത്ത തലവേദനയും ഛര്‍ദിയും മൂലമാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. സ്‌കാനിംഗില്‍ ധീരജിന്റെ തലച്ചോറില്‍ അമിതമായ രക്തസ്രാവം കണ്ടെതിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഈ മാസം ഏഴിന് ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് സ്ഥിതി വഷളായതോടെ ധീരജിനെ വിദഗ്ധ ചികിത്സക്കായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജീവിച്ചിരിക്കുമ്പോള്‍ ധീരജ് ആഗ്രഹിച്ചതുപോലെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ അദ്ദേഹത്തിന്റെ കുടുംബം സന്നദ്ധരായി മുന്നോട്ട് വന്നു.
 
അവയവദാനത്തിന്റെ ഭാഗമായി കരള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തന്നെ ചികിത്സയിലുണ്ടായിരുന്ന തൃശൂര്‍ പുത്തന്‍ചിറ സ്വദേശി 46 വയസ്സുകാരന് നല്‍കി. ഒരു വൃക്ക കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലേക്കും, മറ്റൊന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും കൈമാറി. നേത്രപടലം കൊച്ചിയിലെ ഗിരിധര്‍ ആശുപത്രി അധികൃതര്‍ ഏറ്റുവാങ്ങി .
 
തൃശൂര്‍ കാട്ടൂര്‍ നിവാസികളായ ജോര്‍ജിന്റെയും മേരിയുടെയും മകനാണ് ധീരജ്. സൂരജ് സഹോദരനാണ്. ഭാര്യ ജിഫ്‌ന ധീരജ്, കൃപ മരിയ, ക്രിസ്മാരിയോ, ക്രിസ്റ്റിയാനോ, കാരിസ്മരിയ എന്നിവര്‍ മക്കളാണ്.

 

Latest News