സൈബര്‍ ലോകത്ത് കൂലി എഴുത്ത്  ഗുണ്ടകള്‍ വിലസുന്നു-ഭാവന 

കൊച്ചി- സൈബര്‍ ബുള്ളിയിംഗ് പണം വാങ്ങി ചെയ്യുന്ന ഒരു ജോലിയാണെന്ന് മനസ്സിലാക്കിയതായി നടി ഭാവന. ചിലര്‍ കൂലിയ്ക്ക് ആളെയെടുത്താണ് വാടകയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ എഴുതിപ്പിക്കുന്നത്. ഇപ്പോഴിതാ സൈബര്‍ അധിക്ഷേപങ്ങളോട് പ്രതികരിക്കുകയാണ് ഭവന. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.  അടുത്തിടെ ദുബായില്‍  ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ വസ്ത്ര ധാരണത്തിന്റെ പേരില്‍ നടിക്കെതിരെ വലിയ അധിക്ഷേപമായിരുന്നു ചിലര്‍ ഉയര്‍ത്തിയത്. 
സോഷ്യല്‍ മീഡിയ എന്നത് നല്ലകാര്യമാണെന്ന് നടി പറയുന്നു. എന്നാല്‍ മറ്റുള്ളവരെ വിഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന ചിലര്‍ ഉണ്ട്.  അവര്‍ നമ്മളെ യാതൊരു കാരണവും അല്ലാതെ തന്നെ വൃത്തികെട്ട കമന്റുകളുമായി അക്രമിക്കാന്‍ വരും. ഒരു പരിചയവും ഇല്ലാത്തവരാണ് ഇത്തരത്തില്‍ തെറി വിളിക്കുന്നത്. തന്നെ കുറിച്ച് അറിയാത്തവര്‍ ആണ് പറയുന്നതെന്നും കാര്യമാക്കേണ്ടെന്നും കരുതും. പക്ഷേ ചിലപ്പോള്‍ അത് വേദനിപ്പിക്കാറുണ്ട്', ഭാവന വ്യക്തമാക്കി. എന്നെ ഒരു പരിചയവും ഇല്ലാത്തവര്‍ എന്തിനാണ് ഇത്തരത്തില്‍ അധിക്ഷേപിക്കുന്നതെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ഒരു അമര്‍ഷമാണ്. ഞാന്‍ ആരുടേയും വീട്ടില്‍ പോയി പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല. നടിയെന്ന നിലയില്‍ താന്‍ ചെയ്ത വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് വിടാതെ വേട്ടയാടുന്നതെന്നും ഭാവന പറഞ്ഞു. എന്റെ സ്വഭാവം എന്താണെന്നോ, കുടുംബത്തെ കുറിച്ചോ അറിയാത്തവര്‍ അധിക്ഷേപിക്കുമ്പോള്‍ അതിന് ശ്രദ്ധകൊടുക്കുകയോ പ്രതികരിക്കുകയോ ചെയ്താല്‍ അവര്‍ക്ക് അര്‍ഹിക്കാത്ത അറ്റന്‍ഷന്‍ ലഭിക്കാന്‍ കാരണമാകുമെന്നും ഭാവന പറയുന്നു.

Latest News