ഇന്ത്യാ- ചൈന സംഘര്‍ഷം; ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് യു. എസ്

വാഷിങ്ടണ്‍- ഇന്ത്യാ- ചൈന സംഘര്‍ഷത്തില്‍ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് യു. എസ് പ്രതിരോധ വകുപ്പ്. നിയന്ത്രണ മേഖലയില്‍ സൈന്യത്തെ ഏകീകരിക്കുകയും സൈനിക സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത് തുടരുകയും ചെയ്യുന്ന ചൈനീസ് നിലപാടനെ പെന്റഗണ്‍ വിമര്‍ശിക്കുകയും ചെയ്തു. 

ചൈനയുടെ വര്‍ധിച്ച് വരുന്ന ഇത്തരം പ്രവണതകള്‍ ചൂണ്ടിക്കാണിക്കേണ്ടത് അത്യാവശ്യമാണെന്ന് പെന്റഗണ്‍ പ്രസ്സ് സെക്രട്ടറി പാറ്റ് റൈഡര്‍ പറഞ്ഞു. ഇന്തോ പസഫിക്കിലെ യു. എസ് പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുമെന്നും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായും പാറ്റ് റൈഡര്‍ വ്യക്തമാക്കി. 

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവന്നതില്‍ സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പറഞ്ഞു. അരുണാചല്‍ പ്രദേശിലെ തവാങ് മേഖലയില്‍ നടന്ന ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് അറിയിച്ചിരുന്നു. ആര്‍ക്കും വലിയ പരുക്കുകള്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 

അരുണാചല്‍പ്രദേശിലെ തവാങ് അതിര്‍ത്തി മേഖലയിലാണ് ഇരുരാജ്യങ്ങളിലേയും സൈനികര്‍ ഏറ്റുമുട്ടിയത്. ഡിസംബര്‍ ഒന്‍പതിന് ഏറ്റുമുട്ടല്‍ നടന്നതായും ഇരുവശത്തുമുള്ള ഏതാനും സൈനികര്‍ക്ക് ചെറിയ പരുക്കുകളേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Latest News