സംവിധായകൻ പ്രജേഷ് സെനുമായി ഒരു കൂടിക്കാഴ്ച
യു.എ.ഇയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ശ്ലാഘനീയമായ സേവനം ചെയ്യുന്ന അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതും ഇതോട് ചേർത്ത് വായിക്കാം. ഒടുവിലത്തെ കൂട്ട് എന്ന പേരിൽ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകമെഴുതിയിട്ടുണ്ട്. വാടകത്തൊട്ടിൽ, മാഞ്ചി, ഏകലവ്യന്റെ വിരൽ, തന്മാത്രകൾ, ആത്മഭാഷണങ്ങൾ, ക്യാപ്റ്റൻ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങൾ. കഥയും തിരക്കഥയും ചലചിത്രവുമൊക്കെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങളുണ്ടാക്കുമെങ്കിൽ ജീവിതം സാർഥകമെന്നാണ് ഈ സംവിധാകയന്റെ നിലപാടെന്ന് വേണം കരുതാൻ.
ഇന്ത്യയുടെ പൊതുവിലും കേരളത്തിന്റെ വിശേഷിച്ചും സാമൂഹിക സാംസ്‌കാരിക സാമ്പത്തിക തൊഴിൽ മേഖലകളിലെ ഉണർവിലും പുരോഗതിയിലും പ്രവാസ ലോകത്തിന് അനിഷേധ്യമായ പങ്കാണുളളത്. ഏഴ് പതിറ്റാണ്ടോളം നീളുന്ന വിശാലമായ പ്രവാസം ബഹുമുഖ മേഖലകളിൽ സ്വാധീനം ചെലുത്തിയെങ്കിലും നമ്മുടെ സിനിമയിലും സാഹിത്യത്തിലുമൊക്കെ പ്രവാസത്തിന് അർഹമായ പ്രാതിനിധ്യമോ പ്രാധാന്യമോ ലഭിച്ചിട്ടില്ലെന്നും പ്രവാസ ലോകത്തിന് സിനിമയിലും സാഹിത്യത്തിലും അനന്ത സാധ്യതകളാണുള്ളതെന്നും യുവ സംവിധാകനും തിരക്കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ പ്രജേഷ് സെൻ അഭിപ്രായപ്പെടുന്നു.
പ്രവാസ ജീവിതത്തിന്റെ തീവ്രമായ ജീവിതാനുഭവങ്ങളും യാഥാർഥ്യങ്ങളും വേണ്ട രൂപത്തിൽ പരിഗണിക്കപ്പെടേണ്ടതുണ്ട്. അവസരം ഒത്തുവന്നാൽ പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട സിനിമയെടുക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിതാവും സഹോദരനുമൊക്കെ പ്രവാസികളായിരുന്നതിനാൽ പ്രവാസ ലോകവുമായി അടുത്ത ബന്ധമുള്ള പ്രജേഷ് സെൻ സിനിമയിലും ജീവിതത്തിലും സ്വന്തമായ കയ്യൊപ്പ് ചാർത്തിയാണ് മുന്നോട്ടുപോകുന്നത്.
സ്വന്തമായി തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ പ്രജേഷ് സെൻ നീണ്ട പത്തു വർഷത്തോളം സജീവ മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ച ശേഷമാണ് സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. അധികം സിനിമകൾ ചെയ്തില്ലെങ്കിലും ചെയ്തവയെല്ലാം കലാസ്വാദനത്തിന്റെ ചേരുവകൾക്കപ്പുറം മാനവികവും നൈതികവുമായ മാനങ്ങളും സന്ദേശങ്ങളുമുള്ളവയാണെന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ് .
2018 ലാണ് പ്രജേഷ് സെൻ സിനിമയിൽ പരീക്ഷണമാരംഭിച്ചത്. നാൽപത്തിയൊന്നാം വയസ്സിൽ അകാലത്തിൽ അന്തരിച്ച വി.പി സത്യന്റെ ജീവിതം ആധാരമാക്കി നിർമിച്ച ക്യാപ്റ്റൻ സിനിമയിൽ ജയസൂര്യയാണ് നായകവേഷത്തിൽ അഭിനയിച്ചത്.കണിശമായ അച്ചടക്കത്തിൽ കളിക്കളങ്ങളെ കയ്യടക്കിയ സത്യൻ പിന്നീട് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നതോടെ നേരിട്ട മാനസിക സംഘർഷങ്ങളും ജീവിത പ്രാരബ്ധങ്ങളുമാണ് സിനിമയുടെ പ്രമേയം. കായികരംഗം നൽകിയ അവഗണനയിൽ മനം നൊന്ത് വിഷാദരോഗത്തിലൂടെ മരണത്തിലേക്കു നടന്നടുത്ത വി.പി.സത്യന്റെ അന്ത്യം ഒരുതരത്തിലുള്ള 'സെൽഫ് ഗോളാ'യിരുന്നുവെന്ന് വേണമെങ്കിൽ സിനിമയിൽ നിന്നും വായിച്ചെടുക്കാം.
'ക്യാപ്റ്റൻ' എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വെള്ളം. മദ്യത്തെ മനസ്സാക്കി ജീവിക്കുന്ന മുരളിയുടെ ജീവിതമാണ് 'വെള്ളം' എന്ന സിനിമയിലൂടെ പ്രജേഷ് സെൻ പറയാൻ ശ്രമിച്ചത്. യാഥാർത്ഥ്യ ജീവിതത്തിൽ നിന്ന് പകർത്തിയെഴുതിയ 'വെള്ളം' എന്ന സിനിമ പറയുന്നത് ആൽക്കഹോളിക്കിൽ നിന്നും, അവഗണനയിൽ നിന്നും ജീവിതം പടുത്തുയർത്തിയ യഥാർത്ഥ മനുഷ്യനിലെ കഥയാണ്. ലഹരി ഗന്ധത്തിന്റെ അകക്കാമ്പ് തുറന്നുകാട്ടാൻ ശ്രമിക്കുകയായിരുന്നു പ്രജേഷ് സെൻ.
വെള്ളം സിനിമയുടെ പ്രചോദനം തളിപ്പറമ്പുകാരനായ മുരളി കുന്നുംപുറത്ത് എന്ന വ്യവസായിയുടെ മുൻകാല ജീവിതമായിരുന്നു.
മദ്യമില്ലാതെ ജീവിക്കാൻ ആവാത്ത, മുഴുക്കുടിയനായിരുന്ന മുരളിയുടെ ജീവിതമാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. 13 വർഷം മുമ്പാണ് മുരളി പൂർണമായും മദ്യപാനം ഉപേക്ഷിക്കുന്നത്.
നാടിനും വീടിനും ഒരു പോലെ 'ശല്യമായ' മുഴുക്കുടിയനിൽ നിന്ന് പല രാജ്യങ്ങളിലായി വ്യവസായം കെട്ടിപ്പടുത്ത ബിസിനസുകാരനായി മുരളി മാറുകയായിരുന്നുവെന്ന് മാത്രമല്ല ലഹരി വിപത്തിനെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാനൊരുങ്ങിയാണ് തന്റെ മുൻകാല ചെയ്തികളോട് പ്രായശ്ചിത്വം ചെയ്യുന്നത്.
മദ്യ ലഹരിയിൽ ജീവിതം ഹോമിച്ചു കളയുന്ന മുരളി എന്ന ചെറുപ്പക്കാരന്റെ തകർന്നടിഞ്ഞ കരളിന്റെ കണ്ണിലേക്ക് ക്യാമറ തിരിയുമ്പോൾ ലഹരി തകർക്കുന്ന കേരളീയ സമൂഹത്തെ ചിന്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ടാണ് സിനിമ ജനകീയമായത്. സാമൂഹ്യ കുടുംബ ജീവിതങ്ങളെ ലഹരി ബാധിക്കുന്നതിന്റെ വ്യക്തമായ ചിത്രമാണ് വെള്ളം അവതരിപ്പിച്ചത്.
മദ്യത്തനടിമപ്പെടുന്നവരെ മനുഷ്യരായി തിരിച്ചുകൊണ്ടുവരണമെന്ന സന്ദേശം നൽകുമ്പോൾ മദ്യം മനുഷ്യനെ മൃഗമാക്കി മാറ്റുമെന്ന സുപ്രധാനമായ ആശയമാണ് അടയാളപ്പെടുത്തുന്നത്.
മദ്യത്തിനായ് മാത്രം നില കൊണ്ട മുരളിയുടെ ജീവിതം പിന്നീട് ജനങ്ങളുടെ മധ്യത്തിലേക്ക് തലയെടുപ്പോടെ കസേരയിട്ടിരിക്കാൻ പ്രാപ്തനാക്കുമ്പോൾ ഒരു പ്രചോദന സിനിമ എന്ന നിലയിലും ശ്രദ്ധനേടുന്നു. തോറ്റവനെ ജയിക്കാൻ പഠിപ്പിക്കുന്ന സിനിമയാണ് വെള്ളം എന്നാണ് സിനിമ നിരൂപകർ അഭിപ്രായപ്പെട്ടത്. 2019 ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ കൊന്തോവിന്റെ റീമേക്കായി പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിച്ച മേരീ ആവാസ് സുനോ ഈ വർഷം ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു. ദി സീക്രട്ട് ഓഫ് വിമൻ എന്ന ചിത്രത്തിന്റെ അവസാനവട്ട വർക്കുകളിലാണ് അദ്ദേഹമിപ്പോൾ.
പത്മരാജൻ, ബാലചന്ദ്രമേനോൻ, വേണു നാഗവള്ളി തുടങ്ങിയവരെപ്പോലെ തിരക്കഥയും സംവിധാനവും തനിക്ക് ഒരു പോലെ വഴങ്ങുമെന്ന് തെളിയിച്ചാണ് പ്രജേഷ് സെൻ മുന്നേറുന്നത്. സ്വന്തം തിരക്കഥ സിനിമയാക്കുമ്പോൾ ഏറെ സൗകര്യമുണ്ടെന്നും തികഞ്ഞ ഗ്രാഹ്യത്തോടെ കഥാവസരങ്ങളെ ചിത്രീകരിക്കാൻ കഴിയുമെന്നുമാണ് പ്രജേഷ് സെൻ കരുതുന്നത്.
ആൾ ഇന്ത്യാ റേഡിയോയിലും മാധ്യമത്തിലും ജർണലിസ്റ്റായി ജോലി ചെയ്ത പ്രജേഷ് സെൻ സിദ്ദീഖിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമ കരിയർ ആരംഭിച്ചത്. ഓർമകളുടെ ഭ്രമണപഥം എന്ന പേരിൽ മുൻ ഐ.എസ്.ആർ. ഒ. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവചരിത്രമെഴുതിയ പ്രജേഷ് സെൻ നമ്പി ദ സയന്റിസ്റ്റ് എന്ന പേരിൽ ഒരു ഡോക്യൂമെന്ററിയും ചെയ്തിട്ടുണ്ട്.
പ്രശസ്ത ഡച്ച് ഡയറക്ടർ ജാക്കോ ഗ്രോയിനിന്റെ സ്ട്രീറ്റ് കിഡ്‌സ് സീരീസിൽ സഹകരിച്ച പ്രജേഷ് ദ റോഡ് ടു മോസ്‌കോ എന്ന ഡോക്യൂമെന്ററിയുടെ സഹനിർമാതാവായിരുന്നു. ഗോപിനാഥ് മുതുകാടിന്റെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കേന്ദ്രവുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്ന പ്രജേഷ് സെൻ കലയുടെ സാമൂഹ്യ ധർമമാണ് പ്രായോഗികമായി അടയാളപ്പെടുത്തുന്നത്.
യു.എ.ഇയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ശ്ലാഘനീയമായ സേവനം ചെയ്യുന്ന അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതും ഇതോട് ചേർത്ത് വായിക്കാം.
ഒടുവിലത്തെ കൂട്ട് എന്ന പേരിൽ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകമെഴുതിയിട്ടുണ്ട്. വാടകത്തൊട്ടിൽ, മാഞ്ചി, ഏകലവ്യന്റെ വിരൽ, തന്മാത്രകൾ, ആത്മഭാഷണങ്ങൾ, ക്യാപ്റ്റൻ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങൾ. കഥയും തിരക്കഥയും ചലചിത്രവുമൊക്കെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങളുണ്ടാക്കുമെങ്കിൽ ജീവിതം സാർഥകമെന്നാണ് ഈ സംവിധാകയന്റെ നിലപാടെന്ന് വേണം കരുതാൻ.






