ചേതോഹരം, ചേരിയംമല


കൊടികുത്തിമല കയറിയവർ നിരവധിയുണ്ടാകാം, കൊടികുത്തി കല്ല് കയറിയവർ വിരളമായിരിക്കും, ചേരിയം മലയുടെ ഉയരങ്ങൾ കിഴടക്കാനാഗ്രഹമുള്ളവർ ഒത്തിരിയുണ്ടെങ്കിലും സ്വപ്‌നങ്ങൾ മാത്രമായിരിക്കും.
മലപ്പുറം ജില്ലയിലെ മങ്കട ചേരിയം മലയെ പോലെ ട്രക്കിംഗിന് അനുയോജ്യമായ മറ്റൊരു മലനിര മലപ്പുറം ജില്ലയിൽ ഉണ്ടാകില്ല. കൊളത്തൂർ നാഷണൽ ഹയർ സെക്കന്ററി സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സംഘടിപ്പിച്ച ട്രക്കിംഗിന് എസ്‌കോർട്ടായി  മലകയറിയത് അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ റിയാസ് മങ്കടയായിരുന്നു.
കൊടികുത്തിമലയിൽനിന്ന് കൊടികുത്തികല്ലിലേക്ക് ഒരു സാഹസികയാത്ര,ഉപ്പ് പാറക്ക് മുകളിലുള്ള മനോഹരമായ പുൽ മേടാണ് ചേരിയം മലയുടെ ഏറ്റവും വലിയ ആകർഷണം.  കൊടികുത്തി കല്ല് ഏറെ പ്രശസ്തമാണ്
ജില്ലയിലെ തന്നെ  ഏറ്റവും ഉയരം കൂടിയ എന്നാൽ അധികമാർക്കും പരിചയമില്ലാത്ത കൊടികുത്തി കല്ല്  ചേരിയം മലയുടെയും പന്തലൂർ മലയുടെയും അതിർത്തിയിലുള്ള ഈ സ്ഥലം സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്ററിലധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് അറബികടലും കിഴക്ക് പശ്ചിമഘട്ട മലനിരകളും വടക്ക് മല്ലീശ്വരമ ലയും തെക്ക് നിലമ്പൂർ കാടുകളും മനോഹര കാഴ്ച തന്നെ. ഇവിടേക്ക് കിഴാറ്റൂർ നെന്മിനി മലയാള മനോരമയുടെ പ്ലാന്റേഷനിലൂടെയാണ് എത്തിച്ചേരാൻ സൗകര്യം, എസ്റ്റേറ്റിൽ നിന്നും അനുവാദം വാങ്ങിച്ച് വേണം എത്തിച്ചേരാൻ.
നെല്ലിയാമ്പതിയിലും ഊട്ടിയിലും സമുദ്രനിരപ്പിൽനിന്ന് ഉയർന്ന് നിൽക്കുന്ന സ്ഥലങ്ങളിൽ കാണുന്ന കാറ്റാടി, യൂക്കാലി മരങ്ങൾ പ്രദേശത്തിന്റെ കാലാവസ്ഥയെ കാണിക്കുന്നു. മങ്കടയുടെ സൗന്ദര്യത്തിന്റെ അഭിമാനവുമാണ് ചേരിയം മല.  കൃഷി മുഖ്യ ജീവിതോപാധിയായി കാണുന്ന മങ്കടക്കാർക്ക്‌ചേരിയം മലയിൽ നിന്നുൽഭവിക്കുന്ന അരുവികളും തോടുമാണ് മുഖ്യ ജല സ്രോതസ്സ്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണ് മങ്കട, കീഴാറ്റൂർ വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചേരിയം മല.  പശ്ചിമഘട്ട മലനിരകളുടെ ശാഖയായും ഇതിനെ വിശേഷിപ്പിക്കുന്നു.  ഒട്ടേറെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും അരുവികളും ഈ മലയുടെ ഭാഗമായുണ്ട്.ആനക്കയം പഞ്ചായത്ത് അതിർത്തി മുതൽ മങ്കട,കീഴാറ്റൂർ പഞ്ചായത്ത് വരെ വ്യാപിച്ച് കിടക്കുന്ന ഈ മലനിര ഏകദേശം രണ്ടായിരം ഏക്കർ വിസ്തൃതിയുണ്ടെന്നാണ് കണക്ക്.  1950 കൾ വരെയുള്ള കാലങ്ങളിൽ പുലി അടക്കമുള്ള വന്യ ജീവികൾ മലയിൽ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.  പിന്നീട് മനുഷ്യരുടെ ഇടപെടൽ കാട് നശിക്കുവാൻ കാരണമായി. 
  മങ്കട കോവിലകത്തിന്റെ കൈവശമായിരുന്ന ഈ ഭൂമി.കൈമാറ്റം ചെയ്യപ്പെട്ട്  കിഴക്കെ ചാലക്കുടി വില്ലേജിൽ കരിപ്പാലി വീട്ടിൽ സരോജിനി അമ്മ മക്കളായ വിജയ ലക്ഷ്മി, ഗോപാലകൃഷ്ണൻ, രാഘവൻ, അശോക് കുമാർ, പ്രകാശ് കുമാർ, പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ എന്നിവരുടെ കൈവശത്തിലാണ് ഇപ്പോൾ ഭൂമിയുള്ളത്.  സർക്കാർ പുറത്ത് വിടുന്ന കണക്കനുസരിച്ച് ചേരിയം മലയിലുള്ള രണ്ടായിരം ഏക്കർ ഭൂമിയാണുള്ളത്.   ഇതിൽ 294 ഏക്കർ ഭൂമി ഫോറസ്റ്റിന്റെ കൈവശത്തിലാണ്. ഈ ഭാഗങ്ങൾ ജൻഡകൾ കെട്ടി വേർത്തിരിച്ചിട്ടുണ്ട് 
പ്രകൃതിയുടെ താളങ്ങളെയും ഭാവങ്ങളെയും ആസ്വാദനങ്ങളെയും തേടി ദൂരങ്ങൾ താണ്ടുന്നവർ ഇവിടെ എത്താറുണ്ട്. കൊടികുത്തി കല്ലും, ഉപ്പു പാറയും കുരങ്ങൻ ചോലയും ഏറെ ആകർഷണീയമാണ്.ആനക്കയം-മങ്കട സ്റ്റേറ്റ് ഹൈവേയിൽ സ്ഥിതി ചെയ്യുന്ന കടന്നമണ്ണ അങ്ങാടിയിൽ നിന്ന്  (മങ്കട ടൗണിൽ നിന്ന് ആനക്കയം റൂട്ടിൽ 2 കി.മീ / ആനക്കയത്ത് നിന്ന് മങ്കട റൂട്ടിൽ 8 കി.മീ) നിന്ന് കുരങ്ങൻചൊല റോഡിൽ കയറി 1.5 കി.മീ താണ്ടിയാൽ ക്രൗൺ സാന്റ്‌സ് ആന്റ് ഗ്രാവൽസ് ക്വാറി കഴിഞ്ഞ് ചേരിയം മല ഓഫ് റോഡ് പോയറ്റിൽ എത്താം. 
പ്രകൃതിയുടെ ശബ്ദങ്ങൾ, താളങ്ങൾ, അരുവിയുടെ ഓളങ്ങൾ, മണ്ണിന്റെ ഗന്ധങ്ങൾ എല്ലാം തൊട്ടറിഞ്ഞ് നാല് കിലോമീറ്റർ  താണ്ടിയാൽ ചെകുത്താൻ പാറയിലെത്താം. ചെകുത്താൻ പാറ പോയന്റ്,ഫാമിലി ട്രാവലേഴ്‌സിന് ഇണങ്ങുന്ന സ്‌പോട്ടാണ് ചെകുത്താൻ പാറയിൽ ഇരുന്ന് കോട ആസ്വദിക്കണമെങ്കിൽ അതിരാവിലെ ഏഴ് മണിക്ക് മുന്നേ എത്തിപ്പെടണം.
കോട മാഞ്ഞുപോയാൽ മലപ്പുറം ജില്ലയുടെ പടിഞ്ഞാറു ഭാഗം വിശാലമായി കാണാം. അഡ്വഞ്ചർ സീക്കേഴ്‌സിന് മറ്റൊരിടമുണ്ട് കൊടികുത്തി പീക്ക് അഥവാ കൊടികുത്തി കല്ല്,ചേരിയം മലയുടെ ഏറ്റവും ഉയർന്ന പോയന്റ്
കൊടികുത്തി പീക്ക് ലക്ഷ്യമിടുന്നവർ ചെകുത്താൻ പാറയിൽ അൽപം വിശ്രമിച്ച് വേണം തുടരാൻ -ഇവിടേക്ക് എത്തിപ്പെടാൻ കൃത്യമായ വഴികളില്ല, ബൈക്ക് , ജീപ്പ് സാഹസികത നടക്കില്ല. മുൻ പരിചയമുള്ളവരുടെ സഹായത്തോടെ നിങ്ങൾക്ക് മൂന്ന് കിലോമീറ്റർ കൂടി താണ്ടിയാൽ കൊടികുത്തി പീക്ക് എത്താം. പേടിക്കേണ്ട, ഇവിടെ ഒരു വയർലെസ് ഫോറസ്റ്റ് സ്റ്റേഷൻ കൂടിയുണ്ട്. കുളിര് കൊള്ളിക്കുന്ന ഇളം കാറ്റ്, ഇടക്ക് വന്ന് നനക്കുന്ന തുള്ളിമഴ, കാഴ്ചയെ മറക്കുന്ന കോട.എല്ലാമെല്ലാമായി കൊടികുത്തി പീക്ക്. ചെകുത്താൻ പാറയിൽ നിന്ന് വിപരീതമായി കോടമഞ്ഞ് മാഞ്ഞാൽ ഇവിടെയിരുന്ന് മലപ്പുറം ജില്ലയുടെ കിഴക്ക് ഭാഗം ഭാഗികമായി വീക്ഷിക്കാം.
 

Latest News