കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമായ മോഹിനിയാട്ടത്തെ അതിന്റെ പരമ്പരാഗത ശൈലിയിൽനിന്നും മാറ്റി പുതിയ കാലത്തിന്റെ സ്പന്ദനങ്ങൾ ആവാഹിപ്പിച്ച് അരങ്ങിൽ അവതരിപ്പിക്കുന്നതിൽ ഡോ. നീനാ പ്രസാദിനുള്ള വൈഭവം ആരേയും അദ്ഭുതപ്പെടുത്തുന്നതാണ്.
പുരാണ കഥാപാത്രങ്ങളായ ദ്രൗപതിയെയും കുന്തിയെയും ശൂർപ്പണഖയേയുമെല്ലാം പുതിയ ശൈലിയിൽ ചിട്ടപ്പെടുത്തിയപ്പോൾ കാഴ്ചക്കാർക്ക് അതൊരു പുതിയ അനുഭവമായി. കുറിയേടത്ത് താത്രിയും പഞ്ചഭൂതവുമെല്ലാം മോഹിനിയാട്ടവേദിയിലെത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആതുരസേവനവഴിയിൽ തിളങ്ങിനിൽക്കാൻ ഭാഗ്യമുണ്ടായിട്ടും നൃത്തകലയിലൂടെ സ്വന്തമായൊരു പാത വെട്ടിയൊരുക്കുകയായിരുന്നു ഈ നർത്തകി. എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചെങ്കിലും തന്റെ വഴി അതല്ലെന്ന് ഉറച്ചുവിശ്വസിക്കുകയും നടനവേദിയിൽ തന്റേതായ സംഭാവനകൾ നൽകിയുമായിരുന്നു ഡോ. നീനാ പ്രസാദിന്റെ സഞ്ചാരം. ആ തീരുമാനം തെറ്റിയില്ലെന്ന് കാലം തെളിയിക്കുകയാണ്. രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാർഡിനും ഈയിടെ അവർ അർഹയായി. ചിലങ്കയുടെ മാസ്മരികനാദം ഹൃദയത്തിലേറ്റുവാങ്ങിയ ഈ കലാകാരി പുതിയൊരു നൃത്തരൂപത്തിന്റെ തയ്യാറെടുപ്പിലാണിപ്പോൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തിയേറ്റർ ആഘോഷമായ സെറൻഡിപിറ്റി ആർട്‌സ് ഫെസ്റ്റിവലിന് വേദിയാകുന്ന ഗോവയിലേയ്ക്ക് യാത്ര തിരിക്കാനൊരുങ്ങുന്നതിനിടയിലാണ് അവർ മലയാളം ന്യൂസിനോട് സംസാരിച്ചത്.
ഗോവയിൽ ഒരുക്കുന്ന നൃത്തരൂപത്തെക്കുറിച്ച്
എലമെന്റ്‌സ് ഓഫ് ക്രിയേഷൻ എന്നു പേരിട്ടിരിക്കുന്ന മോഹിനിയാട്ട നൃത്തരൂപമാണ് ഗോവയിൽ അവതരിപ്പിക്കുന്നത്. ഇതൊരു സോളോ നൃത്തമാണ്. നേരത്തെ എന്റെ മനസ്സിലുണ്ടായിരുന്ന ആശയമാണിത്. സ്ഥിരമായി കണ്ടുവരുന്നതിൽനിന്നും വ്യത്യസ്തമായ എന്തെങ്കിലും അവതരിപ്പിക്കണമെന്നായിരുന്നു സംഘാടകരുടെ ആവശ്യം. അങ്ങനെയാണ് ഇത്തരമൊരാശയത്തിലെത്തിയത്.
പഞ്ചഭൂതനിർമ്മിതമായ ഭൂമിയെ ആഴത്തിൽ പരിശോധിക്കാനാണ് ഈ നൃത്തശിൽപത്തിലൂടെ ശ്രമിക്കുന്നത്. ഭൂമി നമുക്കുവേണ്ടി നിരന്തരമായി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഭൂമിയുടെ മൂല്യം നാം ഒരിക്കലും തിരിച്ചറിയുന്നില്ല. നാം ഭൂമിയിൽ ജനിക്കുകയും ഇവിടെത്തന്നെ ഒടുങ്ങുകയും ചെയ്യുന്നു. ഈ മണ്ണിൽതന്നെയാണ് നാം ലയിക്കുന്നത്. നമുക്കുവേണ്ട സോഡിയം, കാൽസ്യം, പൊട്ടാസിയം തുടങ്ങിയ ലവണങ്ങളെല്ലാം ഈ ഭൂമിയിൽനിന്നാണ് ലഭിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്ന് ശരീരത്തിൽ കുറഞ്ഞുപോയാൽ മരണം പോലും സംഭവിക്കുന്നു. അതുകൊണ്ടാണ് ഭൂമീദേവിയെ ലാവണ്യ എന്നു വിളിക്കുന്നത്.
എന്നാൽ നമ്മളാകട്ടെ ഈ ഭൂമി ഉപയോഗിച്ച് പണമുണ്ടാക്കുകയാണ്. പണ്ട് താളിയോലകളിലായിരുന്നു എഴുതിയിരുന്നതെങ്കിൽ ഇന്നത് കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനും വഴിമാറിയെങ്കിലും ഈ ലോഹങ്ങളൊന്നും നമ്മുടെ സൃഷ്ടിയല്ല. ഇതെല്ലാം ഈ ഭൂമിയിൽനിന്നും ഉണ്ടാക്കിയെടുത്തതാണ്. എലമെന്റ്‌സ് ഓഫ് ക്രിയേഷൻസിൽ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. ഈ പ്രപഞ്ചത്തിൽ ഭൂമിയും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം വളരെ സൂക്ഷ്മമായ തലത്തിൽ നമ്മളിലെല്ലാം വർത്തിക്കുന്നുണ്ട്. ഈ ആശയം ജനങ്ങളിലെത്തിക്കാനാണ് എന്റെ ശ്രമം.
നൃത്തജീവിതം തുടങ്ങുന്നത്
മൂന്നാം വയസ്സിലാണ് നൃത്തപഠനം ആരംഭിക്കുന്നത്. കലാസ്വാദകരായ അച്ഛൻ പ്രൊഫ. എം.ഭാസ്‌കരപ്രസാദും അമ്മ ലളിതാബായിയുമാണ് എന്നിലെ നർത്തകിയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്. റിഗാറ്റാ ഗിരിജ ടീച്ചറായിരുന്നു ആദ്യഗുരു. അന്നുമുതൽ നൃത്തമാണ് എന്റെ ലോകം. നാലാം വയസ്സിൽ കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിലായിരുന്നു അരങ്ങേറ്റം.
ഏഴാം വയസ്സിൽ വി.ജെ.ടി ഹാളിൽ ആദ്യമായി മോഹിനിയാട്ടം അവതരിപ്പിച്ചു. തുടർന്ന് സംസ്ഥാന സ്‌കൂൾ കലോത്സങ്ങളിലെല്ലാം പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടം അഭ്യസിക്കാൻ പലരും വൈമുഖ്യം കാണിച്ചതുകണ്ടാണ് മോഹിനിയാട്ടവേദിയിൽ നിലയുറപ്പിക്കാൻ തീരുമാനിച്ചത്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലുമെല്ലാം മനസ്സർപ്പിച്ചിരുന്നെങ്കിലും മോഹിനിയാട്ടത്തെക്കുറിച്ച് കൂടുതലറിയാൻ ശ്രമം തുടങ്ങി.
നാലുവർഷത്തോളം മോഹിനിയാട്ടത്തെക്കുറിച്ച് ഗവേഷണവും നടത്തി. നിരന്തര സാധനയിലൂടെ തിരിച്ചറിഞ്ഞ പരിമിതികളെ മറികടന്നുകൊണ്ടുള്ള ആദ്യപ്രകടനം അരങ്ങേറിയത് സൂര്യ വേദിയിലായിരുന്നു. മോഹിനിയാട്ടത്തിലെ പ്രസാദാത്മകത വെളിവാക്കിയ പ്രകടനമായിരുന്നു അതെന്നായിരുന്നു പലരുടെയും വിലയിരുത്തൽ.
മോഹിനിയാട്ടത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ
ഘടനയിലും സമ്പ്രദായത്തിലുമൊന്നും ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. അവ മാറ്റുന്നതിൽ അർഥവുമില്ല. ഇതിവൃത്തങ്ങളിൽ മാറ്റം വരുത്താം. പദവർണ്ണങ്ങൾ മാറുന്നില്ല. ചലനമാതൃകകളിൽ ദൃഢത കൊണ്ടുവന്നിട്ടുണ്ട്. അതിനെല്ലാം കരുത്തായത് കലാമണ്ഡലം ക്ഷേമാവതി ടീച്ചറും കലാമണ്ഡലം സുഗന്ധി ടീച്ചറുമാണ്. അവരുടെ പാത പിന്തുടരുകയായിരുന്നു ഞാൻ. സ്ഥൂലവും സൂക്ഷ്മവുമായ തലത്തിൽ മോഹിനിയാട്ടത്തെ അറിയുമ്പോൾ അതാണ് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നു.
കഥകളി, ഭരതനാട്യം, കുച്ചിപ്പുഡി എന്നിവ മോഹിനിയാട്ടത്തെ സഹായിച്ചിട്ടുണ്ടോ?
തീർച്ചയായും. അടിസ്ഥാനപരമായി ഇവയെല്ലാം നൃത്തരൂപങ്ങളാണ്. കഴിഞ്ഞ ഇരുപതു വർഷമായി മോഹിനിയാട്ടം മാത്രമാണ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ഭരതാഞ്ജലി അക്കാദമി ഓഫ് ഇന്ത്യൻ ഡാൻസസിന്റെയും ചെന്നൈയിലെ സൗഗന്ധിക സെന്ററിന്റെയും ഡയറക്ടറാണ്. അധ്യാപനത്തിലും ഇതരനൃത്തരൂപങ്ങളുമായുള്ള ബന്ധം സഹായകമാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേർ നൃത്തപഠനത്തിനായി ഇവിടെ എത്തുന്നുണ്ട്. ഫ്രഞ്ച് പൗരനായ ഒരു വിദ്യാർഥിക്കൊപ്പമുള്ള നൃത്തചുവടുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നായികാ സങ്കല്പത്തിന് പ്രാധാന്യം നൽകുന്ന നൃത്തരൂപങ്ങളാണല്ലോ കൂടുതലും
മോഹിനിയാട്ടത്തിലെ നായികാ സങ്കല്പത്തെക്കുറിച്ചുള്ള പഠനത്തിനാണ് യു.കെയിലെ സറേയ് യൂണിവേഴ്‌സിറ്റിയിൽനിന്നും എനിക്ക് പോസ്റ്റ് ഡോക്ടറൽ ബിരുദം ലഭിച്ചത്. ഈ സങ്കല്പം തലമുറകൾ തോറും മാറിവരുന്നതാണ് കാണുന്നത്. ഫ്യൂഡൽ കാലഘട്ടത്തിൽ നായിക മറ്റുള്ളവരുടെ പ്രീതിക്കായി ജീവിക്കുന്ന, അല്ലെങ്കിൽ നടിക്കുന്നവളായിരുന്നു. പിന്നീടാണ് കുലസ്ത്രീയെന്ന സങ്കല്പം കടന്നുവന്നത്. അടുത്തഘട്ടം സ്ത്രീക്ക് സ്വാതന്ത്ര്യത്തിന്റെ കാലഘട്ടമായിരുന്നു. ഇപ്പോഴാകട്ടെ ബുദ്ധിപരമായ പരിശ്രമത്തിന്റെ കാലമാണ്. അത് ശ്രദ്ധിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. പുരാതനകാലത്തെ ഒരു മോഹിനിയാട്ടം കലാകാരിക്ക് അത് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. നായികാസങ്കല്പത്തിൽ ദൈവത്തെപോലും സുഹൃത്തായി കാണുന്ന രീതി മനോഹരമല്ലേ. വിശ്വാസവും സൗഹൃദവും വ്യക്തിബന്ധവും കൂടിച്ചേരുന്ന ഇഴയടുപ്പമുള്ള ഉത്തമ ഭക്തിബന്ധമാണ് ഇവിടെ വെളിപ്പെടുന്നത്.
താങ്കൾ ഏറെ ആദരിക്കപ്പെടുന്നതിന് കാരണം
അക്കാദമിക പഠനം കലാജീവിതത്തിൽ ഏറെ പ്രയോജനകരമായി ഭവിക്കുകയായിരുന്നു. നൃത്തരംഗത്തെ പരീക്ഷണങ്ങൾ ശാസ്ത്രീയമാക്കാൻ കഴിഞ്ഞതിനാലാവണം അംഗീകരിക്കപ്പെടാൻ കാരണമായത്. എന്റെ ഗുരുനാഥയായ സുഗന്ധി ടീച്ചറും അടവുകളെ ക്രോഡീകരിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഞാൻ അതിൽനിന്നും ബഹുദൂരം മുന്നിലേയ്ക്കു പോവുകയായിരുന്നു. ഇത്തരത്തിലുള്ള പുനർനിർമ്മാണമാണ് പഠനം എന്ന് തെളിയിക്കുകയായിരുന്നു.
കുറിയേടത്ത് താത്രിയും പഞ്ചഭൂതവുമെല്ലാം വ്യത്യസ്തമാകുന്നത്
പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ച ബന്ധുക്കളടക്കമുള്ളവർക്കെതിരെ കുറിയേടത്ത് താത്രി നടത്തിയ പോരാട്ടം വളരെ ശക്തമായി അവതരിപ്പിക്കുകയായിരുന്നു. നല്ല സ്വീകാര്യതയാണ് ഈ കോറിയോഗ്രഫിക്ക് ലഭിച്ചത്. പഞ്ചഭൂതത്തിലാകട്ടെ മനുഷ്യൻ ഭൂമിയിൽ ഒന്നും സൃഷ്ടിക്കുന്നില്ല എന്ന തത്വമാണ് വിളംബരം ചെയ്യുന്നത്. ഭൂമിയിലുള്ളതിനെ മനുഷ്യൻ കണ്ടെത്തുക മാത്രമാണ് ചെയ്യുന്നത്. നമ്മുടേതായി ഒന്നും അവകാശപ്പെടാനില്ലാത്തവരാണ് മനുഷ്യരെന്ന ബോധം സൃഷ്ടിക്കുകയായിരുന്നു പഞ്ചഭൂതത്തിലൂടെ ലക്ഷ്യമിട്ടത്.
ഈ രംഗത്തേയ്ക്കു കടന്നുവരുന്ന പുതിയ തലമുറയോട് പറയാനുള്ളത്
നൃത്തപഠനം ഒരു ഉപാസനയാണ്. നമുക്കു മുൻപേയുള്ള ഈ കലാെൈവഭവത്തെ ഒരു സപര്യയായി മാറ്റുകയാണ് വേണ്ടത്. നല്ല സംഗീത, താളബോധവും വായനാശീലവും ഉണ്ടാകണം. എപ്പോഴും വിദ്യാർഥിയായിരിക്കുക. അടിസ്ഥാനപഠനം മുതൽ കലാശാലാ പഠനത്തിനപ്പുറം ഈ കലയെയും കൂടെ നടത്തണം. സമൂഹത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ആ താളത്തിനൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം. ഒരു കലാകാരിയായി സമൂഹത്തിനു മുന്നിൽ നിൽക്കുമ്പോൾ പല മാനസികനിലയുള്ള ആസ്വാദകരുടെ മുന്നിലേയ്ക്കാണ് കലാരൂപങ്ങൾ എത്തിക്കുന്നത് എന്ന ബോധ്യമുണ്ടാകണം. അവർക്കെല്ലാം ആസ്വാദ്യകരമാകുന്ന തരത്തിൽ സമൂഹത്തിൽ പ്രസക്തമാകുന്ന വിധമാകണം അവതരിപ്പിക്കേണ്ടത്.
ഇനിയുള്ള സ്വപ്‌നം
നൃത്തവുമായി ബന്ധപ്പെട്ട് വളരെ ആഴത്തിൽ പഠിക്കാനായി ഒരു കേന്ദ്രം വേണമെന്ന ആഗ്രഹം മനസ്സിലുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി ഒരു നൃത്തഗവേഷണ കേന്ദ്രമാണ് മനസ്സിലുള്ളത്. അതിനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. വൈകാതെ അത്തരമൊരു കേന്ദ്രം തലസ്ഥാന നഗരിയിൽ ഉയർന്നുവരുമെന്നു കരുതുന്നു. ഈയിടെ ഒരു പുസ്തകം പുറത്തിറങ്ങി
ഷാർജയിൽ നടന്ന ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വച്ചാണ് നീനാപ്രസാദം എന്ന പുസ്തകം പ്രകാശനം ചെയ്തത്. നിരവധി പേരുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പത്മശ്രീ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് നാലാപ്പാടൻ പത്മനാഭനാണ്.
പ്രശസ്ത നർത്തകി മല്ലികാ സാരാഭായ് കലാമണ്ഡലത്തിൽ ചാൻസലറായി വരുമ്പോൾ
ഏറെ സന്തോഷമുണ്ട്. കലാമണ്ഡലത്തിന് ഒരു പുതിയ മുഖം നൽകാൻ അവർക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു. സാംസ്‌കാരിക മണ്ഡലത്തിൽ ചിരകാലമായി പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള, ദീർഘവീക്ഷണമുള്ള അവരുടെ വരവ് കലാമണ്ഡലത്തിന് ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തുന്നത്.






