മായക്കാഴ്ചകളിലേക്ക്  മറ്റൊരു ചരിത്ര പോരാട്ടം

ദോഹ -അര്‍ജന്റീ-നെതര്‍ലാന്റ്‌സ്... ലോകകപ്പില്‍ നീണ്ട ചരിത്രത്തിന്റെ പശ്ചാത്തലമുണ്ട് ഈ ക്വാര്‍ട്ടര്‍ ഫൈനലിന്. രണ്ടു തവണ ചാമ്പ്യന്മാരായ അഭിമാനമുണ്ട് അര്‍ജന്റീനക്ക്, മൂന്നു തവണ ഫൈനലില്‍ തോറ്റ അപമാനഭാരമുണ്ട് നെതര്‍ലാന്റ്‌സിന്. വെറും ഗൃഹാതുരത്വത്തിന്റെ കെട്ടുകാഴ്ചയല്ല ഈ മത്സരം. എക്കാലത്തെയും മികച്ച ഫോര്‍വേഡുകളിലൊരാള്‍ വര്‍ത്തമാനകാലത്തെ മുന്‍നിര ഡിഫന്റര്‍മാരിലൊരാളെ നേരിടുന്ന കളി കൂടിയാണ്. ലിയണല്‍ മെസ്സിയുടെ ഗോളാക്രമണം തടയാന്‍ വിര്‍ജില്‍ വാന്‍ഡൈക് എല്ലാ ഒരുക്കങ്ങളോടെയും തയാറായി നില്‍പുണ്ടാവും. ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കോച്ച് ടൂര്‍ണമെന്റിലെ പ്രായമേറിയ കോച്ചുമായി മുഖാമുഖം വരും. ലിയണല്‍ സ്‌കാലോണിക്ക് 44 വയസ്സേ ആയിട്ടുള്ളൂ, ലൂയിസ് വാന്‍ഹാലിന് 71 വയസ്സുണ്ട്. 
1978 ലും 1986 ലും അര്‍ജന്റീന ലോകകപ്പ് ചാമ്പ്യന്മാരായി. 1930 ലും 1990 ലും 2014 ലും ഫൈനലില്‍ തോറ്റു. 1974 ലും 1978 ലും 2010 ലും ഫൈനലില്‍ കീഴടങ്ങിയ ചരിത്രമാണ് നെതര്‍ലാന്റ്‌സിന്. പക്ഷെ ഈ ലോകകപ്പില്‍ ഡച്ചിന്റെ മുന്നേറ്റമാണ് കൂടുതല്‍ സുഗമം. അജയ്യരായി ഗ്രൂപ്പ് ചാമ്പ്യന്മാരായി, പ്രി ക്വാര്‍ട്ടറില്‍ അമേരിക്കയെ എളുപ്പം കീഴടക്കി. വിരസമെന്ന് അവരുടെ കളിയെ വിമര്‍ശിക്കുന്നവരുണ്ട്, അത് ഫലപ്രദമാണെന്നതില്‍ തര്‍ക്കമില്ല. മെംഫിസ് ഡിപായ് ഫിറ്റ്‌നസ് നേടി, കോഡി ഗാക്‌പൊ ഈ ടൂര്‍ണമെന്റ് ആഘോഷിക്കുകയാണ്.
കനത്ത ഞെട്ടലോടെയാണ് അര്‍ജന്റീന ലോകകപ്പ് തുടങ്ങിയത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് സൗദി അറേബ്യ നടത്തിയത്. പക്ഷെ ഉജ്വലമായി തിരിച്ചുവന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായി. മെസ്സി മനോഹരമായി കളിച്ചതോടെ ഓസ്‌ട്രേലിയയെ കടന്ന് ക്വാര്‍ട്ടറിലെത്തി. മെസ്സിയാണ് അര്‍ജന്റീനയുടെ ദൗര്‍ബല്യമെന്ന് ഡച്ച് കോച്ച് കരുതുന്നു. അപകടകാരിയാണ് മെസ്സി. ഒരുപാട് അവസരങ്ങള്‍ സൃഷ്ടിക്കുകയും ഗോളടിക്കുകയും ചെയ്യുന്നു. പക്ഷെ പന്ത് കൈവിടുമ്പോള്‍ അനങ്ങാതെ നില്‍ക്കും, അത് ഞങ്ങള്‍ക്ക് പഴുതുകള്‍ നല്‍കും -കോച്ച് പറയുന്നു. 
ഒമ്പത് തവണ അര്‍ജന്റീനയും നെതര്‍ലാന്റ്‌സും ഏറ്റുമുട്ടിയിട്ടുണ്ട്. 90 മിനിറ്റില്‍ ഡച്ചിനെ തോല്‍പിക്കാന്‍ അര്‍ജന്റീനക്ക് ഇതുവരെ സാധിച്ചിട്ടില്ല. 2014 ലെ ലോകകപ്പ് സെമിയില്‍ അര്‍ജന്റീനയോട് ഷൂട്ടൗട്ടില്‍ തോല്‍ക്കുമ്പോള്‍ വാന്‍ഹാലായിരുന്നു ഡച്ച് കോച്ച്. ആ കളിയില്‍ മെസ്സിയെ തളച്ചിടാന്‍ ഡച്ച് ഡിഫന്റര്‍മാര്‍ക്ക് സാധിച്ചിരുന്നുവെന്ന് വാന്‍ഹാല്‍ പറയുന്നു. 1998 ലെ ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റുകളില്‍ ഡെനിസ് ബെര്‍കാംപിന്റെ ഓറഞ്ച് മധുരമുള്ള ഗോളില്‍ അര്‍ജന്റീനയെ തോല്‍പിച്ചതാണ് ഡച്ചിന്റെ സുവര്‍ണ സ്മരണ. യോഹാന്‍ ക്രയ്ഫിന്റെ ഡച്ചിനെ 1974 ലെ ഫൈനലില്‍ മുട്ടുകുതിച്ചത് അര്‍ജന്റീന മറക്കില്ല. ക്രയ്ഫിന്റെയും മാര്‍ക്കൊ വാന്‍ബാസ്റ്റന്റെയും ബെര്‍കാമ്പിന്റെയും നിലവാരമുള്ള ഒരു കളിക്കാരനും ഇന്നത്തെ ഡച്ച് ടീമിലില്ല. ഒരുപക്ഷെ ഡിഫന്റര്‍ വാന്‍ഡൈകിനു മാത്രമേ അവര്‍ക്കൊപ്പം നില്‍ക്കാനാവൂ. പക്ഷെ ഈ ലോകകപ്പില്‍ അവരെ അലട്ടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. 

Latest News