ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രവുമായി രാം ഗോപാല്‍ വര്‍മ; നായികമാരായി നൈനയും അപ്‌സരയും

കൊച്ചി- ത്രില്ലര്‍ സിനിമകളില്‍ നിന്നും ഇറോട്ടിക് സിനിമകളിലേയ്ക്ക് വഴി മാറി രാം ഗോപാല്‍ വര്‍മ. പുതിയ ചിത്രം ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ആക്ഷന്‍ ക്രൈം ചിത്രമാണെന്നാണ് വര്‍മ പറയുന്നത്. ഡെയ്ഞ്ചറസ് എന്നാണ് ചിത്രത്തിന്റെ പേര്. അപ്‌സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്‍. ജി. വിയുടെ കമ്പനി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റിലീസിനെ പറ്റി പല വിവാദങ്ങള്‍ക്കും ശേഷം ചിത്രം ഡിസംബര്‍ 9ന് മുന്ന് ഭാഷകളിലായി റിലീസിനെത്തുന്നു. അവരുടെ ബന്ധം പോലീസുകാരും ഗ്യാങ്സ്റ്ററുകളുമടക്കം നിരവധി പേരെ കൊന്നു എന്ന ടാഗ് ലൈനോടെയാണ് പുതിയ ചിത്രമെത്തുന്നത്. സാന്‍ഹ ആര്‍ട്ട്‌സ് റിലീസ് ആണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെത്തിക്കുന്നത്.

സമൂഹത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തിന് എത്രമാത്രം ബഹുമാനവും പരിഗണനയും ലഭിക്കുന്നുവോ അതേ പരിഗണന എല്‍. ജി. ബി. ടി സമൂഹത്തിനും അവരുടെ പ്രണയത്തിനും ലഭിക്കണമെന്നും തന്റെ ചിത്രം പറയുന്നത് രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയമാണെന്നും ആര്‍. ജി. വി വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ചൂടന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത് ഏറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 

കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണെന്നാണ് ആര്‍. ജി. വി ചിത്രത്തെക്കുറിച്ച് പറയുന്നത്. സുപ്രിം കോടതി ഭാഗികമായി റദ്ദാക്കിയ 377-ാം വകുപ്പിന്റെ കാര്യം സൂചിപ്പിച്ച രാം ഗോപാല്‍ വര്‍മ്മ എല്‍. ജി. ബി. ടി സമൂഹത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ സാംസ്‌കാരികമായി മറികടക്കാനുള്ള ശ്രമമായിരിക്കും ഈ ചിത്രമെന്ന് അറിയിച്ചു. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

Latest News