വീണ്ടും മനംകവർന്ന് ഖത്തർ അമീർ, മൊറോക്കോയുടെ വിജയത്തിൽ ആഘോഷം

ദോഹ- മൊറോക്കോയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽതാനി വീശിയ പതാക ഇപ്പോഴും അറബ് ലോകത്തിന്റെ മനംകവരുന്നു. സ്‌പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച മൊറോക്കോയുടെ വിജയം ഉറപ്പിച്ച നിമിഷം ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് ആഹ്ലാദാരവം മുഴക്കുന്ന ദൃശ്യം വൈറലായി.

ഖത്തർ അമീർ ശെഖ് തമീം ബിൻ ഹമദ് അൽതാനിയാണ് അറബ് ലോകത്തിന്റെ ആഹ്ലാദപ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്‌പെയിനിന്റെ വലയിലേക്ക് അഷ്‌റഫ് ഹാക്കിമിയുടെ പന്ത് ഗോളിയെയും മറികടന്നെത്തിയപ്പോൾ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് അമീർ മൊറോക്കോയുടെ പതാക വീശി. കൈകൾ കളിക്കാർക്ക് നേരെ ഉയർത്തി വിജയചിഹ്നം കാണിച്ചു. മകളുടെ കയ്യിൽനിന്നാണ് അമീർ പതാക വാങ്ങി വീശിയത്. നേരത്തെ അർജന്റീനക്ക് എതിരെ സൗദി വിജയിച്ചപ്പോഴും ഖത്തർ അമീർ സമാന രീതിയിൽ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. 
എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സകുടുംബം കളി കാണാനെത്തിയ അമീറിന് അടുത്തിരുന്ന് പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫാ അൽതാനിയും  മൊറോക്കോ വിജയത്തിൽ സന്തോഷവാനായാണ് കാണപ്പെട്ടത്. മൊറോക്കോയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചുവന്ന ഗൗണണിഞ്ഞെത്തിയ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സണും അമീറിന്റെ മാതാവുമായ ശൈഖ് മൗസ ബിൻത് നാസറും എഴുന്നേറ്റ് നിന്നു. സ്റ്റേഡിയത്തിലെ ആരവങ്ങൾക്കൊപ്പം രാജ്യനേതൃത്വവും ആഹ്ലാദഭരിതരായി. 

 

Tags

Latest News