ദോഹ- മിഷൈരിബ് ഡൗൺ ടൗണിലെ കൂറ്റൻ കെട്ടിടത്തിനോട് ചേർന്ന് പത്തോളം സ്്ത്രീകൾ ഇരിക്കുന്നു. അവരുടെ കയ്യിൽ അറബനയുണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ നിരവധി ഫുട്‌ബോൾ ആരാധകർ അവർക്ക് ചുറ്റിൽ കൂട്ടംകൂടി നിൽക്കുന്നു. നിലത്ത് തറയിൽ കടലും ഭൂമിയും വരച്ചുവെച്ചിരിക്കുന്നു. അവർക്ക് ചുറ്റിലും കൂടി നിൽക്കുന്നവരെ മത്സരത്തിന് ക്ഷണിക്കുകയാണ്. വരച്ചുവെച്ചിരിക്കുന്ന കരയുടെ ചിത്രത്തിൽ നാലു പുരുഷൻമാർ. സ്ത്രീകളുടെ കൂട്ടത്തിൽനിന്നൊരാൾ കടൽ എന്ന് വിളിച്ചുപറയും. മുന്നിലെ നാലു പേരും വരച്ചുവെച്ച കടലിന്റെ ചിത്രത്തിലേക്ക് ചാടണം.
ബഹർ(കടൽ)
അർള്(കര)
ബഹർ, അർള്, ബഹർ, അർള്, അർള്, അർള്.. അവർ മാറിമാറി വിളിച്ചുകൊണ്ടിരുന്നു. കടൽ എന്ന് പറയുമ്പോൾ കരയിലേകക് ചാടുന്നവരെയും കര എന്ന് പറയുമ്പോൾ കടലിലേക്ക് ചാടുന്നവരും മത്സരത്തിൽനിന്ന് പുറത്താകും. അവസാനം ബാക്കിയാകുന്നവർക്ക് സ്ത്രീകളുടെ വക സമ്മാനം.
മത്സരത്തിനിടയിലും പിന്നീടും പാട്ടാണ്. 24 സ്ത്രീകൾ ഉൾക്കൊള്ളുന്ന അൽ നഹ്ദ സ്ത്രീകളുടെ സംഘമാണ് പാട്ടുപാടിയും നൃത്തച്ചുവടുകൾ വെച്ചും ഫുട്‌ബോൾ ആരാധകരെ സന്തോഷിപ്പിക്കുന്നത്. ഫുട്‌ബോൾ മത്സരങ്ങൾ നടക്കുന്ന സ്‌റ്റേഡിയങ്ങൾക്ക് പുറത്തും സൂഖ് വാഫിഖ്, കോർണിഷ് തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം ഇവരുടെ കലാപ്രകടനങ്ങൾക്ക്് പുരുഷാരം സാക്ഷിയാണ്. അഞ്ചു വർഷം മുമ്പാണ് ഈ ഗ്രൂപ്പ് സ്ഥാപിച്ചത്.
പരമ്പരാഗത ഖത്തരി നൃത്ത പ്രകടനങ്ങളിൽ പ്രാവീണ്യം നേടിയവരാണ് സംഘത്തിലുള്ളതെന്ന് നേതൃത്വം നൽകുന്ന ലുൽവ അൽ മുഹന്നദി പറഞ്ഞു. മിക്ക നൃത്തങ്ങളും ഖത്തറി നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, ഞങ്ങളുടെ പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം. അൽ ഖമാരി, അൽ സമ്രി, അൽ ദാസ, ഗോതമ്പ് പൊടിക്കൽ തുടങ്ങിയ വിവിധ നൃത്തങ്ങൾ അവതരിപ്പിക്കുന്നുവെന്നും ലുൽവ പറഞ്ഞു.
അഞ്ച് വർഷം മുമ്പ് സൂഖ് വാഖിഫിൽ പ്രദർശനം നടത്തിയതിന് ശേഷമാണ് സ്വതന്ത്ര ഗ്രൂപ്പായി പ്രവർത്തനം തുടങ്ങിയത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. ഈദ് ഉത്സവങ്ങളിലും ഫിഫ ട്രോഫി ടൂറിലും പ്രകടനം നടത്തി. കലാ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്ന ഊർജം വലുതാണെന്നും ഈ മേഖലയിൽ തുടരാൻ പ്രേരിപ്പിക്കുന്ന ഘടകം ഇതാണെന്നും ലുൽവ വ്യക്തമാക്കി. സ്‌റ്റേഡിയത്തിന് പുറത്ത് നിരവധി സ്ഥലങ്ങളിൽ പരിപാടി അവതരിപ്പിച്ച സംഘത്തിന് സ്റ്റേഡിയത്തിനുള്ളിൽ പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലുൽവയും സംഘവും.






