Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

ജിദ്ദ ഫിലിം ഫെസ്റ്റിവല്‍ സൗദി ചലച്ചിത്ര പ്രവര്‍ത്തകരെ കണ്ടെത്താനുള്ള അവസരം - ജുമാന അല്‍റാശിദ്

ജിദ്ദ - നഗരത്തില്‍ നടക്കുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സൗദി ചലച്ചിത്ര പ്രവര്‍ത്തകരെ കണ്ടെത്താനുള്ള അവസരമാണെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റും സൗദി റിസേര്‍ച്ച് ആന്റ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒയുമായ ജുമാന അല്‍റാശിദ് പറഞ്ഞു. നമ്മള്‍ സിനിമകള്‍ ആഘോഷിക്കും, സംസ്‌കാരങ്ങള്‍ തമ്മില്‍ പാലങ്ങള്‍ നിര്‍മിക്കും, ചക്രവാളങ്ങള്‍ വികസിപ്പിക്കും, സംവാദങ്ങളും വിശകലനങ്ങളും നടത്തുകയും വിമര്‍ശാത്മക ഉള്‍ക്കാഴ്ചകള്‍ മുന്നോട്ടുവെക്കുകയും ചെയ്യും. സിനിമകളിലൂടെ നമ്മള്‍ ആശയവിനിമയം നടത്തുകയും സ്വയം കണ്ടെത്തുകയും ചെയ്യും. ഇതിനെക്കാള്‍ പ്രധാനമായി, സിനിമകളിലൂടെ മനുഷ്യന്റെ സര്‍ഗാത്മകതയുടെ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും അതിന്റെ വൈവിധ്യം ആഘോഷിക്കുകയും ചെയ്യുമെന്ന് ജുമാന അല്‍റാശിദ് പറഞ്ഞു.
ഈ അതുല്യമായ സംഭവത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാനും മാസ്മരികമായ ഈ സംവേദനത്തിന് സാക്ഷ്യം വഹിക്കാനും അതിശയകരമായ കഥാപാത്രങ്ങളുമായി അടുത്തിടപഴകാനും അത്ഭുതകരമായ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കാനും നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്. മികച്ച അന്താരാഷ്ട്ര സൃഷ്ടികള്‍ ഒരുമിച്ചു കൊണ്ടുവരുന്ന ഈ അതുല്യമായ പരിപാടിയില്‍ തങ്ങളുടെ വിശിഷ്ട സൃഷ്ടികള്‍ അവതരിപ്പിച്ച് ഞങ്ങളെ വിശ്വസിച്ചതിന് മേളയില്‍ ആദരിക്കപ്പെട്ട പ്രഗത്ഭരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു. അതിശയകരവും സര്‍ഗാത്മകവുമായ ചില കഥാകൃത്തുക്കളെ ഞങ്ങള്‍ ഈ വാരം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കും.


മിഡില്‍ ഈസ്റ്റില്‍ നിന്നും ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും അതിനപ്പുറവുമുള്ള വിദേശ സംസ്‌കാരങ്ങള്‍ നമുക്ക് പരിചിതമായ വികാരങ്ങളെ ഉണര്‍ത്തുന്നത് അവരുടെ കണ്ണുകളിലൂടെ നമുക്ക് കാണാം. അസാധാരണമായ കഥകള്‍ ചിത്രീകരിക്കുകയും മാറ്റത്തിന്റെയും പുരോഗതിയുടെയും വിസ്മയകരമായ യാത്രകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന സിനിമകള്‍ നാം കാണും. അഭിവൃദ്ധി പ്രാപിക്കുന്ന സിനിമാ വ്യവസായം ഉള്ള, വലിയ ചുവടുവെപ്പുകള്‍ നടത്തുന്ന സൗദി അറേബ്യയില്‍ സംഭവിക്കുന്ന മാറ്റത്തിന് മേളയിലൂടെ നാം സാക്ഷ്യം വഹിക്കും.
സിനിമാ വ്യവസായികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ലോകത്ത് വ്യതിരിക്തമായ മുദ്ര പതിപ്പിക്കാന്‍ കാത്തിരിക്കുന്ന യുവജനങ്ങളും സര്‍ഗാത്മകവും ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രതീക്ഷയുമുള്ള ഒരു ജനവിഭാഗം സൗദിയിലുണ്ട്. സിനിമകള്‍ രാജ്യത്ത് ഒരു സാംസ്‌കാരിക കേന്ദ്രമായി വികസിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കാന്‍, ക്യാമറകള്‍ക്കു മുന്നിലും പിന്നിലും പ്രതിഭകളുടെ അടുത്ത തലമുറയെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ പ്രവര്‍ത്തിക്കും.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


സര്‍ഗാത്മക വ്യവസായങ്ങള്‍ വികസിപ്പിക്കല്‍, സിനിമാ സംസ്‌കാരം പ്രോത്സാഹിപ്പിക്കല്‍, അറബ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ സിനിമാ വ്യവസായ പ്രവര്‍ത്തകരെ പിന്തുണക്കല്‍ എന്നീ ലക്ഷ്യത്തോടെ വര്‍ഷം മുഴുവന്‍ തുടര്‍ച്ചയായ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിലൂടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അതുല്യവും ആകര്‍ഷകവുമായ കഥകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനാകും. റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഒരു തുടക്കം മാത്രമാണെന്നും ജുമാന അല്‍റാശിദ് പറഞ്ഞു.
സൗദി സമൂഹം എല്ലാ തലങ്ങളിലും ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും അത്ഭുതകരമായ അനുഭവത്തിലൂടെയാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നും രണ്ടാമത് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത് റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ മുഹമ്മദ് അല്‍തുര്‍ക്കി പറഞ്ഞു. സൗദി ജനസംഖ്യയില്‍ 70 ശതമാനവും 30 ല്‍ കുറവ് പ്രായമുള്ളവരാണ്. ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ യുവജനങ്ങള്‍ സൗദിയില്‍ സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിയില്‍ ഒരു പ്രധാന ഘടകമാണ്. റെഡ് സീ ഫിലിം ഫെസ്റ്റിവലിലൂടെ ഞങ്ങള്‍ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും ആവേശവും പ്രകടിപ്പിക്കുന്നു. ഇത് മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. വരും തലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഇത് നിര്‍ണായക ഘടകമാണ്.
ഞങ്ങള്‍ പ്രതിഭകളിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം തുടരുകയും അന്താരാഷ്ട്ര പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. ഭാവിയിലേക്കുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും മനസ്സിലാക്കുന്ന, സിനിമാ വ്യവസായ ലോകത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ പിന്തുണകളെയും അഭിനന്ദിക്കുകയാണെന്നും മുഹമ്മദ് അല്‍തുര്‍ക്കി പറഞ്ഞു. 61 രാജ്യങ്ങളില്‍ നിന്നുള്ള 34 ഭാഷകളിലുള്ള 131 സിനിമകള്‍ രണ്ടാമത് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇവക്കു പുറമെ 61 രാജ്യങ്ങളില്‍ നിന്നുള്ള 41 ഭാഷകളിലുള്ള ഫീച്ചര്‍ സിനിമകളും ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

 

 

Latest News