ദോഹ - ലോകകപ്പില്‍ തെക്കന്‍ കൊറിയക്കതിരെ ബ്രസീലിന്റെ സൂപ്പര്‍ സാംബ. കളിക്ക് 37 മിനിറ്റാവുമ്പോഴേക്കും മറുപടിയില്ലാത്ത നാലു ഗോളിന് മുന്നിലെത്തിയ ബ്രസീല്‍ 974 സ്‌റ്റേഡിയത്തില്‍ വണ്‍ ടച്ച് ഫുട്‌ബോളിന്റെ മായാജാലമാണ് സൃഷ്ടിച്ചത്. രണ്ടാം പകുതിയില്‍ മഹാദ്ഭുതം സംഭവിച്ചില്ലെങ്കില്‍ കാനറികള്‍ ക്രൊയേഷ്യയുമായി ക്വാര്‍ട്ടര്‍ കളിക്കും. ഈ ലോകകപ്പില്‍ ബ്രസീല്‍ നേരിടുന്ന ആദ്യത്തെ ശക്തമായ ടീമായിരിക്കും ക്രൊയേഷ്യ. ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ പ്രി ക്വാര്‍ട്ടര്‍ കടന്നത്.
ഏഴാം മിനിറ്റില്‍ വിനിസിയൂസ് ജൂനിയറും പതിമൂന്നാം മിനിറ്റില്‍ പെനാല്‍ട്ടിയില്‍ നിന്ന് നെയ്മാറും ഇരുപത്തൊമ്പതാം മിനിറ്റില്‍ റിച്ചാര്‍ലിസനും മുപ്പത്താറാം മിനിറ്റില്‍ ലുക്കാസ് പക്വീറ്റയും നേടിയ ഗോളുകളും ഗോളാഘോഷങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു.
വലതു വിംഗില്‍ വിനിസിയൂസ് ജൂനിയറും മധ്യനിരയില്‍ ലുക്കാസ് പക്വീറ്റയും തകര്‍പ്പന്‍ ഫോമില്‍ കളിച്ചപ്പോള്‍ ബ്രസീലിന്റെ ഓരോ നീക്കവും ഗോള്‍മണം പരത്തി. മൂന്നാം ഗോളിനായി റിച്ചാര്‍ലിസന്‍ നടത്തിയ ജഗഌംഗും നാലാം ഗോളിനായി വിനിസിയൂസ് നല്‍കിയ ചിപ്പ്ഡ് പാസും നയനാനന്ദകരമായ കാഴ്ചയായി.






