ക്രൊയേഷ്യക്ക് വീണ്ടും ഷൂട്ടൗട്ട് റൂട്ട്

അല്‍വഖ്‌റ - ക്രൊയേഷ്യയെ കൈയിലെടുക്കാന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച് ഒരുങ്ങി. കഴിഞ്ഞ തവണ നോക്കൗട്ട് റൗണ്ടില്‍ എല്ലാ കളികളിലും ക്രൊയേഷ്യക്ക് എക്‌സ്ട്രാ ടൈം കളിക്കേണ്ടി വന്നിരുന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ട രണ്ടു കളികളില്‍ ഗോളി സുബാസിച്ചും അവരെ രക്ഷിച്ചു. ഇത്തവണയും അതേ പാതയിലേക്കാണ് അവര്‍ മുന്നേറുന്നത്. 
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോള്‍കീപ്പര്‍മാര്‍ വന്‍മതില്‍ പോലെ നിന്ന ക്രൊയേഷ്യ-ജപ്പാന്‍ ലോകകപ്പ് പ്രി ക്വാര്‍ട്ടറില്‍ ഡൊമിനിക് ലിവാകോവിച് ത്രീസ്റ്റാര്‍ ഹീറോ ആയി. ജപ്പാന്റെ നാല് പെനാല്‍ട്ടി കിക്കുകളില്‍ മൂന്നും രക്ഷിച്ച ഗോള്‍കീപ്പര്‍ സ്വന്തം കൈകളില്‍ നിലവിലെ റണ്ണേഴ്‌സ്അപ്പിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പ് പ്രി ക്വാര്‍ട്ടറിലും ലീഡ് നേടിയ ശേഷം ജപ്പാന്‍ പുറത്തായി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ജപ്പാന്‍ മുന്നിലെത്തിയപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്രൊയേഷ്യ തിരിച്ചടിച്ചു. എക്‌സ്ട്രാ ടൈമാവുമ്പോഴേക്കും കളിക്കാര്‍ തളര്‍ന്നു. അധികം അവസരങ്ങളൊന്നും പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യന്‍ ഗോളി മൂന്ന് കിക്കുകള്‍ രക്ഷിച്ചു. തകൂമി മിനാമിനൊ, കവോറു മിതോമ, മായ യോഷിദ എന്നിവരുടെ കിക്കുകളാണ് കൃത്യമായി ഗണിച്ച് ലിവാകോവിച് തട്ടിത്തെറിപ്പിച്ചത്. മൂന്നാമത്തെ കിക്കെടുത്ത തകൂമൊ അസാനൊ മാത്രമാണ് ലക്ഷ്യം കണ്ടത്. ക്രൊയേഷ്യയുടെ മൂന്നാമത്തെ കിക്കെടുത്ത മാര്‍ക്കൊ ലിവായോയുടെ ഷോട്ട് പോസ്റ്റിനിടിച്ചു. നി്‌ക്കോള വ്‌ലാസവിച്ചും മാഴ്‌സെലൊ ബ്രോസവിച്ചും ലക്ഷ്യം കണ്ടു. നിര്‍ണായകമായ നാലാമത്തെ കിക്കില്‍ മാരിയൊ പസാലിച്ചും ഗോളടിച്ചു. 
ജര്‍മനിയെയും സ്‌പെയിനിനെയും അട്ടിമറിച്ച ജപ്പാന്‍ മറ്റൊരു വന്‍ ജയത്തിന്റെ സാധ്യത സൃഷ്ടിച്ച ശേഷമാണ് കീഴടങ്ങിയത്. 43ാം മിനിറ്റില്‍ ദായ്‌സന്‍ മായിദയിലൂടെ ജപ്പാന്‍ മുന്നിലെത്തി. 55ാം മിനിറ്റില്‍ പെരിസിച് ബുള്ളറ്റ് ഹെഡറിലൂടെ തിരിച്ചടിച്ചു. പിന്നീട് ഇരു ടീമുകളെയും വേര്‍പിരിക്കാനായില്ല. 
മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍മുകത്തു നിന്നുള്ള ജപ്പാന്റെ ഷോഗൊ തനിഗുചിയുടെ ഗ്ലാന്‍സിംഗ് ഹെഡര്‍ ലക്ഷ്യം തെറ്റുന്നതു കണ്ടാണ് കളിക്ക് ജീവന്‍ വെച്ചത്. പത്തു മിനിറ്റിനു ശേഷം മായിദയും ക്രൊയേഷ്യന്‍ ഗോള്‍മുഖം വിറപ്പിച്ചു. ഇതിനിടയില്‍ ക്രൊയേഷ്യ പന്ത് വലയിലെത്തിച്ചെങ്കിലും ഫൗളിന്റെ പേരില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. 25ാം മിനിറ്റില്‍ എതിര്‍പ്പില്ലാതെ മുന്നേറിയ പെരിസിച്ചിന് ഗോള്‍മുഖത്ത് നിയന്ത്രണം നഷ്ടപ്പെട്ടു. ഇടവേളക്ക് അല്‍പം മുമ്പ് റിറ്റ്‌സു ദോവാന്റെ ക്രോസില്‍ നിന്നാണ് മായിദ ഗോള്‍വല കുലുക്കിയത്. മായിദയുടെ ഗോള്‍ ഓഫ്‌സൈഡാണോയെന്ന് റഫറി വീയിഡൊ പരിശോധന നടത്തിയെങ്കിലും ഗോള്‍ ശരി വെച്ചു. ഈ ലോകകപ്പില്‍ ആദ്യമായാണ് ജപ്പാന്‍ ആദ്യം ഗോളടിക്കുന്നത്. 
തുടര്‍ന്ന് ജപ്പാന്‍ ആധിപത്യം പുലര്‍ത്തുന്നതിനിടയിലാണ് ക്രൊയേഷ്യ തിരിച്ചടിച്ചത്. ദേജാന്‍ ലോവ്‌റേന്റെ ലോംഗ് ക്രോസ് ബുള്ളറ്റ് ഹെഡറിലൂടെ പെരിസിച് വലയിലെത്തിച്ചു. എക്‌സ്‌ട്രൈ ടൈമിലെ ഏക അവസരം ജപ്പാനാണ് ലഭിച്ചത്. മിതോമയുടെ കിടിലന്‍ ഷോട്ട് ലിവാകോവിച് തട്ടിയുയര്‍ത്തി. 

Latest News