ദോഹ - ഗോളി ലിവാകോവിച് ഷൂട്ടൗട്ടില്‍ മൂന്ന് പെനാല്‍ട്ടികള്‍ രക്ഷിച്ചതോടെ ക്രൊയഷ്യ ലോകകപ്പ് ക്വാര്‍ട്ടറില്‍. ആദ്യ പകുതിയില്‍ ജപ്പാനും രണ്ടാം പകുതിയല്‍ ക്രൊയേഷ്യയും ഗോളടിച്ചെങ്കിലും പിന്നീട് ഇരു ടീമുകളെയും വേര്‍പിരിക്കാനായില്ല. എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും വ്യക്തമായ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനായില്ല. അതോടെ കളി ഷൂട്ടൗട്ടിലേക്ക്.
ഇടവേളക്ക് അല്‍പംമുമ്പ് ദായ്‌സന്‍ മായിദയിലൂടെ ജപ്പാന്‍ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇവാന്‍ പെരിസിച്ചിന്റെ ബുള്ളറ്റ് ഹെഡറിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. പിന്നീട് നിരവധി തവണ ക്രൊയേഷ്യ എതിര്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ജപ്പാന്‍ ഗോളി ഷൂയിചി ഗോണ്ടയെ കീഴടക്കാനായില്ല. നാലു മിനിറ്റ് എക്‌സ്ട്രാ ടൈമില്‍ ക്രൊയേഷ്യ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും ജപ്പാന്‍ പിടിച്ചുനിന്നു. നിശ്ചിത സമയത്തും എക്‌സ്‌ട്രൈ ടൈമിലും രണ്ടു ഗോളിമാരും എണ്ണം പറഞ്ഞ സെയ്‌വുകള്‍ക്കായി മത്സരിച്ചു. ലൂക്ക മോദ്‌റിച് കളം നിറഞ്ഞു കളിച്ച മത്സരത്തില്‍ ക്രൊയേഷ്യക്കായിരുന്നു ആധിപത്യം. എന്നാല്‍ പലതവണ ഗോളിനടുത്തെത്തുകയും ലീഡ് നേടുകയും ചെയ്തു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ മോദ്‌റിച്ചിന് പിന്‍വാങ്ങേണ്ടി വന്നു. മോദ്‌റിച്ചിന്റെ നലാമത്തെ ലോകകപ്പാണ് ഇത്.






