റിയാദ് - ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ സൗദി പ്രൊഫഷനല്‍ ലീഗ് ക്ലബ് അന്നസ്‌റില്‍ ചേരാന്‍ ധാരണയായതായി സ്പാനിഷ് സ്‌പോര്‍ട്‌സ് പത്രം മാര്‍ക റിപ്പോര്‍ട്ട് ചെയ്തു. ജനുവരി ഒന്നിന് പോര്‍ചുഗീസ് വിംഗര്‍ ക്ലബ്ബില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ പോര്‍ചുഗലിന്റെ മത്സരങ്ങള്‍ കഴിയുന്നതുവരെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
രണ്ടര വര്‍ഷത്തേക്കാണ് കരാറെന്നാണ് സൂചന. ഒരു സീസണില്‍ 20 കോടി പൗണ്ടായിരിക്കും പ്രതിഫലം. കോച്ച് എറിക് ടെന്‍ ഹാഗിനെയും ക്ലബ്ബ് മാനേജ്‌മെന്റിനെയും രൂക്ഷമായി വിമര്‍ശിച്ചതിനെത്തുടര്‍ന്ന് റൊണാള്‍ഡോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും വഴിപിരിയാന്‍ ധാരണയിലെത്തിയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഏതെങ്കിലും ടീമില്‍ ചേരാനായിരുന്നു റൊണാള്‍ഡോക്ക് താല്‍പര്യമെങ്കിലും ഒരു ക്ലബ്ബും മുന്നോട്ടുവന്നില്ല.






