Sorry, you need to enable JavaScript to visit this website.

പ്രതിജ്ഞയുടെ അവസാന വാചകം ഇസ്ലാമിക വിരുദ്ധം തന്നെ-ഇല്യാസ് മൗലവി

കോഴിക്കോട്- സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശമെന്ന കുടുംബശ്രീ പ്രതിജ്ഞയിലെ വാചകം ഇസ്ലാമിക വിരുദ്ധം തന്നെയാണെന്ന്  ജമാഅത്തെ ഇസ്‌ലാമി നേതാവ് ഇല്യാസ് മൗലവി.
'നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും' എന്ന വാചകം അല്ലാഹുവിന്റെ ശാസനയുടെ വ്യക്തമായ ലംഘനമാണെന്ന് ഇല്യാസ് മൗലവി  ഫേസ്ബുക്കിലെ കുറിപ്പില്‍ പറഞ്ഞു.  

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം


?ആ പ്രതിജ്ഞയിലെ അവസാന വാചകം ഇസ്ലാമിക വിരുദ്ധം തന്നെ?*
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവമ്പര്‍ 25 മുതല്‍ ഡിസംബര്‍ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും  ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ നല്‍കുന്ന സര്‍ക്കുലറില്‍ നാലാമത്തെ ആഴ്ച എല്ലാ കുടുംബശ്രീയിലും ജന്‍ഡര്‍ റിസോഴ്‌സ് മീറ്റിലൂടെ ഒരു പ്രതിജ്ഞ ചൊല്ലാനുള്ള നിര്‍ദേശമുണ്ട്.
അതിന്റെ അവസാന ഭാഗത്തില്‍ ' *നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും* '. എന്ന് സ്ത്രീകളെകൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുന്നുണ്ട്.
അല്ലാഹുവിന്റെ ശാസനയുടെ വ്യക്തമായ ലംഘനമാണ് ഈ പ്രതിജ്ഞ.
അല്ലാഹു പറയുന്നു:
' നിങ്ങളുടെ മക്കളുടെ  കാര്യത്തില്‍ അല്ലാഹു നിങ്ങളോട് അനുശാസിക്കുന്നു: പുരുഷന്റെ വിഹിതം രണ്ടു സ്ത്രീവിഹിതത്തിനു തുല്യമാകുന്നു '.(അന്നിസാഅ്: 11).
അല്ലാഹുവിന്റെ ശാസനയുടെ വ്യക്തമായ ലംഘനമായതിനാല്‍ ഇങ്ങനെയൊരു പ്രതിജ്ഞ ചൊല്ലാന്‍ ഒരു മുസ്ലിമിന് പാടുള്ളതല്ല. അല്ലാഹുവിന്റെ ശാസനകള്‍ ധിക്കരിച്ച് മറ്റുള്ള നിയമങ്ങള്‍ തൃപ്തിപ്പെടുന്നവന്‍ കാഫിറാകുമെന്ന കാര്യത്തില്‍  തര്‍ക്കമില്ല. ഇതെല്ലാം മനസിലാക്കിയിട്ടും ആരെങ്കിലും ബോധപൂര്‍വ്വം അങ്ങനെയൊരു പ്രതിജ്ഞ ചെയ്താല്‍ അവര്‍ കാഫിറായതു തന്നെ. അത്തരക്കാര്‍ തൗബ ചെയ്യാത്ത പക്ഷം *അവരെ മുസിലിമായി പരിഗണിക്കാന്‍ പാടില്ല. അവരുമായുള്ള ദാമ്പത്യം വേര്‍പെടുമെന്നാണ് ശരീഅത്തിന്റെ വിധി, ഇങ്ങനെ കാഫിറായവരുമായി ദാമ്പത്യം തുടരാന്‍ ദമ്പതിമാര്‍ക്ക് പാടില്ല. അത്തരക്കാര്‍ മരണപ്പെട്ടാല്‍ മയ്യിത്ത് നമസ്‌ക്കരിക്കാനോ, ഇസ്ലാമികാചാരപ്രകാരം മറവു ചെയ്യാനോ പാടില്ല.
കമ്മ്യൂണിസവും ലിബറലിസവും തലക്ക് പിടിച്ചവരോടല്ല ഈ പറയുന്നതൊന്നും. അവര്‍ക്കിത് ദഹിക്കുകയില്ലെന്നും അറിയാം, ഇത് ഖുര്‍ആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുന്ന യഥാര്‍ഥ മുസ്‌ലിംകളോട് പറയുന്നതാണ്. അതിനാല്‍ മാപ്ലാവുകള്‍ വെകളി പിടിക്കേണ്ടതില്ല.
അല്ലാഹു പറയുന്നു:

അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല.(അല്‍ അഹ്‌സാബ്: 36).
അല്ലാഹുവിങ്കല്‍നിന്നും പ്രവാചകനില്‍നിന്നും ഉള്ളതെന്ന് സ്ഥിരപ്പെട്ട ഏതൊരു കാര്യത്തിലും സ്വാഭിപ്രായങ്ങള്‍ പ്രയോഗിക്കാന്‍ മുസ്‌ലിമായ വ്യക്തിക്കോ സമൂഹത്തിനോ കോടതിക്കോ പാര്‍ലമെന്റിനോ സ്‌റ്റേറ്റിനോ ഒന്നും ഇസ്ലാമിക ദൃഷ്ട്യാ
ഒരധികാരവുമില്ല. മുസ്‌ലിമാവുക എന്നതിന്റെ അര്‍ഥംതന്നെ, ദൈവത്തിന്റെയും ദൈവദൂതന്റെയും മുമ്പില്‍ തന്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അടിയറവെക്കുക എന്നാണല്ലോ. വല്ല വ്യക്തിയോ സമൂഹമോ മുസ്‌ലിമായിരിക്കുകയും അതോടൊപ്പം സ്വാര്‍ഥതാല്‍പര്യം സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് പരസ്പര വിരുദ്ധമായ നിലപാടാണ്. ഈ രണ്ടു ലൈനുകളുടെയും സംയോജനം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിഭാവനം ചെയ്യാനേ സാധ്യമല്ല.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

ഒരുവന്‍ മുസ്‌ലിമാണെങ്കില്‍ അവന്‍ അനിവാര്യമായും ദൈവത്തിന്റെ മുമ്പില്‍ ശിരസ്സ് കുനിച്ചവനായിരിക്കും. ആര്‍ ഇങ്ങനെ തല കുനിക്കുന്നില്ലയോ അവന്‍ മുസ്‌ലിമല്ലെന്ന് നേര്‍ക്കുനേരെ മനസ്സിലാക്കാവുന്നതാണ്. ഞാന്‍ മുസ്‌ലിമാണെന്ന് അയാള്‍ എത്രമാത്രം ഉറപ്പിച്ചു പറഞ്ഞാലും അത് വിശ്വസിക്കാവതല്ല. ദൈവത്തിന്റെയും സൃഷ്ടികളുടെയും ദൃഷ്ടിയില്‍ അവന്‍ കപടനാണെ ന്നും തന്നെയായിരിക്കും തീരുമാനിക്കപ്പടുക.(തഫ്ഹീമുല്‍ ഖുര്‍ആന്‍).
അനന്തരാവകാശ വിധികളെ സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം അല്ലാഹു പറയുന്നു:

ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവരെ അവന്‍ കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍, നിത്യവാസികളായി പ്രവേശിപ്പിക്കുന്നതാകുന്നു. അതത്രെ മഹത്തായ വിജയം. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികളെ മറികടക്കുകയും ചെയ്തവനെ നരകത്തില്‍ നിത്യവാസിയായി തള്ളുന്നു. അവന്നു നിന്ദ്യമായ ദണ്ഡനവുമുണ്ട്. (അന്നിസാഅ്: 1314).
*ഇതിന്റെ വിശദീകരണത്തില്‍ മൗദൂദി സാഹിബ് പറയുന്നു*
ഭയാനകമായ ഒരു താക്കീതാണിത്. അല്ലാഹു നിശ്ചയിച്ച പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ മാറ്റിമറിക്കുകയോ തന്റെ വിശുദ്ധ വേദത്തില്‍ വിശദമായി നിര്‍ദേശിച്ച ഇതര നിയമപരിധികള്‍ അതിലംഘിക്കുകയോ ചെയ്യുന്നവര്‍ക്ക് ശാശ്വതമായ നരകശിക്ഷയാണീ വാക്യത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, പരിതാപകരമെന്നു പറയട്ടെ, ഇത്ര കഠോരമായ താക്കീതുണ്ടായിരുന്നിട്ടും, യഹൂദന്മാരെപ്പോലെ മുസ്‌ലിംകളും ധാര്‍ഷ്ട്യപൂര്‍വം ദൈവനിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ദൈവിക സീമകള്‍ അതിലംഘിക്കുകയും ചെയ്തിരിക്കയാണിന്ന്.(തഫ്ഹീമുല്‍ ഖുര്‍ആന്‍).

 

Latest News