Sorry, you need to enable JavaScript to visit this website.

കാഴ്ചയില്ലാത്ത ഉമറിന് പ്രവാസികളുടെ കണ്ണുതുറപ്പിക്കാൻ ചിലത് പറയാനുണ്ട്

ആയുസ്സിന്റെ വലിയൊരു ഭാഗം ഇരുകണ്ണുകളിലൂടെയും ലോകത്തെ കണ്ടനുഭവിച്ച ഒരാൾക്ക് പിന്നീട് ആ കാഴ്ച പൂർണമായും ഇല്ലാതായ നഷ്ടാനുഭവത്തിന്റെ ചുരുക്കപ്പേരുകൂടിയാണ് ഇരുമ്പുഴിയിലെ 'നൂർവില്ല'യിൽ ഉമർ എന്ന 67-കാരൻ. കണ്ണുണ്ടായിട്ടും പിടിച്ചുനിൽക്കാനാവാത്തവർക്കു മുന്നിൽ തന്റെ നാലു പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിലെ 'കണ്ണില്ല' വിസ്മയങ്ങൾ തുറന്നുപറയുകയാണ് അദ്ദേഹം...

 ണ്ണില്ലാത്തവർക്കെ കണ്ണിന്റെ വിലയറിയൂ എന്ന് പഴമക്കാർ പറയാറുണ്ട്. കണ്ണുണ്ടായിട്ടും കാണേണ്ടതിനെ കാണാത്തവർ കൂടിവരുന്ന സമകാലിക ചുറ്റുപാടിൽ ഈ വാക്കുകളുടെ പ്രസക്തി ഏറെയാണ്. ലോകം കാണുകയും ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു കാലയളവ് ആ സൗന്ദര്യങ്ങളെല്ലാം ആസ്വദിക്കുകയും ചെയ്ത ഒരാൾക്ക് പൊടുന്നനെ പ്രവാസലോകത്ത് വച്ച് കാഴ്ചയില്ലാതാവുക. തുടർന്ന് ഇരു കണ്ണുകളിലേക്കും ഇരുട്ടുപരന്ന് കാഴ്ചശേഷി പൂർണമായും നഷ്ടമായി ചികിത്സയ്ക്കായി നാട്ടിലേക്ക് വിമാനം കയറുക. അത്തരമൊരാളെ സ്‌പോൺസറായ അറബി തിരികെ വിളിച്ച് തന്റെ സ്ഥാപനത്തിൽ വീണ്ടും അതേ പോസ്റ്റിൽ ഒരു സഹായിയെ കൂട്ടിനു വെച്ച് നിർബന്ധിച്ച് ജോലിയിൽ കയറ്റുക. അതേ, അങ്ങനെ ഇരുകണ്ണുകളും നഷ്ടമായി പ്രവാസലോകത്ത് മൂന്നു പതിറ്റാണ്ട് കണ്ണില്ലാതെ വിസ്മയം തീർത്ത ഒരാളാണ് മലപ്പുറം ജില്ലയിലെ ആനക്കയം ഗ്രാമപഞ്ചായത്തിലെ ഇരുമ്പുഴി സ്വദേശിയായ പരേതരായ പുളിയേങ്ങൽ വടക്കേതലയ്ക്കൽ അബ്ദുറഹ്മാൻ ഹാജിയുടേയും മലപ്പുറം കുന്നുമ്മൽ തറയിൽ പാത്തുമ്മയുടേയും മകനായ 'നൂർവില്ല'യിൽ ഉമർ. 

 ആയുസ്സിന്റെ വലിയൊരു ഭാഗം ഇരുകണ്ണുകളിലൂടെയും ലോകത്തെ, പ്രകൃതിയെ കണ്ടനുഭവിച്ച ഒരാൾക്ക് പിന്നീട് ആ കാഴ്ച പൂർണമായും ഇല്ലാതായ നഷ്ടാനുഭവത്തിന്റെ ചുരുക്കപ്പേരുകൂടിയാണ് ഇദ്ദേഹം. ശബ്ദങ്ങളും സ്പർശങ്ങളും മാത്രം കാഴ്ചയാകുന്ന ആ സ്ഥിതി ആലോചിക്കാനാവാത്തതാണ്. ഒരു മിനുട്ടു നേരമെങ്കിലും നാമൊന്ന് കണ്ണടച്ചിരുന്നാൽ ആ തമസ്സ് എത്രമാത്രം കൊടും ഭീകരമാണെന്ന് മനസ്സിലാകും. 

ഇരുമ്പയിരുകളുടെ മണ്ണിൽനിന്ന് മണലാരണ്യത്തിലേക്ക്

 കാഴ്ചയുടെയും കാഴ്ചയില്ലാത്തതിന്റെയും ലോകം തൊട്ടറിഞ്ഞ പച്ച മനുഷ്യനാണ് 67-കാരനായ ഉമർ. മഞ്ചേരിയിൽനിന്നും മലപ്പുറത്തേക്കുള്ള വഴിയിൽ ആനക്കയം പഞ്ചായത്തിലെ ഒരു കൊച്ചുപ്രദേശമാണ് ഇരുമ്പുഴി എന്ന ഗ്രാമം. തിരൂർ റെയിൽവേ സ്‌റ്റേഷനും കരിപ്പൂരിലെ കാലിക്കറ്റ് എയർപോട്ടിനുമെല്ലാം ചുറ്റും വട്ടമിട്ടുനിൽക്കുന്ന മലപ്പുറം കുന്നമ്മലിൽനിന്നും നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഇരുമ്പുഴിലെത്താം. ചെറിയ മലനിരകളും വയലേലകളും കടലുണ്ടിപ്പുഴയും തലോടുന്ന ഗ്രാമീണതയുടെ സ്വച്ഛത പകരുന്ന ഗ്രാമം. പുതിയ കാലത്തെ തിക്കും തിരക്കും കണ്ടറിഞ്ഞുണരുന്ന ഒരു കൊച്ചു ഗ്രാമം. 
 മലയാളത്തിലെ ഇരുമ്പ് തമിഴിലെ ഊഴി എന്നി പദങ്ങളിൽനിന്നാണ് ഈ നാടിന് ഇരുമ്പുഴി എന്ന പേര് വന്നതെന്നാണ് പറയുന്നത്. ഇവിടത്തെ മണ്ണിൽ ഇരുമ്പിന്റെ അംശം ധാരാളമുണ്ടായിരുന്നു. ഇതേ തുടർന്ന് 1834 മുതൽ ഇവിടെനിന്ന് ധാരാളം ഇരുമ്പ് ഖനനം ചെയ്തിരുന്നുവെന്ന് പറയുന്നു. ഇരുമ്പയിര് കുഴിക്കാനായി അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നടക്കം ഒട്ടേറെ പേർ ഇവിടെ വന്നു. അങ്ങനെ അവർ ഈ പ്രദേശത്ത് എത്താൻ ആശ്രയിച്ച വഴിയാണ് ഇരുമ്പ് ഊഴി. ആ ഇരുമ്പ് ഊഴിയുടെ നാട് പിന്നീട് കാലക്രമേണ ലോപിച്ച് ലോപിച്ചാണ് ഇരുമ്പുഴിയായി മാറിയതെന്ന് ചരിത്രം.
 ഈ ഇരുമ്പയിരുകളുടെ മണ്ണിൽനിന്നും 1978-ലാണ് റിയാലിന്റെ ലോകത്തേക്ക് അത്തറിന്റെ പരിമളം തേടി ഇദ്ദേഹം യാത്ര പുറപ്പെട്ടത്. ബി.കോം പാസായശേഷം ജ്യേഷ്ഠസഹോദരൻ ഖാലിദിന്റെ സജീവ പിന്തുണയിലും പ്രോത്സാഹനത്തിലും തന്റെ 22-ാം വയസ്സിലായിരുന്നു വിശാലമായ സൗദി മണലാരണ്യത്തിലേക്കുള്ള യാത്ര. 

 പ്രവാസവും പാഠങ്ങളും

 കാഴ്ചയുടെ ലോകത്തുനിന്ന് കാഴ്ച നഷ്ടപ്പെട്ടവരുടെ വേദന പേറുകയാണ് വടക്കേതലയ്ക്കൽ ഉമർ. കരുത്തും കാഴ്ചയുമുള്ളവർ പോലും പലതുകൊണ്ടും പിന്തള്ളപ്പെട്ടുപോകുന്ന പ്രവാസലോകത്ത് വേറിട്ടൊരു ചരിത്രമാണ് ഇദ്ദേഹം. വലിയ അപരിചിതത്വങ്ങളൊന്നും അനുഭവിക്കാതെ തുടക്കത്തിലെ പ്രതീക്ഷിച്ച കമ്പനിയിൽ തന്നെ ജോലി. നീണ്ട പത്തുവർഷം അവിടെ ജോലി പൂർത്തിയാക്കിയ ശേഷമാണ് ഇരുകണ്ണുകൾക്കും കാഴ്ച നഷ്ടമായത്. പിന്നീട് ചികിത്സാർത്ഥം നാട്ടിലേക്ക്. എട്ടുമാസം നാട്ടിൽ ചികിത്സയ്ക്കായി ചെലവഴിച്ചെങ്കിലും കാഴ്ച വീണ്ടെടുക്കാനായില്ല. അപ്പോഴാണ് സഹോദരൻ ഖാലിദിന്റെ നിർബന്ധത്തിന് വഴങ്ങി വീണ്ടും സൗദിയിലേക്ക് പുറപ്പെടുന്നത്. അങ്ങനെ ഉംറ നിർവഹിക്കാനായി ഭാര്യയെയും കൂട്ടി സൗദിയിലേക്ക്. പിന്നീട് സ്‌പോൺസറെ കണ്ടു. അദ്ദേഹം ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടെങ്കിലും കാഴ്ചയില്ലാത്തതിനാൽ നിസ്സഹായത അറിയിച്ചു. പക്ഷേ, സ്‌പോൺസർ വഴങ്ങിയില്ല. 'ഒരു സഹായിയെ തരാം. നിങ്ങൾ നാട്ടിലേക്ക് പോകേണ്ട, ഇവിടെ തന്നെ തുടരണം.' അങ്ങനെ സ്‌പോൺസറുടെ നിർബന്ധത്തിന് വഴങ്ങി, വീണ്ടും 30 വർഷം യാതൊരു പ്രയാസവും കൂടാതെ പ്രവാസജീവിതം.  

 ഗൾഫിൽ കാര്യമായ പ്രയാസങ്ങളൊന്നും അനുഭവപ്പെടാത്ത രൂപത്തിലായിരുന്നു ജ്യേഷ്ഠന്റെയും മറ്റു പ്രവാസി സഹോദരങ്ങളുടെയും സഹപ്രവർത്തകരുടെയും സഹായസഹകരണം. എല്ലാ കാര്യങ്ങളിലും അവരടെയെല്ലാം ഒരു ശ്രദ്ധയും കരുതലും പതിഞ്ഞതിനാൽ കാര്യമായ ബുദ്ധിമുട്ടുകളുണ്ടായില്ല. പ്രവാസലോകത്തെ 40 വർഷവും അദ്ദേഹം ഒരേ കമ്പനിയിലാണ് ജോലിചെയ്തത്. ദന്തചികിത്സയുമായി ബന്ധപ്പെട്ട സാമഗ്രികൾ വിൽക്കുന്ന ജിദ്ദയിലെ ഡെന്റൽ മെറ്റീരിയൽ സ്‌റ്റോറിൽ (ഡി.എം.എസ്). ഇതിൽ ആദ്യ പത്തുവർഷം മാറ്റിനിർത്തിയാൽ ബാക്കി 30 വർഷവും ഇരുകണ്ണുകളുമില്ലാതെയാണ് അദ്ദേഹത്തിന്റെ പ്രവാസജീവിതം. ഇരുകണ്ണുകളെയും പൂർണമായും അന്ധത വരിഞ്ഞുമുറക്കി, ഉദയത്തിന്റെയും അസ്തമയത്തിന്റെയുമൊന്നും യാതൊരുവിധ കാഴ്ചകൾക്കും ഇടമില്ലാത്തൊരു കടുത്ത ജീവിതം. കണ്ണുണ്ടായിട്ടും ലോകത്ത് പിടിച്ചുനിൽക്കാൻ പാടുപെടേണ്ടി വരുന്ന കാലത്ത് ഇരുകണ്ണുകളുമില്ലാതെ സ്വന്തം സ്ഥാപനത്തിലും പുറത്തും എല്ലാവരുടെയും സ്‌നേഹവായ്പ്പുകൾ പിടിച്ചുപറ്റി ദൈവപ്രീതിയിൽ പ്രതീക്ഷയർപ്പിച്ച് അദ്ദേഹം ജീവിതം മുന്നോട്ടുനീക്കി. ജീവിതത്തിന്റെ സായാഹ്നത്തിലും സർവ്വേശ്വരനായ ദൈവം നൽകിയ കാരുണ്യത്തിലും അനുഗ്രഹത്തിലും നന്ദിയർപ്പിച്ച് സഹജീവികളുടെ സ്‌നേഹമസൃണമായ ഇന്നലെകളിലെ ധന്യമായ നിമിഷങ്ങൾ അദ്ദേഹം നെഞ്ചോട് ചേർക്കുന്നു. 


 
 ജ്യേഷ്ഠസഹോദരൻ ഖാലിദിന്റെ പ്രേരണയാൽ ആരംഭിച്ച പ്രവാസ ജീവിതത്തിന് വിരാമമിട്ട് 2017 ജൂലൈ 25-നാണ് പ്രിയതമയോടൊപ്പം നാടണഞ്ഞത്. ഇപ്പോഴിതാ പ്രവാസം മതിയാക്കി നാട്ടിലെത്തിയിട്ട് അഞ്ചരവർഷം പിന്നിട്ടു. തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 67-ാം വയസ്സിലും കാഴ്ചയില്ലെങ്കിലും കറങ്ങുന്ന കാലത്തിന്റെ ചലനങ്ങളറിയാൻ ചാനലുകളിൽനിന്ന് ചാനലുകളിലേക്ക് ബ്രൗസർ ചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടിലെ ഒഴിവാക്കാനാകാത്ത അത്യാവശ്യം വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും കല്യാണങ്ങളിലും മറ്റു യാത്രകളിലും സാന്നിധ്യം അറിയിക്കുന്നതൊഴിച്ചാൽ വീട്ടിൽ തന്നെയാണ് സമയമേറെയും. പ്രാർത്ഥനകളിലും നന്മനിറഞ്ഞ സ്‌നേഹാന്വേഷണങ്ങളിലൂടെയും ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കാനുള്ള ആത്മാർത്ഥമായ ഇടപെടലുകൾ. പരീക്ഷണങ്ങളിൽ തളരാതെ, കൂടുതൽ വിനയാന്വിതനായി സമസൃഷ്ടിസനേഹത്തിന്റെ ഉദാത്ത ഭാവങ്ങൾ പകർന്നുകൊണ്ടേയിരിക്കുന്നു. മില്യൺകണക്കിന് റിയാൽ ഈ കരങ്ങളിലൂടെ കൈമാറി. അറബി, ഉർദു, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും നന്നായി വഴങ്ങും. ഖുർആൻ പാരായണവും അതിമനോഹരം. കലാസാഹിത്യ മേഖലയിലും നിറഞ്ഞ സാന്നിധ്യം. വീട്ടിലെ മരാമത്ത്, ഇലക്ട്രിക്കൽ പണികളും സ്വന്തമായി തന്നെ. എന്നും പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രാർത്ഥനകളിലൂടെ ദിനചര്യക്ക് തുടക്കം. എല്ലാറ്റിനും കൂട്ടായി, കണ്ണും കരളും വെളിച്ചവുമായി പ്രിയ പത്‌നി വള്ളിക്കാപറ്റ കരങ്ങാടൻ സുഹ്‌റയുമുണ്ട്. നൂർബാനുവും നൂറയുമെന്ന രണ്ടു മക്കളും, മരുമക്കളും പേരമക്കളും വിദേശത്താണെങ്കിലും നാട്ടിലെന്നപോലെ ഇടപഴകലും സന്തോഷവും സമ്മാനിക്കുന്ന അനുഭവങ്ങൾ. 


 സ്‌പോൺസറായിരുന്ന മഹ്‌റൂഫ് മൂസ ബുഖാരിയും അദ്ദേഹത്തിന്റെ മരണശേഷം മകൻ മാസിൻ മഹ്‌റൂഫ് ബുഖാരിയും സ്വന്തം കുടുംബാംഗത്തെപ്പോലെ ചൊരിഞ്ഞ സ്‌നേഹവാത്സല്യങ്ങളും അദ്ദേഹം ഇന്നലെയെന്നോണം ഓർക്കുന്നു. ഓഫീസ് കാര്യങ്ങളിൽ കൊടിഞ്ഞി സ്വദേശിയായ മൊയ്തീൻ മാസ്റ്റർ അടക്കമുളളവരുടെ സഹായം, അതേപോലെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി  ബന്ധു കൂടിയായ മുണ്ടുപറമ്പ് സ്വദേശി തറയിൽ മുഹമ്മദലി വലംകയ്യായി കൂടെയുണ്ട്. വെളളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും മറ്റുമായി പള്ളിയിലേക്ക് കാറിൽ കൊണ്ടുപോയി തിരികെ എത്തിക്കാൻ അയൽവാസിയായ കെ.പി അബ്ദുസ്സലാമും എത്തുമെന്ന് അദ്ദേഹം പറഞ്ഞു.  

പ്രവാസി പ്രശ്‌നങ്ങൾ അന്നും ഇന്നും

 കണ്ണു കാണുന്നില്ലെങ്കിലും നാട്ടിൽ നടക്കുന്ന ചലനങ്ങളൊന്നും അദ്ദേഹം അറിയാതെ പോകില്ല. എല്ലാറ്റിലും കൃത്യമായ നിലപാടും അദ്ദേഹത്തിനുണ്ട്. പ്രവാസികളനുഭവിക്കുന്ന അസ്ഥിരതയും അവരുടെ സാമ്പത്തിക ആസൂത്രണമില്ലായ്മയും പ്രവാസികളോടുള്ള രാഷ്ട്രീയക്കാരുടെ കബളിപ്പിക്കലുകളും ഇന്നും മാറിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പ്രവാസികൾ കടൽകടന്ന് മണലാരണ്യത്തിലെ ചുട്ടുപഴുത്തതും കൊടുംതണുപ്പും മറ്റു പ്രാതികൂല്യങ്ങളും നിറഞ്ഞ സങ്കടകരമായ അവസ്ഥകളോട് മല്ലിടുമ്പോഴും വീട്ടകങ്ങളിലും ഭരണകൂട സമീപനങ്ങളിലും വലിയ മാറ്റമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

 ചെറിയ ചെറിയ തുകകളിലൂടെ ജീവിതകാല സമ്പാദ്യങ്ങളെല്ലാം വേണ്ടത്ര ഗൃഹപാഠങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ പണം ആർക്കോ വേണ്ടിയെറിഞ്ഞ് എല്ലാം നഷ്ടമാകുന്ന പ്രവാസികളുടെ സങ്കടകരമായ വാർത്തകൾ ഇന്നും കേൾക്കേണ്ടിവരുന്നു. മന്തി-ബ്രോസ്റ്റ് കടകളോ, ഫൂട്ട്‌വെയർ-ഫാൻസി ഷോപ്പുകളോ, റെഡിമെയ്ഡ്-ടെക്‌സ്റ്റയിൽസ്-ജ്വല്ലറി-ഹോട്ടൽ-റിയൽ എസ്‌റ്റേറ്റ് മേഖലകളിലോ മറ്റോ പണം മുടക്കി വന്നതിനേക്കാളും വേഗത്തിൽ എല്ലാം നഷ്ടമാവുന്ന എത്രയോ കാഴ്ചകൾ! അങ്ങനെ സമ്പാദ്യങ്ങളെല്ലാം ഒന്നുമല്ലാതെ പൊട്ടിപ്പൊടിഞ്ഞുപോകുന്ന കാഴ്ച!! പ്രവാസ പച്ചപ്പുകൾ നാട്ടിലെയും കുടംബങ്ങളിലെയും വിവിധ മേഖലകളിൽ നൽകുന്ന പ്രതീക്ഷകൾ കാണാതെയല്ലിത് പറയുന്നത്.
 പ്രവാസികളുടെ സമ്പന്നതയിൽ കൂടെ നിൽക്കുന്നവരിൽ അധികവും അവരുടെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും സമയത്ത് അവരെ മറക്കുന്നതാണ്  അനുഭവം. നാട്ടിൽ ലീവിന് വരുമ്പോൾ കിട്ടുന്ന പരിഗണന/സ്വീകാര്യത ഇവിടെ സ്ഥിരതാമസമാക്കുമ്പോൾ മിക്കവർക്കും കിട്ടിയെന്നു വരില്ല. ഇനി എ.ടി.എം മെഷീനിൽ ക്യാഷ് വരാത്തവരാണെങ്കിൽ അവരെ തിരിഞ്ഞുനോക്കാനും ആളുണ്ടാവണമെന്നില്ല. അവർ നാട്ടിലും വീട്ടിലും ഭാരമായി, രോഗം വന്ന് നാളുകളെണ്ണി ക്ഷയിച്ച് ഇല്ലാതാകുന്ന ദുരവസ്ഥയാണ് അധിക പ്രവാസികളുടെയും ബാക്കിപത്രം.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 പ്രവാസികൾക്കാവട്ടെ തങ്ങളുടെ സമ്പാദ്യങ്ങൾ എങ്ങനെ ക്രമീകരിക്കണമെന്ന മണി മാനേജ്‌മെന്റ് തീരെ വശമില്ലാത്തതിന്റെ ദുരന്തങ്ങൾ വേറെയും. കിട്ടിയതെല്ലാം നാട്ടിലേക്കയച്ച് പിന്നീട് വെറും കയ്യോടെ മടക്കം. വീട്ടുകാരോ അതല്ലെങ്കിൽ മറ്റാരുടെയെങ്കിലും വാക്കുകൾ കേട്ട് യാതൊരു വകതിരിവും കാണിക്കാതെ പലതിലും പോയി തലവയ്ക്കുന്നു. വരവും ചെലവും മനസ്സിലാക്കി, ആവശ്യവും അത്യാവശ്യവും തിരിച്ചറിഞ്ഞ് ബജറ്റ് ക്രമീകരിക്കുന്നതിൽ പലരും വൻ ദുരന്തമാണ്. ഇനി കാര്യങ്ങളെല്ലാം തിരിച്ചറിയുമ്പോഴാവട്ടെ ജീവിതം തന്നെ പിടിവിട്ടിരിക്കും. പാവപ്പെട്ടവരെ സഹായിക്കാൻ ഒത്തിരി പേരുണ്ട്. നല്ലതു തന്നെ. എന്നാൽ നല്ല, നല്ല വീടുകളിൽ തങ്ങളുടെ പ്രയാസങ്ങൾ ആരെയും അറിയിക്കാതെ കഴിയുന്നവരെ തിരിഞ്ഞുനോക്കാൻ കാര്യമായി ആരുമിമല്ലാത്ത അവസ്ഥയുമുണ്ട്.
 എക്‌സിറ്റ് അടിച്ച് നാട്ടിലെത്തിയ പല പ്രവാസികൾക്കും നാട്ടിൽനിന്നും വീണ്ടും തിരിച്ചുകയറേണ്ട സാഹചര്യമൊരുക്കുന്നതിൽ വീട്ടുകാരുടെയും മറ്റും സമീപനത്തിന് വലിയ പങ്കുണ്ട്. യാതൊരുവിധ ആസൂത്രണവുമില്ലാത്തതിനാൽ മക്കളുടെയോ പെങ്ങൻമാരുടെയോ കല്യാണങ്ങളിലും വീട് നിർമാണങ്ങളിലും പലരുടെയും ജീവിതം ഹോമിക്കപ്പെടും. ഇനി പ്രവാസത്തിന്റെ ഭാഗമായി ലഭിച്ച രോഗങ്ങൾ സമ്പാദ്യമായി കിട്ടിയവരാണെങ്കിൽ അവരുടെ കാര്യം എടുക്കാനുമുണ്ടാവില്ല. അത്രയും ദയനീയമാണ് സ്ഥിതിഗതികൾ. നാട്ടിലെത്തുന്നവരിൽ വലിയൊരു വിഭാഗത്തിനും ഗൾഫിൽനിന്നുള്ള വരുമാനം നിലയ്ക്കുന്നതോടെ ഇവിടെയും വഴികളടയുന്നു. അങ്ങനെ 95% പേരും സ്ഥിരവരുമാന മാർഗങ്ങളില്ലാതെ ആയുസ്സുകൾ തള്ളി നീക്കുന്നു. അവസാനം, താൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ പുതിയ വീട്ടിൽ കൂടണയുംമുമ്പേ തന്റെ മൃതദേഹം കയറ്റാൻ പോലും വീട്ടുകാർ സമ്മതിക്കാവാത്തവിധം (പത്തേമാരി സിനിമ) അന്ധവിശ്വാസങ്ങൾ വരിഞ്ഞുമുറുക്കുന്ന തലതിരിഞ്ഞ കാലമാണിതെന്നും അദ്ദേഹം പറയുന്നു.

 പ്രവാസി പ്രശ്‌നങ്ങളോടുള്ള സർക്കാറിന്റെ സമീപനത്തിലും കാര്യമായ മാറ്റങ്ങളുണ്ടാവേണ്ടിയിരിക്കുന്നു. കേന്ദ്രമായാലും സംസ്ഥാനമായാലും പ്രവാസികൾക്കുവേണ്ടി വാതോരാതെ സംസാരിക്കുമെങ്കിലും ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശം. 1978-ൽ താൻ ഗൾഫിലേക്ക് പോകുന്ന അന്നു മുതൽ പറയുന്ന പ്രവാസികളുടെ കണ്ണുനീർ കാഴ്ചകൾക്ക് അറുതിയുണ്ടാക്കാൻ, ആവശ്യങ്ങൾ പരിഹരിക്കാൻ പുതിയ കാലത്തും സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല. പ്രവാസികളുടെ വോട്ടവകാശം ഇന്നും എങ്ങുമെത്തിയില്ല. അതേപോലെ പ്രവാസികളുടെ മൃതദേഹം കാർഗോയിൽ കൊണ്ടുവരുമ്പോഴും തൂക്കത്തിന് അനുസരിച്ച തുകയല്ല, മൂന്നുപേരുടെ സീറ്റ്ചാർജാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. മരിച്ചാലും പ്രവാസിയെ വെറുതെ വിടാത്ത സ്ഥിതി! ഇതിനെല്ലം എതിരെ എന്നോ സംസാരിക്കാൻ തുടങ്ങിയതാണ്. പക്ഷേ, കാര്യങ്ങൾ എവിടെയുമെത്തിയില്ല. ഇനിയും ഇതും ഇതിലപ്പുറവുമുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് പ്രവാസികളെ ഊറ്റാൻ പലർക്കും മടിയുണ്ടാവില്ല. പ്രവാസികളുടെ വോട്ടവകാശം ഉൾപ്പെടെയുള്ളവ അട്ടിമറിക്കാൻ പല സാങ്കേതികത്വങ്ങളും ഇവർ നിരത്തുമെന്നും അദ്ദേഹം പറയുന്നു. 

അവസാനം,

 തീർത്താൽ തീരാത്തത്ര ആഗ്രഹങ്ങളുമായി വിമാനം കയറിയവരാണ് മിക്ക പ്രവാസികളും. എങ്കിലും സ്വന്തം നാട്ടിലേക്ക് വിരുന്നുകാരായി എത്താനാണ് പലരുടെയും വിധി. നാട്ടിലും മറുനാട്ടിലും അവർ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടുകളും പറഞ്ഞറിയിക്കാനാവില്ല. എണ്ണിച്ചുട്ട പണം, ഒരുപാടൊരുപാട് ആവശ്യങ്ങൾ-സങ്കടങ്ങൾ, എണ്ണിത്തീർക്കുന്ന ലീവുകൾ, ഊണിലും ഉറക്കിലും നാടും വീട്ടുകാരും. പണമൊഴുകിയാൽ എല്ലാവർക്കും വേണം. പണമില്ലേൽ ആർക്കും വേണ്ടാത്ത സ്ഥിതി! വലിയ ധാർമിക പ്രസംഗം നിർവഹിക്കുന്നവരുടെ പോലും അവസ്ഥ ഏറെ ഭിന്നമല്ല. പിന്നെ ആകെ വേണ്ടത് തെരഞ്ഞെടുപ്പ് സമയത്താണ്. അവിടെ വോട്ടവകാശമില്ലേൽ വീണ്ടും അവഗണന തന്നെ ജീവിതം. അതിനാൽ തങ്ങളെ ചൂഷണം ചെയ്യുന്ന സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ ശരിയായി മനസ്സിലാക്കാനും, പുതുകാലത്തെ വഴിയും വെളിച്ചവും സ്വയം തിരിച്ചറിഞ്ഞ് പ്രവാസികളുടെ പുതിയകാലത്തെ ദൗത്യം ഏറ്റെടുക്കാനാവണം. അത് ഇല്ലാത്തിടത്തോളം കാലം ചൂഷണങ്ങൾക്ക് അറുതിയുണ്ടാവില്ലെന്നു തീർച്ച.

Latest News