ജോലിയില്‍നിന്ന് പിരിച്ചുവിട്ടു; മലപ്പുറത്ത് കടയ്ക്ക് തീയിട്ട് അതിഥി തൊഴിലാളി മുങ്ങി

മലപ്പുറം-ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ടയര്‍ പഞ്ചര്‍ കട തീവെച്ച് നശിപ്പിച്ച് അതിഥി തൊഴിലാളി. ബിഹാര്‍ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ടത്. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍.
ഇയാള്‍ക്കെതിരെ കടയുടമ കെ ടി അമാനുല്ല പരാതി നല്‍കി. കടയില്‍നിന്ന് സ്ഥിരമായി പണം നഷ്ടമാവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ പരിശോധിച്ചപ്പോഴാണ് ആലം ആണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കടയ്ക്ക് തീയിട്ടത്. കൂടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കടയുടെ താക്കോല്‍ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തി കടയ്ക്ക് തീവെച്ചത്.
തീയിട്ടതിന് പിന്നാലെ ഇയാള്‍ ട്രെയിന്‍ കയറി നാടുവിട്ടു. പുലര്‍ച്ചെ ഫുട്‌ബോള്‍ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. തുടര്‍ന്ന് വിവരം അഗ്‌നിരക്ഷാ സേനയെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.

 

Latest News