Sorry, you need to enable JavaScript to visit this website.

ലൈബ്രറികൾക്കായി ഒറ്റയാൾ പോരാട്ടം

പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ടു ചർച്ചകൾ സജീവമാകുന്ന ഒരു വേദിയിലും  ലൈബ്രറിയെ  മുഖ്യ ഘടകമായി ഉൾക്കൊള്ളാത്തത് എന്തു കൊണ്ടാണെന്ന ചോദ്യവുമായി സ്മിത പ്രമോദ്.
വായന ഒരു സംസ്‌കാരമാണ്. വളർന്നു വരുന്ന പുതു തലമുറയാണ് നാളെയുടെ വാഗ്ദാനങ്ങൾ. നാടിനെയും ചുറ്റുപാടിനെയും അറിഞ്ഞു വളരുന്ന ഒരു ബാല്യത്തിനേ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരൻമാരാകുവാൻ സാധിക്കുകയുള്ളൂവെന്ന് എഴുത്തുകാരിയും രാമപുരം ജെംസ് കോളേജ് ചീഫ് ലൈബ്രേറിയനുമായ സ്മിത പ്രമോദ് പ്രതികരിക്കുന്നു.സ്മിത പ്രമോദിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പദ്ധതിയിൽ ലൈബ്രറികൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്.പ്രൈമറി തലം മുതൽ തന്നെ ചെറിയ തോതിലെങ്കിലും വായനക്ക്  പ്രാധാന്യം നൽകുന്ന തരത്തിൽ ആഴ്ചയിൽ ഒരു പിരിയഡ് എങ്കിലും ലൈബ്രറിയിടം അത്യാവശ്യമാണ്. 


എന്നാൽ സ്‌കൂൾ തലങ്ങളിൽ ലൈബ്രറിയും യോഗ്യരായ ലൈബ്രേറിയൻമാരുമില്ല. എല്ലാ വിഷയങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ആവിഷ്‌കരിച്ച ഹയർ സെക്കണ്ടറി തലത്തിൽ പോലും ലൈബ്രറി സയൻസ്  പ്രധാന വിഷയമായി കാണാറില്ല. ലൈബ്രറിക്ക് പ്രാധാന്യം നൽകിക്കൊണ്ട്  ടൈം ടേബിൾ സ്‌കൂൾ തലത്തിലും, ഹയർ സെക്കണ്ടറി തലത്തിലും പതിവില്ല. എന്നാൽ ബിരുദതലത്തിലെ കാമ്പസുകളിൽ ലൈബ്രറി വളരെ പ്രാധാന്യത്തോടെ കണ്ടു വരാറുണ്ട്. പന്ത്രണ്ടു വർഷമായി കുട്ടികൾക്ക് പരിചയമില്ലാത്ത ഒരു ശീലം കേവലം മൂന്നു വർഷം കൊണ്ട് ശീലിപ്പിച്ചെടുക്കൽ വളരെ പ്രയാസമാണെന്ന് സ്മിത പ്രമോദ് പറഞ്ഞു. ലൈബ്രറി സയൻസിൽ ബിരുദവും, ബിരുദാനന്തര ബിരുദവും യോഗ്യതയായുള്ള എത്രയോ ഉദ്യോഗാർത്ഥികൾ തൊഴിൽ രഹിതരായി തന്നെ നിൽക്കുമ്പോൾ ആവശ്യത്തിൽ അധികം ജോലിഭാരം ഉള്ളവരായ മറ്റു വിഷയങ്ങൾ പഠിച്ച അധ്യാപകരെ ലൈബ്രറി ഏൽപ്പിക്കുന്ന പ്രവണത വർദ്ധിച്ച് വരുന്നുണ്ട്. 
വായനയെ പരിപോഷിപ്പിക്കുന്നതിനും, ലഹരി പോലുള്ള മറ്റു മോശം ചിന്തകളിലേക്ക് കുട്ടികൾ വഴി തെറ്റി പോവാതിരിക്കുവാൻ പഞ്ചായത്ത്, പൊതു വായനശാലകൾ സന്ദർശിക്കുന്നതിനും. വായനയുമായി ബന്ധപ്പെട്ട മത്സരങ്ങൾ , പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനും പാഠ്യപദ്ധതിയിൽ സമയം ഉൾക്കൊള്ളിക്കണമെന്നാണ് ആവശ്യം. പത്ര വായന പ്രോത്സാഹിപ്പിക്കണം. പൊതുവായ അറിവുകൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ലൈബ്രറികളിൽ ലഭ്യമാവണം. വായിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണം.

Latest News