യഥാർത്ഥത്തിൽ ജീവചരിത്രം എഴുതപ്പെടുന്നത് എങ്ങനെയുള്ളവരുടെതാണ്? തീർത്തും പ്രശസ്തനായ ഒരാളുടെ, അല്ലെങ്കിൽ സമൂഹത്തിൽ പ്രകടമായ എന്തെങ്കിലും സംഭാവന നൽകി മറഞ്ഞുപോയ ഒരാളുടെ, അതുമല്ലെങ്കിൽ അസാധാരണമായ എന്തോ ചിലത് ചെയ്ത് കടന്നുപോയ ഒരാളുടെ... എന്നാൽ ഇതൊന്നുമല്ലാത്ത ഒരാളുടെ ജീവിതം എഴുതപ്പെട്ടാൽ അതിൽ എന്തായിരിക്കും എന്ന കാര്യത്തിൽ ഒരു കൗതുകം അതേപ്പറ്റി അറിയുന്നവർക്ക് തോന്നുക സ്വാഭാവികം.
അത്തരത്തിൽ ഒരു പുസ്തകമാണ് വെള്ളിയോടന്റെ 'ഉപ്പയാണെന്റെ പ്രാർത്ഥന'. എൺപത്തിനാലോളം പേജുകൾ മാത്രമുള്ള ഒരു കുഞ്ഞു പുസ്തകം. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളെ പകർത്തിവെക്കുന്ന ഒരു പുസ്തകം. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ, ഉപ്പയാണ് എന്നതാണ് അങ്ങനെ ഒരു പുസ്തകം രചിക്കാൻ കാരണമായതും. ഒരു മകൻ പിതാവിനു നല്കുന്ന അർച്ചന അതാണ് 'ഉപ്പയാണെന്റെ പ്രാർത്ഥന'. തലച്ചോറുപേക്ഷിച്ച് ഹൃദയം കൊണ്ട് മാത്രം എഴുതപ്പെട്ട വാക്കുകൾ മഷികൊണ്ടല്ല, കണ്ണുനീർ കൊണ്ടാണ് എഴുതിയത് എന്ന് പറഞ്ഞാൽ അത് വെറും ആലങ്കാരിക പ്രയോഗം മാത്രമാവില്ല. പിതൃനഷ്ടത്താൽ മുറിവേറ്റ ഏതൊരു മനുഷ്യന്റേയും മുറിവുകളെ ഈ പുസ്തകത്തിലെ വരികൾ വീണ്ടും വീണ്ടും കുത്തിയടർത്തും. ആ മുറിവുകളങ്ങനെ പൊറ്റയടർന്ന് പഴുത്തു വീങ്ങി മാറാ വ്രണങ്ങളാവും. ആ നഷ്ടം അനുഭവിച്ചറിയാത്തവർ അത്തരം ഒരനുഭവം തേടിയെത്തുന്ന അവസ്ഥയോർത്ത് ഭയന്നു വിറക്കും. ഒരിക്കലും ഞങ്ങളുടെ മാതാപിതാക്കളെ ഞങ്ങളിൽ നിന്നും അകറ്റരുതേ ദൈവമേ എന്ന് ആവർത്തിച്ചുരുവിടും. വെള്ളിയോടൻ പുസ്തകത്തിൽ പറഞ്ഞതു പോലെ, ഇത് വായിക്കുന്ന മക്കൾ അച്ഛന്മാരെ സ്‌നേഹിക്കാൻ തുടങ്ങും; അമ്മയേയും. 'ഉപ്പയാണെന്റെ പ്രാർത്ഥന' എന്ന ഈ കുഞ്ഞു പുസ്തകം ഒരു മകനും പിതാവിനും ഇടയിലുള്ള ആത്മബന്ധം മാത്രമല്ല പങ്കുവെക്കുന്നത്. മൂന്നു തലമുറകളുടെ കഥകൾ കൂടെയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ഓരോന്നിന്റെയും കാലങ്ങളും മണ്ണും പ്രകൃതിയും അതിലൂടെ അനാവൃതമാകുന്നു.
വെള്ളിയോടന്റെ തന്നെ ഭാഷയിൽ ഒന്നാം തരം കഥപറച്ചിലുകാരനായിരുന്നല്ലോ. അത്തരം കഥകളിൽ നിന്നും ചില ഉദാഹരണങ്ങൾ കൂടി കഥാകൃത്ത് പറഞ്ഞു വെക്കുന്നു. മൂർഖനെ കണ്ട് ഞങ്ങൾ വലിയ നിലയിലാണെന്നും ഞങ്ങൾ കടിച്ചാലും നിങ്ങൾ മരിക്കും എന്നും തെറ്റിദ്ധരിച്ച ഞാഞ്ഞൂലുകളുടെ കഥയാണ് അക്കൂട്ടത്തിൽ ഏറ്റവും മനോഹരം. ഒത്തിരി ചിന്തിക്കാൻ അവസരം തരുന്നവയാണ് അത്തരത്തിൽ ഇതിലെ ഓരോ കഥയും.
ചുരുക്കത്തിൽ ഒരു മകൻ തന്റെ അച്ഛനു വേണ്ടി അർപ്പിക്കുന്ന ഏറ്റവും മനോഹരമായ അർച്ചനയാണ് ഈ പുസ്തകം. അതാകട്ടെ സ്‌നേഹം എന്ന വഴിപാടിലേക്ക് മാറ്റിവെക്കാനാവാത്തവിധം ഒരു പറ്റം മനുഷ്യരെ കൊണ്ടെത്തിച്ച്, വിസ്മയം തീർക്കാൻ മാത്രം കെൽപുള്ള അനുഭവങ്ങളാൽ കോർത്ത ജപമാലയാണ്, പ്രാർത്ഥനയെന്ന ചരടിലാണത് കോർക്കപ്പെട്ടിരിക്കുന്നത്.
'ഉപ്പയാണെന്റെ പ്രാർത്ഥന'
ഹരിതം ബുക്‌സ്, വില 120 രൂപ






