ലോകകപ്പ് ഫൈനലില്‍ സാധാരണ ഏറ്റവും പരിചയസമ്പന്നരായ, വിശ്വസ്തരായ കളിക്കാരെയാണ് ഓരോ ടീമും ഇറക്കുക. എന്നാല്‍ 2014 ലെ ഫൈനലില്‍ ജര്‍മനി ഒരു പുതിയ കളിക്കാരനെ ആദ്യമായി സ്റ്റാര്‍ടിംഗ് ഇലവനില്‍ ഉള്‍പെടുത്തി. ക്രിസ്റ്റഫര്‍ ക്രാമറായിരുന്നു ലോകം ഉറ്റുനോക്കിയ കളിയില്‍ രാജ്യത്തിനായി ആദ്യമായി ഫസ്റ്റ് ഇലവനില്‍ സ്ഥാനംപിടിച്ചത്. (ലോകകപ്പിന് മുമ്പ് ഒരു സന്നാഹ മത്സരം കളിച്ചിരുന്നു ക്രാമര്‍, ലോകകപ്പില്‍ 12 മിനിറ്റ് സബ്‌സ്റ്റിറ്റിയൂട്ടായും കളിച്ചിരുന്നു). ഫൈനലിന് മുമ്പ് ടീം വാംഅപ് ചെയ്യുമ്പോള്‍ സാമി ഖദീറക്ക് പരിക്കേറ്റതാണ് പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ ജര്‍മന്‍ കോച്ച് ജോക്കിം ലോവിനെ പ്രേരിപ്പിച്ചത്. രണ്ട് കളിക്കാര്‍ മാത്രമാണ് ലോകകപ്പ് ഫൈനലില്‍ രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. 1950 ലെ ലോകകപ്പില്‍ ഉറുഗ്വായുടെ റൂബന്‍ മോറനായിരുന്നു ആദ്യത്തെ ആള്‍.
ക്രാമര്‍ ആദ്യ പകുതി പോലും പൂര്‍ത്തിയാക്കിയില്ല. അര്‍ജന്റീനയുടെ എസക്വീല്‍ ഗരായുമായി കൂട്ടിയിടിച്ച് ക്രാമറുടെ തലക്ക് പരിക്കേറ്റു. കുട്ടിയിടിയില്‍ ക്രാമര്‍ക്ക് ബോധക്ഷയമുണ്ടായോ എന്ന് സംശയമുണ്ടായി. കൂട്ടിയിടി കഴിഞ്ഞ് 14 മിനിറ്റിനു ശേഷം തന്നെ സമീപിച്ച് റഫറീ, ഇത് ഫൈനലാണോ എന്ന ക്രാമര്‍ ചോദിച്ചതായി ഫൈനല്‍ നിയന്ത്രിച്ച നികോള രിസോളി പിന്നീട് വെളിപ്പെടുത്തി. ഞെട്ടിപ്പോയ റഫറി ഇക്കാര്യം ജര്‍മനിയുടെ ബാസ്റ്റിയന്‍ ഷ്വയ്ന്‍സ്റ്റീഗറെ അറിയിക്കുകയും ക്രാമറിനു പകരം ആന്ദ്രെ ഷുര്‍ലെ ഇറങ്ങുകയും ചെയ്തു. ഷുര്‍ലെയുടെ പാസില്‍ നിന്നാണ് മാരിയൊ ഗോട്‌സെ എക്‌സ്ട്രാ ടൈമില്‍ വിജയ ഗോളടിച്ചത്. ക്രാമര്‍ ലോകകപ്പ് ചാമ്പ്യനായെങ്കിലും ഇന്റര്‍നാഷനല്‍ കരിയര്‍ അധികം നീണ്ടുനിന്നില്ല.
ജര്‍മനിയുടെ പതിവ് ജഴ്‌സി വെള്ളയാണ്. എന്നാല്‍ 2014 ലെ ലോകകപ്പിന് അവര്‍ ഒരുങ്ങിത്തന്നെയാണ് അവര്‍ വന്നത്. വെള്ള ഉപയോഗിക്കാന്‍ പറ്റാത്ത കളിയിലേക്കുള്ള ചെയ്ഞ്ച് ജഴ്‌സിയായി അവര്‍ ഡിസൈന്‍ ചെയ്തത് ചുവപ്പും കറുപ്പും വരകളായിരുന്നു. സാധാരണ പച്ചയാണ് ജര്‍മനി എവേ ജഴ്‌സിയായി ഉപയോഗിക്കാറ്. തന്ത്രപൂര്‍വമായിരുന്നു ചുവപ്പും കറുപ്പും തെരഞ്ഞെടുത്തത്. ബ്രസീലിലെ ഏറ്റവും ജനപ്രിയ ക്ലബ്ബായ ഫഌമംഗോയുടെ ജഴ്‌സിയുടെ നിറമായിരുന്നു അത്. കളിക്കളത്തിലിറങ്ങും മുമ്പെ ഫഌമംഗൊ ആരാധകരെ കൈയിലെടുക്കാന്‍ ജര്‍മനിക്ക് സാധിച്ചു. സെമി ഫൈനലില്‍ ബ്രസീലിനെ ജര്‍മനി നേരിട്ടത് ഈ ജഴ്‌സിയിലായിരുന്നു.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരായ ലിയണല്‍ മെസ്സിയും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും സമീപകാലം വരെ നെയ്മാറും കളിച്ചത് സ്പാനിഷ് ലീഗിലാണ്. എന്നാല്‍ 2014 ല്‍ ലോകകപ്പ് നേടിയ ജര്‍മനി ടീമില്‍ സ്പാനിഷ് ലീഗില്‍ നിന്ന് ഒരു കളിക്കാരനേ ഉണ്ടായിരുന്നുള്ളൂ, സാമി ഖദീറ. സ്‌പെയിനില്‍ കളിക്കുന്ന ഒരാള്‍ ജര്‍മന്‍ ടീമിലെത്തുന്നത് 32 വര്‍ഷത്തിനു ശേഷമായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ സ്‌പെയിനില്‍ കളിക്കുന്ന മൂന്നു പേരേ ജര്‍മന്‍ ടീമില്‍ കളിച്ചിട്ടുള്ളൂ, ഗുന്തര്‍ നെസ്റ്ററും (1974) യൂളി സ്റ്റീലികെയുമാണ് (1982) മറ്റുള്ളവര്‍. നെസ്റ്ററും സ്റ്റീലികെയും ഖദീറയും റയല്‍ മഡ്രീഡ് കളിക്കാരായിരുന്നു.
2014 ലെ ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മന്‍ ഡിഫന്റര്‍മാര്‍ നാലു പേരുടെ ശരാശരി ഉയരം 1.92 മീറ്ററായിരുന്നു. ആറടി മൂന്നിഞ്ച്. ഇന്ത്യന്‍ പുരുഷന്റെ ശരാശരി ഉയരത്തെക്കാള്‍ 20 സെ.മീ കൂടുതല്‍. അതില്‍ പെര്‍ മെര്‍റ്റസാക്കറുടെ ഉയരം 1.98 മീറ്ററായിരുന്നു.