ആദ്യ റൗണ്ടിലെ യുവ താരങ്ങള്‍

ദോഹ - ആദ്യ റൗണ്ടില്‍ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി യുവതാരങ്ങളുണ്ട്. ടയ്‌ലര്‍ ആഡംസ് (അമേരിക്ക), കോഡി ഗാക്‌പൊ (നെതര്‍ലാന്റ്‌സ്), എന്‍സൊ ഫെര്‍ണാണ്ടസ് (അര്‍ജന്റീന), ജൂഡ് ബെലിംഗാം (ഇംഗ്ലണ്ട്), ജോസ്‌കൊ ഗ്വാര്‍ദിയോള്‍ (ക്രൊയേഷ്യ) എന്നിവര്‍ വേറിട്ട് നില്‍ക്കുന്നു. 
ആഡംസ് ലോകകപ്പിന് തൊട്ടുമുമ്പാണ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടത്. കളിക്കളത്തില്‍ മാത്രമല്ല, ഇറാനെതിരായ മത്സരത്തിന് മുമ്പ് ചോദ്യശരങ്ങള്‍ നേരിട്ടപ്പോഴും ഇരുപത്തിമൂന്നുകാരന്‍ മിഡ്ഫീല്‍ഡര്‍ പതറിയില്ല. ലോകകപ്പിന് മുമ്പ് ഇരുപത്തൊന്നുകാരന്‍ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥാനം നേടിയിരുന്നില്ല. പോളണ്ടിനെതിരെയാണ് സ്റ്റാര്‍ടിംഗ് ഇലവനിലെത്തിയത്. ലിയണല്‍ മെസ്സി കഴിഞ്ഞാല്‍ അര്‍ജന്റീനയുടെ പ്രായം കുറഞ്ഞ ലോകകപ്പ് സ്‌കോററാണ്. പത്തൊമ്പതുകാരന്‍ ബെലിംഗാമിന് ഇത് രണ്ടാമത്തെ പ്രധാന ടൂര്‍ണമെന്റാണ്. 

ജോസ്‌കൊ ഗ്വാര്‍ദിയോള്‍ (ക്രൊയേഷ്യ). 20 വയസ്സേ ഉള്ളൂ എങ്കിലും യൂറോപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സെന്റര്‍ബാക്കാണ്. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളില്‍ ക്രൊയേഷ്യ ഒരു ഗോളേ വഴങ്ങിയുള്ളൂ. ജര്‍മന്‍ ലീഗില്‍ ലെയ്പ്‌സിഷിന് കളിക്കുമ്പോള്‍ പരിക്കേറ്റതിനാല്‍ മുഖകവചമണിഞ്ഞാണ് കളിക്കുന്നത്.
കോഡി ഗാക്‌പൊ (നെതര്‍ലാന്റ്‌സ്). ഇരുപത്തിമൂന്നുകാരന്‍ നെതര്‍ലാന്റ്‌സിന്റെ മൂന്ന് ഗ്രൂപ്പ് മത്സരത്തിലും സ്‌കോര്‍ ചെയ്തു. ഗോള്‍വലക്ക് മുന്നിലെത്തുമ്പോള്‍ ചാഞ്ചല്യമില്ല. രണ്ടു കാലു കൊണ്ടും ഷൂട്ട് ചെയ്യാനാവും. 

Latest News