ദോഹ - ആദ്യ റൗണ്ടിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കി ടീം ഓഫ് ദ ഫസ്റ്റ് റൗണ്ടിനെ അസോസിയേറ്റഡ് പ്രസ് പ്രഖ്യാപിച്ചു.
ഗോള്‍കീപ്പര്‍: വോയ്‌സിയേഷ് ചെസ്‌നി (പോളണ്ട്). സൗദി അറേബ്യക്കും അര്‍ജന്റീനക്കുമെതിരെ രണ്ട് പെനാല്‍ട്ടികള്‍ തടുത്തു. സാലിം അല്‍ദോസരിയുടെ പെനാല്‍ട്ടി തടുത്ത ശേഷം റീബൗണ്ടും കുത്തിയുയര്‍ത്തിയത് ഈ ലോകകപ്പിലെ ഗോള്‍കീപ്പറുടെ ഏറ്റവും മികച്ച പ്രകടനമാണ്. ഏറ്റവും കൂടുതല്‍ (18) സെയ്‌വ്.
റൈറ്റ് ബാക്ക്: അശ്‌റഫ് ഹകീമി (മൊറോക്കൊ). വലതു വിംഗില്‍ നിരന്തരമായി ആക്രമിച്ചു കയറി. ഒപ്പം 13 ടാക്ലിംഗുകള്‍ നടത്തി. രണ്ട് ഗോളിന് വഴിയൊരുക്കി. കാനഡക്കെതിരായ നിര്‍ണായക മത്സരത്തില്‍ യൂസുഫ് അന്നസീരിയുടെ ഗോളിന്റെ സൂത്രധാരന്‍.
ലെഫ്റ്റ്ബാക്ക്: അല്‍ഫോണ്‍സൊ ഡേവിസ് (കാനഡ). ബെല്‍ജിയത്തിനെതിരെ ഉജ്വല ഫോമിലായിരുന്നുവെങ്കിലും പെനാല്‍ട്ടി പാഴാക്കി. കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ഗോളിനുടമ.
സെന്റര്‍ബാക്ക്: ജോസ്‌കൊ ഗ്വാര്‍ദിയോള്‍ (ക്രൊയേഷ്യ). 20 വയസ്സേ ഉള്ളൂ എങ്കിലും യൂറോപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സെന്റര്‍ബാക്കാണ്. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളില്‍ ക്രൊയേഷ്യ ഒരു ഗോളേ വഴങ്ങിയുള്ളൂ. ജര്‍മന്‍ ലീഗില്‍ ലെയ്പ്‌സിഷിന് കളിക്കുമ്പോള്‍ പരിക്കേറ്റതിനാല്‍ മുഖകവചമണിഞ്ഞാണ് കളിക്കുന്നത്.
സെന്റര്‍ബാക്ക്: ഹാരി സൂട്ടര്‍ (ഓസ്‌ട്രേലിയ). ഏറ്റവും ഉയരമുള്ള ഔട്ഫീല്‍ഡ് കളിക്കാരന്‍. ആറടി ആറിഞ്ച് ഉയരം. ശസ്ത്രക്രിയ കഴിഞ്ഞു വന്നതേയുള്ളൂ എങ്കിലും ധീരമായി പ്രതിരോധിക്കാന്‍ മടിയില്ല.
മിഡ്ഫീല്‍ഡര്‍: കസിമീരൊ (ബ്രസീല്‍). ബ്രസീല്‍ പ്രതിരോധത്തിന് മുന്നിലെ കവചം. കളി നിയന്ത്രിക്കുന്നതില്‍ മിടുക്കന്‍. പൊസിഷനിംഗിലെ കഴിവ് കൊണ്ട് അപകടങ്ങള്‍ മുളയിലേ നുള്ളുന്നു. സ്വിറ്റ്‌സര്‍ലന്റിനെതിരെ വിജയഗോള്‍ നേടി.
മിഡ്ഫീല്‍ഡര്‍: ആന്റോയ്ന്‍ ഗ്രീസ്മാന്‍ (ഫ്രാന്‍സ്). അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെന്ന നിലയിലുള്ള പുതിയ ചുമതല ഭംഗിയായി നിര്‍വഹിച്ചു. 11 അവസരങ്ങള്‍ സൃഷ്ടിച്ചു. മറ്റാര്‍ക്കും ഇത്രയും സാധിച്ചിട്ടില്ല.
മിഡ്ഫീല്‍ഡര്‍: ബ്രൂണൊ ഫെര്‍ണാണ്ടസ് (പോര്‍ചുഗല്‍). ടീമിന്റെ അഞ്ചു ഗോളുകളില്‍ നാലിലും പങ്കുണ്ട്. നിരന്തരമായി ഓടി കളി നിയന്ത്രിക്കുന്നു.
ഫോര്‍വേഡ്: കോഡി ഗാക്‌പൊ (നെതര്‍ലാന്റ്‌സ്). ഇരുപത്തിമൂന്നുകാരന്‍ നെതര്‍ലാന്റ്‌സിന്റെ മൂന്ന് ഗ്രൂപ്പ് മത്സരത്തിലും സ്‌കോര്‍ ചെയ്തു. ഗോള്‍വലക്ക് മുന്നിലെത്തുമ്പോള്‍ ചാഞ്ചല്യമില്ല. രണ്ടു കാലു കൊണ്ടും ഷൂട്ട് ചെയ്യാനാവും.
ഫോര്‍വേഡ്: ലിയണല്‍ മെസ്സി (അര്‍ജന്റീന). അധിക സമയവും നടക്കുന്നു, പന്ത് കിട്ടിയാല്‍ പൊടുന്നനെ ജീവന്‍ വെക്കുന്നു. പോളണ്ടിനെതിരായ മത്സരത്തില്‍ പെനാല്‍ട്ടി പാഴാക്കിയെങ്കിലും തകര്‍പ്പന്‍ പ്രകടനം. രണ്ട് ഗോളടിച്ചു.
ഫോര്‍വേഡ്: കീലിയന്‍ എംബാപ്പെ (ഫ്രാന്‍സ്). കഴിഞ്ഞ ലോകകപ്പിലെ സൂപ്പര്‍താരം ഈ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടാണ് ലക്ഷ്യമിടുന്നത്. മൂന്നു ഗോളടിച്ചു. ഒലീവിയര്‍ ജിരൂവിന് അവസരം കൊടുക്കാന്‍ ഇടതു വിംഗില്‍ കളിക്കുന്നു. അത് തന്റെ സ്ഥിരം സ്ഥാനമെന്ന നിലയില്‍ കളിക്കുന്നു. 16 ഷോട്ടുകളാണ് ഗോളിനു നേരെ പായിച്ചത്. മറ്റാര്‍ക്കും ഇത്രയും സാധിച്ചിട്ടില്ല.






