ദോഹ - നെതര്‍ലാന്റ്സ്-അര്‍ജന്റീന സ്വപ്ന ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് അവസരമുണ്ടാവുമോ? അമേരിക്കയെ 3-1 ന് അനായാസം തോല്പിച്ച് നെതര്‍ലാന്റ്സ് അവസാന എട്ടിലെത്തി. അര്‍ജന്റീന പ്രി ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടുകയാണ്. അമേരിക്ക പുറത്തായതോടെ കോണ്‍കകാഫ് മേഖലയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രതിനിധികളുണ്ടാവില്ല.അടുത്ത ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിലൊന്നാണ് അമേരിക്ക.
പി ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ ആദ്യ പകുതിയില്‍ നെതര്‍ലാന്റ്സ് മറുപടിയില്ലാത്ത രണ്ടു ഗോളിന് മുന്നിലെത്തിയിരുന്നു. പത്താം മിനിറ്റില്‍ മെംഫിസ് ഡിപായിയുടെ ഗോളില്‍ നെതര്‍ലാന്റ്സ് ആദ്യ ഗോളടിച്ചു. പിന്നീട് അമേരിക്ക തുടര്‍ച്ചയായ രണ്ടവസരങ്ങള്‍ സൃഷ്ടിച്ച് ഡച്ച് നിരയെ വിറപ്പിക്കുന്നതിനിടയിലാണ് ഗാരി ബ്ലിന്റെ രണ്ടാം ഗോളടിച്ചത്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍. എഴുപത്താറാം മിനിറ്റില്‍ അമേരിക്കന്‍ ഗോളി മിന്നുന്ന സെയ്വ് നടത്തി ലീഡ് രണ്ടു ഗോളിലൊതുക്കി. എഴുപത്താറാം മിനിറ്റില്‍ ഹാജി റൈറ്റ് ഒരു ഗോള്‍ മടക്കിയതോടെ ഡച്ചിന് ആശങ്കയേറി. എന്നാല്‍ 81ാം മിനിറ്റില്‍ ഡെന്‍സല്‍ ഡെംഫ്രീസ് അവരുടെ ക്വാര്‍ട്ടര്‍ പ്രവേശനമുറപ്പാക്കി.






