യു.എ.ഇ പുതിയ 1000 ദിര്‍ഹം കറന്‍സി നോട്ട് പുറത്തിറക്കി

 
അബുദാബി - രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുതിയ 1000 ദിര്‍ഹം കറന്‍സി നോട്ട് പുറത്തിറക്കി. നൂതന രൂപകല്‍പ്പനകളും സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ച് പോളിമര്‍ കൊണ്ട് നിര്‍മിച്ച നോട്ട് നാഷനല്‍ കറന്‍സി പ്രോജക്റ്റിന്റെ മൂന്നാമത്തെ ഇഷ്യുവില്‍ നാലാമത്തേതാണെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

2023 ന്റെ ആദ്യ പകുതിയില്‍ സെന്‍ട്രല്‍ ബാങ്ക് ശാഖകളിലും എ.ടി.എമ്മുകളിലും നോട്ട് ലഭ്യമാകും. അതേസമയം, നിലവിലെ 1000 ദിര്‍ഹം നോട്ട് വിനിമയം തുടരും. നോട്ടിന്റെ മുന്‍വശത്ത് അന്തരിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രമാണ് പ്രധാനമായും പതിച്ചിട്ടുള്ളത്. തൊട്ടടുത്ത് ഒരു ബഹിരാകാശ പേടകത്തിന്റെ മാതൃകയുമുണ്ട്. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ 1976-ല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പയനിയര്‍മാരുമായി യു.എ.ഇയെ ബഹിരാകാശ പര്യവേക്ഷകരില്‍ ഉള്‍പ്പെടുത്താനുള്ള അഭിലാഷങ്ങള്‍ പ്രകടിപ്പിക്കാന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു.

2021ലെ എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ 'ഹോപ് പ്രോബ്' യാത്രയില്‍ 'എമിറേറ്റ്സ് മിഷന്‍ ടു എക്‌സ്‌പ്ലോര്‍ മാര്‍സ് - ദ് ഹോപ് പ്രോബ്' എന്ന തലക്കെട്ടിലുള്ള ചിത്രം നോട്ടിന്റെ മുകളില്‍ ഷെയ്ഖ് സായിദ് ചിത്രത്തിന് ഇടതുവശത്തായി പതിച്ചിട്ടുണ്ട്. ബഹിരാകാശത്തേയ്ക്കുള്ള ആദ്യ എമിറാത്തി ബഹിരാകാശ സഞ്ചാരിയുടെ വരവ് പ്രകടിപ്പിക്കാന്‍ നോട്ടിന്റെ ഇരുവശത്തും സുരക്ഷാ ചിഹ്നമായി ചേര്‍ത്തു. അബുദാബിയിലെ ബറക ആണവോര്‍ജ നിലയത്തിന്റെ ചിത്രവും നോട്ടിന്റെ മറുവശത്ത് കാണാം.

 

Tags

Latest News